രാജ്‌കോട്ട്: രണ്ട് അരങ്ങേറ്റക്കാർ അടക്കം നാല് താരങ്ങൾ പത്ത് ടെസ്റ്റ് മത്സരങ്ങൾ പോലും കളിച്ചിട്ടില്ല. അമ്പതിലേറെ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ളത് ആകെ നായകൻ രോഹിത് ശർമയും രവീന്ദ്ര ജഡേജയും ആർ അശ്വിനും മാത്രം. എന്നിട്ടും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാർക്ക് പോലും സാധിക്കാതെ പോയ നേട്ടമാണ് രാജ്‌കോട്ടിൽ രോഹിത് ശർമ്മയും സംഘവും കൈവരിച്ചത്. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

വിരാട് കോലിയുടേയും കെ എൽ രാഹുലിന്റെയുമടക്കം അഭാവത്തിൽ താരതമ്യേന അനുഭവ സമ്പത്ത് കുറഞ്ഞ യുവനിരയുമായി ഇറങ്ങി ചരിത്ര ജയം സ്വന്തമാക്കാനായി. അതിൽ ഏഴ് ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള യശ്വസി ജയ്‌സ്വാൾ ഇരട്ട സെഞ്ചുറിയുമായി മിന്നിയപ്പോൾ അരങ്ങേറ്റ മത്സരം കളിച്ച സർഫറാസ് ഖാൻ രണ്ട് ഇന്നിങ്‌സിലും അർധ സെഞ്ചുറിയുമായാണ് തിളങ്ങിയത്. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലും ആദ്യ ഇന്നിങ്‌സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഒപ്പം കീപ്പിംഗിൽ മികവ് പ്രകടിപ്പിക്കാനായി. നിരാശപ്പെടുത്തിയത് മധ്യനിര ബാറ്റർ രജിത് പടിദാർ മാത്രമാണ്.

ഇന്ത്യ ഉയർത്തിയ 557 റൺസ് വിജയലക്ഷ്യത്തിലേക്ക് നട്ടെല്ല് നിവർത്തി പകരം ചോദിക്കാൻ ഇംഗ്ലണ്ട് നിരയിൽ ഒരാളുപോലുമുണ്ടായില്ല. ഇന്ത്യക്കു മുന്നിൽ തകർന്ന് തരിപ്പണമായിപ്പോയി ഇംഗ്ലണ്ട്. 39.4 ഓവർ മാത്രം കളിച്ച ഇംഗ്ലീഷ് ടീം രണ്ടാം ഇന്നിങ്സിൽ വെറും 122 റൺസ് ചേർത്ത് കളി ഇന്ത്യക്ക് മുന്നിൽ അടിയറ വെച്ചു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇതോടെ ഇന്ത്യ മുന്നിലെത്തി (2 - 1).

അഞ്ച് വിക്കറ്റുകൾ നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ബൗളിങ്ങിന്റെ ചുക്കാൻ പിടിച്ചത്. കുൽദീപ് യാദവ് രണ്ടും രവിചന്ദ്രൻ അശ്വിനും ജസ്പ്രീത് ബുംറയും ഓരോന്നും വിക്കറ്റുകൾ നേടി. 33 റൺസെടുത്ത മാർക്ക് വുഡാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (15), വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് (16), ടോം ഹാർട്ട്ലി (16), സാക് ക്രൗലി (11) എന്നിവർക്കേ രണ്ടക്കം കടക്കാനായുള്ളൂ. കഴിഞ്ഞ ഇന്നിങ്സിലെ സെഞ്ചുറിക്കാരൻ ബെൻ ഡക്കറ്റ് (4), ഓലീ പോപ്പ് (3), ജോ റൂട്ട് (7), ജോണി ബെയർസ്റ്റോ (4), റിഹാൻ അഹ്‌മദ് (പൂജ്യം), ജെയിംസ് ആൻഡേഴ്സൻ (1*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകൾ.

രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 434 റൺസിന്റെ ജയം ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ റെക്കോർഡ് വിജയമാണ്. റൺസുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ നേടുന്ന എക്കാലത്തെയും വലിയ വിജയം. 2021ൽ ന്യൂസിലൻഡിനെതിരെ മുംബൈയിൽ 372 റൺസിന് ജയിച്ചതായിരുന്നു ഇതിന് മുമ്പ് റൺസുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം.

2015ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഡൽഹിയിൽ 337 റൺസിനും 2016ൽ ന്യൂസിലൻഡിനെതിരെ ഇൻഡോറിൽ 321 റൺസിനും 2008ൽ മൊഹാലിയിൽ ഓസ്‌ട്രേലിയക്കെതിരെ 320 റൺസിനും ജയിച്ചതാണ് ടെസ്റ്റിൽ ഇന്ത്യയുടെ മറ്റ് വലിയ മഹാ വിജയങ്ങൾ.

അതേസമയം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ തോൽവിയും കഴിഞ്ഞ 90 വർഷത്തിനിടയിലെ ഏറ്റവും വലിയ തോൽവിയുമാണിത്. 1934ൽ ഓവലിൽ ഓസ്‌ട്രേലിയക്കെതിരെ 562 റൺസിന് തോറ്റതാണ് റൺസുകളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ തോൽവി.

ഇന്ത്യക്കായി ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റും സെഞ്ചുറിയും നേടുന്ന നാലാമത്തെ താരമാണ് രവീന്ദ്ര ജഡേജ. ഇത് രണ്ടാം തവണയാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കുന്നത്. അശ്വിന് ശേഷം ഈ നേട്ടം ഒന്നിൽ കൂടുതൽ തവണ സ്വന്തമാക്കുന്ന താരവും ജഡേജയാണ്.

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് തവണയും ഇംഗ്ലണ്ടിനെതിരെ ഒരു തവണയും ആർ ആശ്വിൻ സെഞ്ചുറിയും അഞ്ച് വിക്കറ്റും വീഴ്‌ത്തിയപ്പോൾ ശ്രീലങ്കക്കെതിരെ 2022ൽ രവീന്ദ്ര ജഡേജ സെഞ്ചുറിയും അഞ്ച് വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്.

ക്യാപ്റ്റനെന്ന നിലയിൽ ഇംഗ്ലണ്ട് നാകൻ ബെൻ സ്റ്റോക്‌സ് തുടർച്ചയായി രണ്ട് ടെസ്റ്റുകളിൽ തോൽക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2023ൽ എഡ്ജ്ബാസ്റ്റണിലും ലോർഡ്‌സിലും ഓസ്‌ട്രേലിയയോട് തോറ്റതായിരുന്നു ആദ്യത്തേത്.