- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിറ്റ്നസ് വീണ്ടെടുത്ത കെ.എൽ. രാഹുൽ കളിക്കും; രജത് പട്ടീദാർ പുറത്തേക്ക്; പേസർ ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം; അശ്വിന്റെ കാര്യവും ഉറപ്പില്ല; ആകാശ് ദീപ് സിങ് അരങ്ങേറിയേക്കും; റാഞ്ചി ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റത്തിന് സാധ്യത
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റത്തിന് സാധ്യത. മധ്യനിര ബാറ്റർ കെ.എൽ. രാഹുൽ പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തും. നിലവിലെ ടീമിൽ രാഹുലും ഉണ്ടെങ്കിലും പരുക്ക് പൂർണമായും മാറാത്തതിനാൽ താരത്തെ മൂന്നാം ടെസ്റ്റ് കളിപ്പിച്ചിരുന്നില്ല. രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്ത സാഹചര്യത്തിലാണ് ടീമിലേക്കുള്ള മടങ്ങിവരവ്. ഇതോടെ നാലാം നമ്പറിൽ ഇന്ത്യക്ക് കരുത്തേറും. യുവതാരം രജത് പട്ടീദാർ ടീമിനു പുറത്താകാനാണു സാധ്യത. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും മികച്ച പ്രകടനം നടത്താൻ താരത്തിനു സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പട്ടീദാറിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നത്.
യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, സർഫറാസ് അഹമ്മദ് എന്നിവർ മികച്ച ഫോമിലാണു കളിക്കുന്നത്. മൂവരും അടുത്ത മത്സരങ്ങൾക്കും പ്ലേയിങ് ഇലവനിൽ ഉണ്ടാകും. അതേസമയം പേസർ ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചേക്കും. ഇന്ത്യൻ പ്രീമിയർ ലീഗും ട്വന്റി20 ലോകകപ്പും അടുത്തതിനാൽ താരത്തിന്റെ ജോലിഭാരം കുറയ്ക്കുകയാണു ബിസിസിഐയുടെ ലക്ഷ്യം. നാലാം ടെസ്റ്റിന്റെ ഫലം കൂടി അനുസരിച്ചാകും അഞ്ചാം മത്സരത്തിൽ താരം കളിക്കുന്ന കാര്യം തീരുമാനിക്കുക.
പരമ്പരയിൽ നിലവിൽ ഇന്ത്യ 2 - 1ന് മുന്നിലാണ്. റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റ് വിജയിച്ചാൽ പരമ്പര ഇന്ത്യയ്ക്കു സ്വന്തമാകും. അങ്ങനെയെങ്കിൽ ധരംശാലയിലെ അവസാന പോരാട്ടത്തിലും ബുമ്രയ്ക്കു വിശ്രമം ലഭിക്കും. എന്നാൽ മറിച്ചാണെങ്കിൽ പേസർമാരെ തുണക്കുമെന്ന് കരുതുന്ന ധരംശാലയിൽ ബുമ്ര ടീമിൽ തിരിച്ചെത്തും. 17 വിക്കറ്റുമായി പരമ്പരയിൽ ഏറ്റവും കൂടതൽ വിക്കറ്റെടുത്ത ബൗളറാണ് നിലവിൽ ബുമ്ര.
ബുമ്ര കളിച്ചില്ലെങ്കിൽ പകരക്കാരനായി പുതിയ താരം വരാൻ സാധ്യതയില്ല. ബുമ്രക്ക് പകരം ആരെയും ടീമിലുൾപ്പെടുത്താനിടയില്ലെന്നാണ് കരുതുന്നത്. ടീമിലുണ്ടായിരുന്ന മുകേഷ് കുമാറിനെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. മുഹമ്മദ് സിറാജിനൊപ്പം യുവതാരം ആകാശ്ദീപ് സിങ്ങിന് അരങ്ങേറാൻ അവസരം ലഭിച്ചേക്കും.
സ്പിന്നർ രവിചന്ദ്രൻ അശ്വിൻ റാഞ്ചി ടെസ്റ്റിൽ കളിക്കുമോയെന്ന കാര്യത്തിലും ബിസിസിഐ തീരുമാനമെടുത്തിട്ടില്ല. മൂന്നാം ടെസ്റ്റിനിടെ അമ്മയ്ക്ക് അസുഖം ബാധിച്ചതിനാൽ താരം ചെന്നൈയിലേക്കു മടങ്ങിയിരുന്നു. ഞയാറാഴ്ച രാജ്കോട്ടിലെത്തി താരം മത്സരത്തിന്റെ ഭാഗമായി. 23നാണ് റാഞ്ചി ടെസ്റ്റ് ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അശ്വിൻ ടീമിൽ കളിക്കാനാണ് സാധ്യതയെന്നാണ് കരുതുന്നത്. പരമ്പരയിൽ പതിവു ഫോമിലേക്ക് ഉയരാൻ കഴിയാതിരുന്ന അശ്വിൻ രാജ്കോട്ട് ടെസ്റ്റിൽ 500 വിക്കറ്റെന്ന നാഴിക്കക്കല്ല് പിന്നിട്ടിരുന്നു.
സ്പോർട്സ് ഡെസ്ക്