- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ വിക്കറ്റിന്റെ പ്രതിരോധക്കോട്ട കെട്ടി ആന്ധ്ര; കേരളത്തിന് സമനില കുരുക്ക്
വിശാഖപട്ടണം: രഞ്ജി ട്രോഫിയിൽ ആന്ധ്രപ്രദേശിനെതിരെ ഇന്നിങ്സ് ജയം ലക്ഷ്യമിട്ട കേരളത്തിന് സമനിലയുടെ നിരാശ. 242 റൺസിന്റെ ലീഡ് നേടിയ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ ആന്ധ്ര ഒമ്പത് വിക്കറ്റിന് 189 റൺസ് എന്ന നിലയിൽ നിൽക്കെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
ആന്ധ്ര ഒന്നാം ഇന്നിങ്സിൽ 272 റൺസാണ് നേടിയത്. ബേസിൽ തമ്പി നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ കേരളം ഏഴിന് 514 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 242 റൺസിന്റെ ലീഡാണ് കേരളം നേടിയിരുന്നത്. അക്ഷയ് ചന്ദ്രൻ (184), സച്ചിൻ ബേബി (113) എന്നിവരുടെ ഇന്നിങ്സാണ് കേരളത്തെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
പിന്നീട് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ആന്ധ്ര അവസാന വിക്കറ്റിൽ പ്രതിരോധിച്ച് നിന്നതോടെ കേരളത്തിന് സമനില വഴങ്ങേണ്ടി വന്നു. ബേസിൽ തമ്പി, ബേസിൽ എൻ പി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അവസാന മത്സരവും സമനിലയിൽ കലാശിച്ചതോടെ രഞ്ജി സീസണിൽ ഒരേ ഒരു ജയം മാത്രമെ കേരളത്തിന്റെ അക്കൗണ്ടിലുള്ളു. കേരളം നേരത്തെ തന്നെ നോക്കൗട്ട് കാണാതെ പുറത്തായിരുന്നു.
തകർച്ചയോടെയാണ് ആന്ധ്ര തുടങ്ങിയത്. ഒരു ഘട്ടത്തിൽ മൂന്നിന് 43 എന്ന നിലയിലായിരുന്നു അവർ. രേവന്ദ് റെഡ്ഡി (5), മഹീഹ് കുമാർ (13), റിക്കി ബുയി എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. പിന്നീട് അശ്വിൻ ഹെബ്ബാർ (72) കരൺ ഷിൻഡെ (26) സഖ്യം 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഷിൻഡെയെ പുറത്താക്കി ബേസിൽ എൻ പി കേരളത്തിന് ബ്രേക്ക് ത്രൂ നൽകി. ഹെബ്ബാറിനെ ബേസിൽ തമ്പിയും മടക്കിയയച്ചു. ഹനുമ വിഹാരി (5) അൽപനേരം പിടിച്ചുനിന്നെങ്കിലും കാര്യമുണ്ടായില്ല.
അവസാനമെത്തിയ ഷെയ്ഖ് റഷീദ് (36) ബേസിൽ തമ്പിയുടെ പന്തിൽ ബൗൾഡാവുകയും ചെയ്തു. ഇതോടെ ഏഴിന് 166ലേക്ക് പതിച്ചു ആന്ധ്ര. എന്നാൽ ഷോയ്ബ് മുഹമ്മദ് ഖാൻ (93 പന്തിൽ 11) ഒരറ്റത്ത് ഉറച്ചുനിന്നതോടെ ആന്ധ്ര സമനില പിടിച്ചുവാങ്ങി. ഗിരിനാഥ് റെഡ്ഡി (0), മനീഷ് ഗോൽമാരു (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. രാജു (0) അവസാന ഘട്ടത്തിൽ പിടിച്ചുനിന്നു.
സച്ചിൻ ബേബിക്കും അക്ഷയ് ചന്ദ്രനും പുറമെ സൽമാൻ നിസാറും(58), മുഹമ്മദ് അസ്ഹ്റുദ്ദീൻ (41 പന്തിൽ 40) എന്നിവരും കേരളത്തിനായി ബാറ്റിംഗിൽ തിളങ്ങി. ആന്ധ്രക്ക് വേണ്ടി മനീഷ് ഗോലമാരു നാലു വിക്കറ്റ് വീഴ്ത്തി. നോക്കൗട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച കേരളം കഴിഞ്ഞ മത്സരത്തിൽ ബംഗാളിനെ തകർത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.
റൺവേട്ടക്കാരിൽ രണ്ടാമൻ
രഞ്ജി ട്രോഫി ഈ സീസണിലെ റൺവേട്ടക്കിൽ കേരളത്തിന്റെ സച്ചിൻ ബേബി രണ്ടാം സ്ഥാനത്തെത്തി. ആന്ധ്ര പ്രദേശിനെതിരെ (113) സെഞ്ചുറി നേടിയതോടെയാണ് സച്ചിൻ ബേബി രണ്ടാമതെത്തിയത്. 12 ഇന്നിങ്സിൽ നിന്ന് 830 റൺസാണ് 35കാരൻ നേടിയത്. നാല് വീതം സെഞ്ചുറിയും അർധ സെഞ്ചുറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. അസമിനെതിരെ നേടിയ 131 റൺസാണ് ഉയർന്ന സ്കോർ. 83 ശരാശരിയിലാണ് സച്ചിൻ ബേബിയുടെ നേട്ടം.
ആന്ധ്രയുടെ തന്നെ ക്യാപ്റ്റൻ റിക്കി ഭുയി മാത്രമാണ് സച്ചിന്റെ മുന്നിലുള്ളത്. 11 ഇന്നിങ്സിൽ നിന്ന് 861 റൺസാണ് ഭുയി നേടിയത്. നാല് സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും ഭുയിയുടെ അക്കൗണ്ടിലുണ്ട്. 86.01 ശരാശരിയിലാണ് നേട്ടം. ഇന്ത്യൻ താരം ചേതേശ്വർ പൂജാരയും സച്ചിൻ ബേബിക്ക് പിന്നിലണ്. 11 ഇന്നിങ്്സിൽ നിന്ന് 781 റൺസാണ് പൂജാര നേടിയത്. പുറത്താവാതെ നേടിയ 243 റൺൺസാണ് ഉയർന്ന സ്കോർ. മൂന്ന് സെഞ്ചുറികളും രണ്ട് അർധ സെഞ്ചുറികളും പൂജാര നേടി.
10 ഇന്നിങ്സുകളിൽ ആറ് ഇന്നിങ്സിൽ നിന്ന് 775 റൺസ് നേടിയ തമിഴ്നാട് താരം എൻ ജഗദീഷനാണ് നാലാം സ്ഥാനത്ത്. 321 റൺസാണ് ജഗദീഷന്റെ മികച്ച സ്കോർ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും താരം നേടി. ഉത്തർ പ്രദേശിനെതിരെ 38 റൺസ് നേടികൊണ്ടാണ് സച്ചിൻ സീസൺ തുടങ്ങിയത്. രണ്ടാം ഇന്നിങ്സിൽ ഒരു റൺസുമായി പുറത്താവാത നിന്നു. രണ്ടാം മത്സരത്തിൽ അസമിനെതിരെ 35കാരൻ സെഞ്ചുറി നേടി. 135 റൺസായിരുന്നു സമ്പാദ്യം. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനെത്തിയില്ല.
മുംബൈക്കെതിരെ ആദ്യ ഇന്നംഗ്സിൽ 65 റൺസും രണ്ടാം ഇന്നിങ്സിൽ 12 റൺസിനും പുറത്തായി. പിന്നീട് നാലാം മത്സരത്തിൽ ബിഹാറിനെതിരെ ഒരു റൺസിന് പുറത്ത്. എന്നാൽ രണ്ടാം ഇന്നിംഗിസിൽ പുറത്താവാതെ 109 റൺസ് നേടി. ഛത്തീസ്ഗഡിനെതിരെ രണ്ട് ഇന്നിങ്സുകളിലും 90കളിലാണ് താരം മടങ്ങിയത്. ആദ്യ ഇന്നിങ്സിൽ 91 റൺസ് നേടിയ താരം, രണ്ടാം ഇന്നിങ്സിൽ 94 റൺസും നേടി. ബംഗാളിനെതിരെ 124, 51 എന്നിങ്ങനെയായിരുന്നു സച്ചിന്റെ സ്കോറുകൾ.