- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്കാലത്തേയും മികച്ച ഐപിഎൽ ടീമിൽ ഇടംപിടിക്കാതെ രോഹിത്; പതിനഞ്ചംഗ ടീമിനെ നയിക്കുക എം എസ് ധോണി; വിരാട് കോലിയും ഹാർദ്ദികുമടക്കം എട്ട് ഇന്ത്യൻ താരങ്ങൾ; മൂന്ന് വിൻഡീസ് താരങ്ങൾ ടീമിൽ
മുംബൈ: കഴിഞ്ഞ പതിനാറ് സീസണുകളിലായി മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ഉൾപ്പെടുത്തിയ എക്കാലത്തേയും മികച്ച ഐപിഎൽ ടീമിൽ ഇടംപിടിക്കാതെ ഇന്ത്യൻ നായകൻ രോഹിത് ശർമ. മികച്ച ഐപിഎൽ ടീമിന്റെ നായകനായി എം എസ് ധോണിയെ തെരഞ്ഞെടുത്തപ്പോൾ അഞ്ച് തവണ മുംബൈ ഇന്ത്യൻസിനെ ഐപിഎൽ കിരീടം ചൂടിച്ച രോഹിതിന് സ്ക്വാഡിൽ ഇടംപിടിക്കാനായില്ല.
പതിനഞ്ചംഗ ടീമിൽ ധോണിയടക്കം എട്ട് ഇന്ത്യൻ താരങ്ങളുണ്ട്. വിരാട് കോലി, സുരേഷ് റെയ്ന, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംമ്ര എന്നിവരാണ് ടീമിൽ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾ. മൂന്ന് വിൻഡീസ് താരങ്ങൾ ടീമിൽ ഇടംനേടിയപ്പോൾ ഓസ്ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നി രാജ്യക്കാരായ ഓരോ താരങ്ങൾ ഇടംപിടിച്ചു.
പിന്നിട്ട പതിനാറ് സീസണുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ നിന്നാണ് ഓൾടൈം ഐപിഎൽ ടീം തെരഞ്ഞെടുത്തത്. വസീം അക്രം, മാത്യു ഹെയ്ഡൻ, ടോം മൂഡി, ഡെയ്ൽ സ്റ്റെയ്ൻ എന്നിവർക്കൊപ്പം എഴുപത് മാധ്യമപ്രവർത്തകരും ചേർന്നാണ് പതിനഞ്ച് താരങ്ങളെ കണ്ടെത്തിയത്. ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച എം എസ് ധോണിയാണ് ഓൾടൈം ടീമിന്റെ ക്യാപ്റ്റൻ.
വിരാട് കോലിയും ഡേവിഡ് വാർണറുമാണ് ടീമിന്റെ ഓപ്പണർമാർ. മൂന്നാം നമ്പറിൽ വിൻഡീസ് ബാറ്റർ ക്രിസ് ഗെയ്ൽ വരുമ്പോൾ മധ്യനിരയിൽ ഇടംപിടിച്ചിരിക്കുന്നത് സുരേഷ് റെയ്ന, എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാർ യാദവ്, എം എസ് ധോണി എന്നിവരാണ്.
ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കീറോൺ പൊള്ളാർഡ് എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. റാഷിദ് ഖാൻ, സുനിൽ നരെയ്ൻ, യുസ്വേന്ദ്ര ചഹൽ എന്നിവർ സ്പിന്നർമാരായും ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര എന്നിവർ പേസർമാരായും ടീമിൽ ഇടംപിടിച്ചു. ക്യാപ്റ്റൻ സ്ഥാനത്തേക്ക് എം എസ് ധോണിക്ക് പകരം മറ്റൊരാളെ പരിഗണിച്ചു പോലുമില്ലെന്ന് വിദഗ്ധ സമിതിയിലെ അംഗങ്ങൾ പറയുന്നു.
എക്കാലത്തെയും മികച്ച ഐപിഎൽ ടീം: എം എസ് ധോണി (ക്യാപ്റ്റൻ), വിരാട് കോലി, ക്രിസ് ഗെയ്ൽ, ഡേവിഡ് വാർണർ, സുരേഷ് റെയ്ന, എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കീറോൺ പൊള്ളാർഡ്, റാഷിദ് ഖാൻ, സുനിൽ നരെയ്ൻ, യുസ്വേന്ദ്ര ചഹൽ, ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര.
സ്പോർട്സ് ഡെസ്ക്