മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ 'ഇരട്ട' ഡബിൾ സെഞ്ചുറിയുമായി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് യുവതാരം യശസ്വി ജയ്‌സ്വാൾ. പത്താം വയസ്സിൽ മുംബൈയിലെ തെരുവിൽ ആരംഭിച്ച ക്രിക്കറ്റ് ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ നേരിട്ട് പ്രതിസന്ധികൾ തരണം ചെയ്താണ് യുവതാരം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിശ്വസ്തനായി മാറുന്നത്. എന്നാൽ കരിയറിന്റെ തുടക്കത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ഒരു ഫോൺ വരുത്തിയ സ്വാധീനത്തെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് യശസ്വിയുടെ ആദ്യകാല പരിശീലകൻ ജ്വാല സിങ്.

യുവതാരത്തിന്റെ കരിയറിൽ വൻ മാറ്റങ്ങൾ കൊണ്ടുവന്നത് രോഹിത് ശർമയുടെ ഒരു ഫോൺ കോൾ ആണെന്നു യശസ്വിയുടെ ക്രിക്കറ്റ് ജീവിതത്തിൽ നിർണായകമായ ജ്വാല സിങ് പറയുന്നു. പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതാണ് രോഹിത് ശർമയുടെ രീതിയെന്നും ജ്വാല സിങ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

നാലോ അഞ്ചോ വർഷം മുമ്പാണ് അത് നടന്നത്. അന്ന് യശസ്വി മുംബൈ ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുകയായിരുന്നു. ഒരിക്കൽ മുംബൈയിലുണ്ടായിരുന്ന രോഹിത് ശർമ സഹതാരങ്ങളുടെ ആരുടെയോ ഫോണിൽ നിന്ന് യശസ്വിയുടെ ഫോണിലേക്ക് വിളിച്ചു. എനിക്ക് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ഞാനിപ്പോൾ നിൽക്കുന്ന സ്ഥാനത്ത് എത്തേണ്ടവനാണ് നീ എന്നായിരുന്നു രോഹിത് അന്ന് യശസ്വിയോട് പറഞ്ഞതിന്റെ ചുരുക്കം.

"യശസ്വി മുംബൈ ടീമിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണ്. ഒരിക്കൽ മുംബൈയിൽവച്ച് രോഹിത് ശർമ യശസ്വി ജയ്‌സ്വാളിന്റെ ഫോണിലേക്കു വിളിച്ചു. രോഹിത് ഇപ്പോൾ നിൽക്കുന്ന സ്ഥാനത്തേക്ക് എത്തേണ്ട താരമാണ് യശസ്വിയെന്നാണ് അന്നു പറഞ്ഞത്." ജ്വാല സിങ് വെളിപ്പെടുത്തി.

"രോഹിത് ശർമ വിളിച്ചതിനു പിന്നാലെ യശസ്വി എന്നെ ഇക്കാര്യം അറിയിച്ചു. അവൻ വലിയ ആവേശത്തിലായിരുന്നു. ഇപ്പോൾ അതേ രോഹിത് ശർമ ടീം ഇന്ത്യയിൽ യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയാണ്. അവർ തമ്മിൽ വളരെ അടുപ്പമുണ്ട്." ജ്വാല സിങ് പ്രതികരിച്ചു. ശുഭ്മൻ ഗില്ലിനെ വൺഡൗണായി ഇറക്കിയാണ്, ബിസിസിഐ യശസ്വി ജയ്‌സ്വാളിനെ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറാക്കിയത്.

തകർപ്പൻ പ്രകടനത്തോടെ താരം ടീമിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ 236 പന്തുകൾ നേരിട്ട ജയ്‌സ്വാൾ 214 റൺസുമായി പുറത്താകാതെനിന്നു. രണ്ടാം ഇന്നിങ്‌സിൽ 231 പന്തുകളിൽ നിന്നാണ് ജയ്‌സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു ജയ്‌സ്വാൾ അടിച്ചെടുത്തത്.

ഇന്ത്യക്കായി 13 ഇന്നംഗ്‌സുകളിൽ ഓപ്പണർമാരായി ഇറങ്ങിയ രോഹിത്തും ജയ്‌സ്വാളും ചേർന്ന് ഇതുവരെ രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകൾ അടക്കം 788 റൺസ് അടിച്ചെടുത്തിട്ടുണ്ട്. രാജ്‌കോട്ട് ടെസ്റ്റിൽ യശസ്വി ഇരട്ട സെഞ്ചുറി നേടിയെങ്കിലും സെഞ്ചുറിയും അഞ്ച് വിക്കറ്റും വീഴ്‌ത്തിയ രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ താരമായത്. വിശാഖപട്ടണത്തും ഇരട്ട സെഞ്ചുറി നേടിയപ്പോൾ ഒമ്പത് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരമായത്. മത്സരശേഷം യശസ്വിയെക്കുറിച്ച് അധികം അഭിനന്ദിക്കാൻ രോഹിത് തയാറാിരുന്നില്ല. അവനെക്കുറിച്ച് കുറേയേറെ പറഞ്ഞു കഴിഞ്ഞെന്നും അധികം പറയാനില്ലെന്നും രോഹിത് പറഞ്ഞിരുന്നു.