- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ സന്തോഷ വാർത്ത; കോലി സത്യം പറയുമ്പോൾ
ന്യൂഡൽഹി: വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും മാറി നിന്നതിന്റെ കാരണം പുറത്ത്. അതൊരു അഹങ്കാരമായിരുന്നില്ല. ഐപിഎല്ലിന് വേണ്ടി തയ്യാറെടുക്കാനുള്ള കള്ളക്കളിയും ആയിരുന്നില്ല. മറിച്ച് കുടുംബ ജീവിതത്തിലെ സന്തോഷത്തിനൊപ്പം നിൽക്കാനുള്ള മാറി നിൽക്കൽ. കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. ഇത് പുറംലോകത്ത് എത്തുമ്പോൾ മറ്റ് വിവാദങ്ങളും തീരുകയാണ്. അഹങ്കാരിയായ കോലി ഇന്ത്യ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കുന്നില്ലെന്ന തരത്തിൽ വലിയ വിവാദവും പ്രചരണവും നടന്നിരുന്നു.
ഈ മാസം 15നാണ് കുഞ്ഞു പിറന്നതെങ്കിലും ഇന്നാണ് വിരാട് അനുഷ്‌ക ദമ്പതികൾ ഇക്കാര്യം പരസ്യമാക്കിയത്. കുഞ്ഞിന് 'അകായ്' എന്നു പേരു നൽകിയതായും ഇരുവരും അറിയിച്ചു. തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിരാട് കോലി കുഞ്ഞു പിറന്ന കാര്യം ലോകത്തെ അറിയിച്ചത്. ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും കോലി അഭ്യർത്ഥിച്ചു. "ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വാമികയ്ക്ക് അകായ് എന്നൊരു കുഞ്ഞു സഹോദരൻ പിറന്ന കാര്യം അതിയായ സന്തോഷത്തോടും ഹൃദയം തുളുമ്പുന്ന സ്‌നേഹത്തോടും കൂടി ഞങ്ങൾ അറിയിക്കുന്നു' വിരാട് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
"ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ നിമിഷത്തിൽ നിങ്ങളുടെ ആശംസകളും ആശീർവാദവും ഞങ്ങൾക്കുണ്ടാകണം. ഈ ഘട്ടത്തിൽ ഞങ്ങളുടെ സ്വകാര്യതയെ ഏവരും മാനിക്കണമെന്നും വിനയത്തോടെ അഭ്യർത്ഥിക്കുന്നു. എല്ലാവരോടും സ്‌നേഹവും നന്ദിയും. വിരാട് ആൻഡ് അനുഷ്‌ക' കോലി കുറിച്ചു. ഈ സന്ദേശത്തോടെയാണ് വിവാദങ്ങളും തീരുന്നത്. ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം നിർണ്ണായക സമയങ്ങളിൽ ചെലവഴിക്കാനായിരുന്നു കോലി ഇന്ത്യൻ ടീമിൽ നിന്ന് മാറി നിന്നതെന്നും വ്യക്തം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽനിന്ന് കോലി പിന്മാറിയിരുന്നു. ഇതോടെ കോലി അനുഷ്‌ക ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കാൻ പോകുന്നുവെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കോലിയുടെ അടുത്ത സുഹൃത്തും ദക്ഷിണാഫ്രിക്കൻ താരവുമായ എ.ബി. ഡിവില്ലിയേഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഡിവില്ലിയേഴ്‌സ് തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞു. ഇതോടെ സംശയമായി.
അതിനിടെ കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യൻ ടീമിൽ ഭിന്നതയുണ്ടോ എന്ന സംശയവും എത്തി. ഇതിനാണ് വിരമമാകുന്നത്. ബിസിസിഐയുടെ സമ്മതത്തോടെയായിരുന്നു കോലി ടെസ്റ്റ് കളിക്കാതിരുന്നതെന്നും വ്യക്തമായി. 2017ലാണ് നീണ്ട കാലത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിരാട് കോലിയും അനുഷ്‌ക ശർമയും വിവാഹിതരായത്.
2021 ജനുവരി ഒന്നിന് കോലി അനുഷ്‌ക ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. മൂത്ത പെൺകുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരു നൽകിയത്. മൂത്ത കുഞ്ഞിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് വാമികയുടെ ഇളയ സഹോദരന്റെ പിറവി.