- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന പന്തിൽ വിജയ സിക്സർ പറത്തി മലയാളി താരം സജന സജീവൻ; അർധ സെഞ്ചുറിയുമായി യസ്തിക ഭാട്യയും ഹർമൻപ്രീത് കൗറും; ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യൻസ്
ബെംഗളൂരു: വനിത പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ അവിസ്മരണീയ വിജയം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ഇന്നിങ്സിലെ അവസാന പന്തിൽ മലയാളി താരം സജന സജീവന്റെ സിക്സർ ഫിനിഷിംഗിലാണ് മുംബൈ ഇന്ത്യൻസ് നാല് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്തത്.
ഡൽഹി ക്യാപിറ്റൽസ് വച്ചുനീട്ടിയ 172 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈക്കായി അവസാന ഓവറിൽ നേരിട്ട ആദ്യ പന്ത് സിക്സർ പറത്തി സജന വിസ്മയമാവുകയായിരുന്നു. സ്കോർ: ഡൽഹി ക്യാപിറ്റൽസ്- 171/5 (20), മുംബൈ ഇന്ത്യൻസ്- 173/6 (20). മുംബൈക്കായി യസ്തിക ഭാട്യയും ഹർമൻപ്രീത് കൗറും ഫിഫ്റ്റി നേടി.
മറുപടി ബാറ്റിംഗിൽ മുംബൈ ഇന്ത്യൻസ് വനിതകളുടെ തുടക്കം മോശമായിരുന്നു. സ്കോർ ബോർഡ് തുറക്കും മുമ്പ് ?ഹെയ്ലി മാത്യൂസ് (2 പന്തിൽ 0) മരിസാൻ കാപ്പിന്റെ പന്തിൽ മടങ്ങി. നാറ്റ് സൈവർ ബ്രണ്ടിനും (17 പന്തിൽ 19) കാര്യമായി സംഭാവന ചെയ്യാനായില്ല. ഇതിനകം ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന യസ്തിക ഭാട്യ സിക്സോടെ 35 പന്തിൽ അർധസെഞ്ചുറി തികച്ചതോടെ മുംബൈ പ്രതീക്ഷയിലായി. അരുന്ധതി റെഡ്ഡിയെ സിക്സർ ശ്രമത്തിനിടെ മരിസാൻ കാപ്പിന്റെ ക്യാച്ചിൽ യസ്തിക പുറത്തായി. യസ്തിക ഭാട്യ 45 പന്തിൽ 8 ഫോറും 2 സിക്സും സഹിതം 57 റൺസെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും അമേല്യ കേറും ക്രീസിൽ നിൽക്കേ ജയിക്കാൻ അവസാന നാല് ഓവറിൽ ഏഴ് വിക്കറ്റ് കയ്യിലിരിക്കേ 43 റൺസ് വേണമായിരുന്നു.
എന്നാൽ അമേല്യ കേറിനെ (18 പന്തിൽ 24) 18ാം ഓവറിലെ അവസാന പന്തിൽ ശിഖ പാണ്ഡെ പറഞ്ഞയച്ചു. 32 പന്തിൽ സിക്സോടെ ഹർമൻ 50 തികച്ചെങ്കിലും അലീസ് ക്യാപ്സിയുടെ അവസാന ഓവറിലെ ആദ്യ പന്തിൽ പൂജ വസ്ത്രകർ (3 പന്തിൽ 1) വീണു. അഞ്ചാം പന്തിൽ ഹർമനും (34 പന്തിൽ 55) മടങ്ങിയതോടെ ട്വിസ്റ്റ്. എന്നാൽ അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്ന 5 റൺസ് സിക്സോടെ ഫിനിഷ് ചെയ്ത മലയാളി താരം സജന മുംബൈ ഇന്ത്യൻസിന് വിജയത്തുടക്കം സമ്മാനിച്ചു. താൻ നേരിട്ട ആദ്യ പന്തിൽ തന്നെ സജന ക്രീസ് വിട്ടിറങ്ങി സിക്സ് പറത്തുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് വനിതകൾ അലീസ് ക്യാപ്സി വെടിക്കെട്ടിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 171 റൺസെടുക്കുകയായിരുന്നു. ടീം സ്കോർ മൂന്ന് റൺസിനിടെ ഷെഫാലി വർമയെ (8 പന്തിൽ 1) നഷ്ടമായ ശേഷം വൺഡൗണായി ക്രീസിലെത്തിയ ഇംഗ്ലീഷ് കൗമാര ബാറ്റർ അലീസ് ക്യാപ്സി 53 പന്തിൽ 9 ഫോറും 3 സിക്സറും സഹിതം 75 റൺസെടുത്തതാണ് നിർണായകമായത്. 24 പന്തിൽ 42 റൺസുമായി ഇന്ത്യൻ താരം ജെമീമ റോഡ്രിഗസും 25 ബോളിൽ 31 എടുത്ത് മെഗ് ലാന്നിംഗും തിളങ്ങി. മരിസാൻ കാപ്പിന്റെ ഫിനിഷിങ് (9 പന്തിൽ 16) ഡൽഹിക്ക് മികച്ച സ്കോർ ഒരുക്കി. 2 പന്തിൽ 1* റണ്ണുമായി അന്നാബേൽ സത്തർലൻഡ് പുറത്താവാതെ നിന്നു.
രണ്ടാം വിക്കറ്റിൽ മെഗ് ലാന്നിങ്-അലീസ് ക്യാപ്സി സഖ്യം 64 ഉം മൂന്നാം വിക്കറ്റിൽ അലീസ് ക്യാപ്സി-ജെമീമ റോഡ്രിഗസ് സഖ്യം 74 ഉം റൺസ് ചേർത്തതാണ് ഡൽഹിക്ക് തുണയായത്. മുംബൈ വനിതകൾക്കായി നാറ്റ് സൈവർ ബ്രണ്ടും അമേല്യ കേറും രണ്ട് വീതവും ഷബ്നിം ഇസ്മായിൽ ഒന്നും വിക്കറ്റ് പേരിലാക്കി.
സ്പോർട്സ് ഡെസ്ക്