- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീറോടെ പൊരുതി ഗില്ലും ജുറേലും, റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം, പരമ്പര
റാഞ്ചി: സ്പിന്നർമാർ അരങ്ങുവാണ വിണ്ടുകീറിയ റാഞ്ചിയിലെ പിച്ചിൽ അഞ്ച് വിക്കറ്റുകൾ വീണുടഞ്ഞിട്ടും വീറോടെ പൊരുതി ഇന്ത്യയെ വിജയതീരത്ത് എത്തിച്ച് ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലും. റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരേ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യ വിക്കറ്റിനാണ് ജയം നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3 -1ന് സ്വന്തമാക്കി. സ്കോർ ഇംഗ്ലണ്ട് - 353, 145. ഇന്ത്യ - 307, 192/ 5.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 84 എന്ന നിലയിലായിരുന്ന ഇന്ത്യ, 36 റൺസ് ചേർക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ വീണതോടെ പ്രതിരോധത്തിലായി. എന്നാൽ ഇംഗ്ലീഷ് സ്പിന്നർമാർക്ക് മുന്നിൽ മുട്ടുമടക്കാൻ തയ്യാറാകാതെ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. മത്സരത്തിൽ ആകെ വീണ 35ൽ 28 വിക്കറ്റും സ്പിന്നർമാരാണ് വീഴ്ത്തിയത്. പരമ്പരയിലെ അവസാന മത്സരം മാർച്ച് ഏഴിന് ധരംശാലയിൽ ആരംഭിക്കും.
നാലാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 40 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 44 പന്തിൽ 37 റൺസുമായി യശസ്വി ജയ്സ്വാൾ മടങ്ങി. ജോ റൂട്ടിന്റെ പന്തിൽ ജെയിംസ് ആൻഡേഴ്സന് ക്യാച്ച് നൽകിയാണ് മടക്കം. ടീം സ്കോർ 99-ൽ നിൽക്കേ, ബെൻ ഫോക്സിന് ക്യാച്ച് നൽകി രോഹിത് ശർമയും മടങ്ങി. ടോം ഹാർട്ട്ലിക്കാണ് വിക്കറ്റ്.
ടെസ്റ്റ് കരിയറിലെ 17ാം അർധ സെഞ്ചറി കണ്ടെത്തിയ നായകൻ രോഹിത് ശർമയെ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റംപിങിലൂടെ പുറത്താക്കുകയായിരുന്നു. 81 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്.
നാലാമനായിറങ്ങിയ രജത് പാട്ടിദാർ വീണ്ടും നിരാശ സമ്മാനിച്ച് മടങ്ങി. ആറു പന്തു നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ ഒലി പോപ്പിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ആദ്യ വിക്കറ്റിൽ 84 റൺസ് കണ്ടെത്തിയ ഇന്ത്യ ഇതോടെ 3ന് 100 എന്ന അപകടകരമായ നിലയിലേക്ക് വീണു. സ്കോർ 120ൽ നിൽക്കേ രവീന്ദ്ര ജഡേജയേയും തൊട്ടടുത്ത പന്തിൽ സർഫറാസ് ഖാനെയും മടക്കി ശുഐബ് ബഷീർ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു.
നാല് റൺസ് നേടിയ ജഡേജ ജോണി ബെയർസ്റ്റോ പിടിച്ചു പുറത്താവുകയായിരുന്നു. കുത്തിത്തിരിഞ്ഞ പന്തിന്റെ ഗതി മനസ്സിലാക്കാതെ ബാറ്റുവച്ച സർഫറാസ് ഒലി പോപ്പിന്റെ കൈകളിലൊതുങ്ങി. പിന്നീട് ശുഭ്മൻ ഗില്ലും ധ്രുവ് ജുറേലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.
കഴിഞ്ഞ ദിവസം വിണ്ടുകീറിയ റാഞ്ചിയിലെ പിച്ചിൽ, കുത്തിത്തിരിയുന്ന പന്തുകളുമായി അശ്വിനും (5 വിക്കറ്റ്) കുൽദീപ് യാദവും (4 വിക്കറ്റ്) ആഞ്ഞടിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ് നിര നിലംപൊത്തി. വിക്കറ്റ് കീപ്പർ ധ്രുവ് ജുറൈലിന്റെ പ്രതിരോധ ബാറ്റിങ് മികവിൽ (90) ഒന്നാം ഇന്നിങ്സിൽ 307 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 145 റൺസിന് ഓൾഔട്ടാക്കി കളി തിരിച്ചുപിടിക്കുകയായിരുന്നു.
നേരത്തേ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ചുറി ബലത്തിൽ ഒന്നാം ഇന്നിങ്സിൽ 353 റൺസെടുത്തിരുന്നു. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് നേടിയ ആകാശ് ദീപും രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് ഇംഗ്ലണ്ടിനെ 353-ൽ നിർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 307 റൺസെടുക്കുന്നതിനിടെ പത്തു വിക്കറ്റും നഷ്ടമായി. ഇതോടെ ഇന്ത്യ 46 റൺസിന് പിറകിലായി.
ഒരു ഘട്ടത്തിൽ 177-ൽ ആറ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ മനസ്സാന്നിധ്യമുള്ള ഇന്നിങ്സാണ് (90 റൺസ്) മുന്നൂറ് കടത്തിയത്. യശസ്വി ജയ്സ്വാൾ 73 റൺസുമെടുത്തു. ഇംഗ്ലണ്ടിന്റെ ഷുഐബ് ബഷീറാണ് ഇന്ത്യയെ 307-ൽ ഒതുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. അഞ്ച് വിക്കറ്റാണ് ഷുഐബിന്റെ നേട്ടം. ടോം ഹാർട്ട്ലി മൂന്നും ജെയിംസ് ആൻഡേഴ്സൻ രണ്ടും വിക്കറ്റുകൾ നേടി.
എന്നാൽ, രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ആദ്യത്തേതുപോലെ പ്രകടനം കാഴ്ചവെയ്ക്കാനായില്ല. വെറും 145 റൺസെടുക്കുന്നതിനിടെ എല്ലാവരും മടങ്ങി. അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടവും കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇംഗ്ലണ്ടിനെ 150 പോലും കടക്കാനാവാത്ത വിധത്തിൽ തകർത്തത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. 60 റൺസ് നേടിയ ഓപ്പണർ സാക് ക്രോലി മാത്രമാണ് ഇംഗ്ലീഷ് നിരയിൽ കാര്യമായി പിടിച്ചുനിന്നത്. 53.5 ഓവർ മാത്രമാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് കളിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം സ്റ്റമ്പെടുത്തപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 40 റൺസ് എന്ന നിലയിലായിരുന്നു.
വിസ്മയിപ്പിച്ച് ജുറേൽ
പ്രതികൂല പിച്ചിലെ ബാറ്റിങ് പാഠമായിരുന്നു, രണ്ടാം ടെസ്റ്റ് മത്സരം മാത്രം കളിക്കുന്ന ധ്രുവ് ജുറേലിന്റെ പ്രകടനം. 177 റൺസെടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ 307 എന്ന സ്വപ്ന ടോട്ടലിൽ എത്തിച്ചത് വാലറ്റത്തെ കൂട്ടുപിടിച്ചുള്ള ജുറേലിന്റെ അസാമാന്യ പ്രകടനമാണ്. 7ന് 219 എന്ന നിലയിൽ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ എളുപ്പത്തിൽ ചുരുട്ടിക്കെട്ടാമെന്ന ഇംഗ്ലിഷ് പ്രതീക്ഷകൾ തകർത്ത് ജുറേലും കുൽദീപ് യാദവും (28) പിടിച്ചുനിന്നു. 76 റൺസിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ച് കുൽദീപ് മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 253ൽ എത്തിയിരുന്നു. കന്നി സെഞ്ചറിക്കു 10 റൺസ് അകലെ ജുറേൽ പുറത്തായതു മാത്രമായിരുന്നു മൂന്നാംദിനത്തിൽ ഇന്ത്യയ്ക്കുണ്ടായ നിരാശ.
രണ്ടാം ഇന്നിങ്സിലും ജുറേൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 120 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഗില്ലിനൊപ്പം 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് ജുറേൽ വിജയത്തിൽ പങ്കാളിയായത്. 77 പന്തിൽ രണ്ട് ബൗണ്ടറികളടക്കം 39 റൺസ് നേടി യുവതാരം പുറത്താകാതെ നിന്നു.