- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരവാദം മുഴക്കിയ മക്കല്ലത്തിനും സ്റ്റോക്സിനും കനത്ത നാണക്കേട്; ഇന്ത്യൻ മണ്ണിൽ ബാസ്ബോളിന്റെ കാറ്റൂരിവിട്ട് രോഹിതും സംഘവും; 'അതിവേഗ' ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് നഷ്ടമാകുന്ന ആദ്യ പരമ്പര; അപൂർവ നേട്ടത്തിൽ ഇന്ത്യൻ നായകൻ; ഡിആർഎസിന്റെ പേരിൽ ഇനി മോങ്ങിയിട്ട് കാര്യമില്ലെന്ന് മൈക്കൽ വോൺ
റാഞ്ചി: റാഞ്ചിയിലെ വിണ്ടു കീറിയ പിച്ചിൽ സ്പിൻ കെണി ഒരുക്കി പോരാടിയ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് കീഴടക്കി നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്. ഇതോടൊപ്പം അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ആതിഥേയർ 3-1നാണ് സ്വന്തമാക്കി. ഇന്ത്യൻ മണ്ണിൽ പരമ്പര നേടുമെന്ന അവകാശവാദവുമായി എത്തിയ ഇംഗ്ലണ്ടിന് ബാസ്ബോൾ യുഗത്തിൽ നഷ്ടമാവുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ബാസ്ബോൾ ശൈലി നടപ്പാക്കിയശേഷം ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കുന്ന ആദ്യ നായകനെന്ന അപൂർവ നേട്ടവും ഇതോടെ രോഹിത് ശർമ സ്വന്തമാക്കി.
ബ്രെണ്ടൻ മക്കല്ലം ഇംഗ്ലണ്ട് പരിശീലകനും ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ക്യാപ്റ്റനും ആയശേഷം ഇതുവരെ ഇംഗ്ലണ്ട് കളിച്ച 22 ടെസ്റ്റുകളിൽ 14 എണ്ണം ജയിച്ചപ്പോൾ ഏഴെണ്ണം തോറ്റു. ഒരേയൊരു ടെസ്റ്റ് മാത്രമാണ് സമനിലയായത്. ബാസ്ബോൾ യുഗത്തിൽ കളിച്ച എട്ട് ടെസ്റ്റ് പരമ്പരകളിൽ അഞ്ചെണ്ണം നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഇതിൽ മൂന്നെണ്ണം ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ട് പരമ്പരകൾ സമനിലയായി.
വിദേശ പരമ്പരകളിൽ 2022ൽ പാക്കിസ്ഥാനിലും ന്യൂസിലൻഡിലും ടെസ്റ്റ് പരമ്പരകൾ 3-0ന് ഇംഗ്ലണ്ട് തൂത്തുവാരുകയും ചെയ്തു. 2023ലലെ ന്യൂസിലൻഡ് പര്യടനത്തിൽ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയായി. നാട്ടിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ 2-2 സമനിലയിൽ പിടിച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ ഓസീസ് ആഷസ് നിലനിർത്തുകയായിരുന്നു.
ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമെന്നും ബാസ്ബോൾ ശൈലിക്ക് മറുപടി നൽകാൻ ഇന്ത്യ വിയർപ്പൊഴുക്കേണ്ടി വരുമെന്നുമായിരുന്നു ഇംഗ്ലണ്ടിന്റെ അവകാശവാദം. പിന്നാലെ ഇന്ത്യക്കെതിരായ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ ജയിച്ചതോടെ മുൻ താരങ്ങളടക്കം പോർവിളി മുഴക്കി രംഗത്ത് വരികയും ചെയ്തിരുന്നു. 12 വർഷത്തെ ഇടവേളക്കുശേഷം വീണ്ടുമൊരു പരമ്പര നേട്ടം സ്വപ്നം കണ്ട് സ്റ്റോക്സിനും സംഘത്തിനും ഇന്ത്യൻ യുവനിര വലിയ വെല്ലുവിളി ഉയർത്തില്ലെന്നായിരുന്നു കണക്കുകൂട്ടൽ.
സൂപ്പർ താരം വിരാട് കോലി, ചേതേശ്വർ പുജാര, കെ എൽ രാഹുൽ എന്നിവരുടെ അഭാവത്തിൽ ബാറ്റിങ് കരുത്ത് ചോർന്നെന്നു കരുതിയ ഇന്ത്യൻ നിരയെ അനായാസം മറികടക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ രോഹിത് ശർമ നയിക്കുന്ന ബാറ്റിങ് നിരയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊരുതിയ യശസ്വി ജയ്സ്വാളിനെയും ശുഭ്മാൻ ഗില്ലിനെയും ധ്രുവ് ജുറെലിനെയും സർഫറാസ് ഖാനെയും പോലുള്ള യുവതാരങ്ങളുടെ മികവ് ഇന്ത്യയെ പരമ്പര നേട്ടത്തിലേക്ക് നയിച്ചു.
ടീമിന്റെ ബാറ്റിങ് നെടുന്തൂണുകളായ വിരാട് കോലിയും കെ എൽ രാഹുലും ഇല്ലാതെയാണ് ഇന്ത്യയുടെ നേട്ടമെന്നത് രോഹിത്തിന്റെ തൊപ്പിയിലെ പൊൻതൂവലായി. രവീന്ദ്ര ജഡേജ പരിക്കുമൂലം ഒരു ടെസ്റ്റിൽ കളിക്കാതിരുന്നിട്ടും അശ്വിൻ പതിവ് ഫോമിലേക്ക് ഉയരാതിരുന്നിട്ടും ഇന്ത്യ പരമ്പര നേടുന്നത് തടയാൻ ഇംഗ്ലണ്ടിനായില്ല.
സച്ചിൻ ടെൻഡുൽക്കറും വിവി എസ് ലക്ഷ്മണും രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും വീരേന്ദർ സേവാഗും എം എസ് ധോണിയും അനിൽ കുംബ്ലെയും സഹീർ ഖാനുമൊക്കെ ഉൾപ്പെട്ട സുവർണ നിരയോളം പോന്നതല്ലെങ്കിലും ഇന്ത്യൻ മണ്ണിൽ പോരുവിളിച്ചെത്തുന്നവരെ പൊരുതി തോൽപ്പിക്കാൻ പോന്ന യുവനിരയാണ് രോഹിതിന്റെ സംഘത്തിലെന്ന് ഇതിനോടകം സ്റ്റോക്സിനും സംഘത്തിനും മനസിലായിക്കാണും.
അതേ സമയം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര അടിയറവ് വച്ച സ്റ്റോക്സിനും സംഘത്തിനുമെതിരെ മുൻ ഇംഗ്ലണ്ട് താരങ്ങൾ വിമർശനം തുടങ്ങി കഴിഞ്ഞു. ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഡിആർഎസ് തീരുമാനങ്ങൾ തിരിച്ചടിയായെന്ന ഇംഗ്ലണ്ട് ടീമിന്റെ വാദത്തിനെതിരെ രൂക്ഷവിമർശനാണ് മുൻ നായകൻ മൈക്കൽ വോൺ ഉയർത്തിയത്. ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് പിന്നിലാവാൻ കാരണം ഡിആർഎസ് അല്ലെന്ന് വോൺ പറഞ്ഞു.
ഡിആർഎസ് തീരുമാനങ്ങൾ തങ്ങൾക്ക് അനുകൂലമായില്ലെന്ന് പറഞ്ഞ് പരിതപിക്കാൻ ഇംഗ്ലണ്ടിന് പറ്റും. പക്ഷെ അതല്ല അവർ പരമ്പരയിൽ പിന്നിലാവാനുള്ള യഥാർത്ഥ കാരണം. നല്ല തുടക്കത്തിനുശേഷമാണ് രാജ്കോട്ടിലും റാഞ്ചിയിലും കളി അവരുടെ കൈയിൽ നിന്ന് വഴുതിപ്പോയത്. ഈ പരമ്പരയിൽ ഡിആഎർഎസിനെക്കുറിച്ച് ഇംഗ്ലണ്ട് കുറച്ചധികം നിലവിളിച്ചുവെന്ന് തോന്നുന്നു.
അതിന് കാരണം, കഴിഞ്ഞ ഒന്നോ രണ്ടോ ടെസ്റ്റുകളിൽ ഒലി പോപ്പിനും സാക് ക്രോളിക്കുമെതിരായ ചില എൽബിഡബ്ല്യു തീരുമാനങ്ങളാണ്. വലിയ സമ്മർദ്ദത്തിൽ കളിക്കുമ്പോൾ ഇത്തരം തീരുമാനങ്ങൾ എതിരായാൽ അത് പ്രതികൂലമായി ബാധിക്കുമെന്നത് ശരിയാണ്. പക്ഷെ യഥാർത്ഥത്തിൽ ഇംഗ്ലണ്ട് തോറ്റത് അവിടെയല്ല.
രാജ്കോട്ടിൽ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ കൈയിൽ നിന്ന് കളി വഴുതിപോയി. ഇപ്പോഴിതാ റാഞ്ചിയിലും സമാനമായ സാഹചര്യമാണുള്ളത്. റാഞ്ചി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ജോ റൂട്ടിനെ എൽബിഡബ്ല്യ വിളിച്ചത് സംശയാസ്പദമായിരുന്നുവെന്ന് പറയാമെങ്കിലും മത്സരത്തിൽ നിർണായകമായ മൂന്നാം ദിനം എങ്ങനെ കളിക്കണമെന്ന കാര്യത്തിൽ ഇംഗ്ലണ്ടിന് വ്യക്തയില്ലാത്തതാണ് ശരിക്കുള്ള പ്രശ്നം. എന്താണ് ശരിക്കും സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അവർ നല്ലതുപോലെ ആലോചിക്കുകയാണ് വേണ്ടതെന്നും ടെലഗ്രാഫിലെഴുതിയ കോളത്തിൽ മൈക്കൽ വോൺ പറഞ്ഞു.
നാലാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയെങ്കിലും മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ 145 റൺസിന് പുറത്തായി മുൻതൂക്കം നഷ്ടമാക്കിയിരുന്നു. നാലാം ദിനം 192 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 120 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായിട്ടും ശുഭ്മാൻ ഗില്ലും ധ്രുവ് ജുറെലും ചേർന്ന് പൊരുതി ജയം നേടുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്