റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ റൺവേട്ടയിൽ മുൻ നായകൻ വിരാട് കോലിയുടെ നേട്ടത്തിന് ഒപ്പമെത്തി യുവതാരം യശസ്വി ജയ്സ്വാൾ. ഒരു ടെസ്റ്റ് മത്സരം കൂടി പരമ്പരയിൽ ശേഷിക്കെ കോലിയെയും സുനിൽ ഗവാസ്‌ക്കറെയും ജയ്സ്വൾ മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടത്തിൽ വിരാട് കോലിക്കും യശസ്വി ജയ്സ്വാളിനും ഇപ്പോൾ 655 റൺസ് വീതമാണുള്ളത്. ഒരു മത്സരം കൂടി ബാക്കി നിൽക്കെ ജയ്സ്വാളിന് അനായാസം കോലിയെ മറികടക്കാൻ സാധിക്കും. എട്ട് ഇന്നിങ്സുകളിൽ നിന്ന് 93.57 ശരാശരിയിലാണ് ജയ്സ്വളിന്റെ നേട്ടം. എട്ട് ഇന്നിങ്സുകൾ കളിച്ചിട്ടുള്ള കോലി 109.5 ശരാശരിയിലാണ് 655ലെത്തിയത്. 2016ൽ ഇംഗ്ലണ്ട് ഇന്ത്യയിൽ വന്നപ്പോഴാണ് കോലി റെക്കോർഡിട്ടത്.

ഇക്കാര്യത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇപ്പോഴത്തെ ഇന്ത്യൻ പരിശീലകനുമായ രാഹുൽ ദ്രാവിഡ് മൂന്നാം സ്ഥാനത്തായി. 2002ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ദ്രാവിഡ് 100.33 ശരാശരിയിൽ 602 റൺസാണ് അടിച്ചെടുത്തത്. 2018 പര്യടനത്തിൽ 593 റൺസ് നേടിയ കോലി തന്നെയാണ് നാലാം സ്ഥാനത്ത്. 1961-62ൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ വിജയ് മഞ്ജരേക്കർ 586 റൺസ് നേടിയതും പട്ടികയിലുണ്ട്.

അതേസമയം, രാജ്യാന്തര മത്സരത്തിൽ ഒരു ടീമിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡും ജയ്സ്വാളിന് സ്വന്തമാക്കാൻ സാധിച്ചേക്കും. ഇനി കോലിയും സുനിൽ ഗവാസ്‌ക്കറും മാത്രമാണ് ജയ്സ്വളിന് മുന്നിലുള്ളത്. കോലി (ഓസ്‌ട്രേലിയക്കെതിരെ 2014ൽ 692), സുനിൽ ഗവാസ്‌കർ (വെസ്റ്റ് ഇൻഡീസിനെതിരെ 1978ൽ 732), ഗവാസ്‌കർ (വിൻഡീസിനെതിരെ 1971ൽ 774) എന്നീ സ്‌കോറുകളാണ് ഇനി ജയ്‌സ്വാളിന്റെ മുന്നിലുള്ളത്.

2003ൽ ദ്രാവിഡ് ഓസ്‌ട്രേലിയക്കെതിരെ നേടിയ 619 റൺസും ദിലീപ് സർദേശായ് (വെസ്റ്റ് ഇൻഡീസിനെ 1971ൽ 642) റൺസും ജയ്സ്വാൾ മറികടന്നിരുന്നു. ഇപ്പോൾ കോലിക്കൊപ്പവും. ഈ പരമ്പരയിൽ ഒന്നാകെ രണ്ട് ഇരട്ട സെഞ്ചുറികൾ നേടാൻ ജയ്‌സ്വാളിന് സാധിച്ചിരുന്നു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അർധ സെഞ്ചറി നേടി ടോപ് സ്‌കോററായ ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റിൽ പുതിയ നാഴികക്കല്ലുകൾ പിന്നിട്ടു. കരിയറിലെ 17ാം ടെസ്റ്റ് ഫിഫ്റ്റി കണ്ടെത്തിയ രോഹിത് 81 പന്തിൽ 55 റൺസെടുത്താണ് പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കിയ ഹിറ്റ്മാൻ ഇതിനിടെ രാജ്യാന്തര ടെസ്റ്റിൽ 4000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു.

4000 ടെസ്റ്റ് റൺസ് നേടുന്ന 17ാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. 4154 റൺസ് നേടിയിട്ടുള്ള മുൻതാരം ഗൗതം ഗംഭീറാണ് റൺവേട്ടയിൽ രോഹിത്തിനു തൊട്ടു മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരെ 1000 ടെസ്റ്റ് റൺസെന്ന നേട്ടവും ഹിറ്റ്മാൻ സ്വന്തമാക്കി.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്കായി രോഹിത് മികച്ച തുടക്കമാണ് നൽകിയത്. വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്.

ആദ്യ വിക്കറ്റിൽ 84 റൺസ് കണ്ടെത്തിയ ഇന്ത്യയ്ക്ക് 37 റൺസ് നേടിയ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീട് സ്‌കോർ ബോർഡിൽ 36 റൺസ് കൂടി ചേർക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാല് മുൻനിര വിക്കറ്റുകൾ കൂടി നഷ്ടമായി. ശുഭ്മൻ ഗില്ലും ധ്രുവ് ജുറേലും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. മത്സരം ജയിച്ചതിനൊപ്പം ഇന്ത്യ 3 - 1ന് പരമ്പരയും സ്വന്തമാക്കി. മാർച്ച് 7ന് ധരംശാലയിലാണ് അവസാന ടെസ്റ്റ്.