- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താമനും പതിനൊന്നാമനും മിന്നും സെഞ്ചുറി; രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് തനുഷ് കൊട്യാനും തുഷാർ ദേശ്പാണ്ഡെയും; ക്വാർട്ടർ ഫൈനലിൽ ബറോഡയ്ക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി മുംബൈ
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി മുംബൈയുടെ വാലറ്റക്കാരായ തനുഷ് കൊട്യാനും തുഷാർ ദേശ്പാണ്ഡെയും. രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടത്തിൽ ബറോഡക്കെതിരെ പത്താമതും പതിനൊന്നാമതുമായി ക്രീസിലെത്തിയ ഇരുവരും സെഞ്ചുറി നേടിയാണ് ചരിത്രനേട്ടം പേരിൽ കുറിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പത്താമനും പതിനൊന്നാമനും സെഞ്ചറി സ്വന്തമാക്കുന്നത് 78 വർഷത്തിനിടെ ആദ്യ സംഭവമാണ്. 1946ൽ ചന്ദു സർവാതെയും ഷുതെ ബാനർജിയുമാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ബാറ്റിങ് സഖ്യം.
ആദ്യ ഇന്നിങ്സിൽ മുംബൈ 384 റൺസടിച്ചപ്പോൾ ബറോഡ 348 റൺസിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ മംബൈ 337-9 എന്ന സ്കോറിൽ നിൽക്കുമ്പോഴാണ് ഇരുവരും ക്രീസിൽ ഒരുമിച്ചത്. അവസാന വിക്കറ്റിൽ പിന്നീട് നടന്നത് അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു. പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ 232 റൺസ് കൂട്ടിച്ചേർത്തതിനുശേഷണ് ഇരുവരും വേർപിരിഞ്ഞത്.
120 പന്തുകൾ നേരിട്ട തനുഷ് 129 റൺസുമായി പുറത്താകാതെനിന്നു. തുഷാർ ദേശ്പാണ്ഡെ 129 പന്തിൽ 123 റൺസെടുത്തു. തനുഷ് 115 പന്തുകളിലും തുഷാർ 112 പന്തുകളിലും സെഞ്ചറിയിലെത്തി. ഇരുവരുടെയും ബാറ്റിങ് കരുത്തിൽ കൂറ്റൻ ലീഡ് സ്വന്തമാക്കിയ മുംബൈ സെമിയിൽ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. ബറോഡയ്ക്കു ജയിക്കാൻ വേണ്ടത് 606 റൺസായിരുന്നു. അഞ്ചാം ദിനം ബറോഡ മുപ്പത് ഓവറിൽ മൂന്ന് വിക്കറ്റിന് 121 റൺസ് എന്ന നിലയിൽ നിൽക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് പതിനൊന്നാമനായി ഇറങ്ങുന്ന ബാറ്റർ സെഞ്ചുറി നേടുന്നത്. പത്താം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് ഇരുവർക്കും ഒരു റൺസകലെ നഷ്ടമായി. 1991-92 രഞ്ജി സീസണിൽ പത്താം വിക്കറ്റിൽ 233 റൺസടിച്ച മനീന്ദർ സിങിന്റെയും അജയ് ശർമയുടെ പേരിലാണ് അവസാന വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ്
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യമായാണ് പതിനൊന്നാമനായി ബാറ്റിങ്ങിന് ഇറങ്ങുന്ന താരം സെഞ്ചറി നേടുന്നത്. ഇരുവരും ചേർന്ന് 232 റൺസിന്റെ കൂട്ടുകെട്ടാണ് മുംബൈയ്ക്കു വേണ്ടി പടുത്തുയർത്തിയത്. ആദ്യ ഇന്നിങ്സിൽ മുംബൈ 384 റൺസെടുത്തപ്പോൾ, രണ്ടാം ഇന്നിങ്സിൽ 569 റൺസെന്ന വൻ സ്കോറാണു ടീം ഉയർത്തിയത്.
സ്പോർട്സ് ഡെസ്ക്