- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കടുപ്പമേറിയ ഫോർമാറ്റ്; വിജയിക്കാൻ അടങ്ങാത്ത അഭിനവേശം വേണമെന്ന് റാഞ്ചിയിലെ ജയത്തിന് പിന്നാലെ രോഹിത് ശർമ; ഇന്ത്യൻ നായകനെ പിന്തുണച്ച് ഗവാസ്കർ; കിഷനും ശ്രേയസുമടക്കം 'ഐപിഎൽ' താരങ്ങൾക്ക് മുന്നറിയിപ്പ്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിനോട് താൽപര്യമുള്ളവരെ മാത്രമെ ഇനി മുതൽ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കൂവെന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ അഭിപ്രായത്തോട് നൂറ് ശതമാനം യോജിക്കുന്നുവെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കടുപ്പമേറിയ ഫോർമാറ്റാണെന്നും അവിടെ വിജയിക്കാൻ അടങ്ങാത്ത അഭിനവേശം വേണമെന്നും രോഹിത് ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു.
ആ അഭിനിവേശമില്ലാത്തവർക്ക് ടെസ്റ്റ് ക്രിക്കറ്റിൽ പിടിച്ചു നിൽക്കാനാവില്ലെന്നും അത്തരക്കാരെ ടീമിലേക്ക് പരിഗണിച്ചിട്ട് കാര്യമില്ലെന്നും രോഹിത് പറഞ്ഞിരുന്നു. ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും പോലുള്ള യുവതാരങ്ങളെയാണ് രോഹിത് ലക്ഷ്യമിട്ടതെന്ന് ഇതിന് പിന്നാലെ വ്യാഖ്യാനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഗവാസ്കർ രോഹിതിനെ പിന്തുണച്ച് രംഗത്ത് വന്നത്.
രോഹിത് പറഞ്ഞത് 100 ശതമാനം ശരിയാണെന്ന് സുനിൽ ഗവാസ്കറും പറഞ്ഞു. ക്രിക്കറ്റ് താരങ്ങൾക്ക് പണവും പ്രശസ്തിയുമെല്ലാം നൽകുന്നത് ക്രിക്കറ്റാണ്. അതുകൊണ്ട് തന്നെ അവര് അതിനോട് അൽപമെങ്കിലും കൂറ് കാട്ടണം. രോഹിത് പറഞ്ഞതുപോലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുള്ളവരെ മാത്രം ഇനി ടീമിലേക്ക് പരിഗണിച്ചാൽ മതി. ഞാനിത് വർഷങ്ങളായി പറയുന്ന കാര്യമാണ്. ഈ കളിക്കാരെയെല്ലാം ഇന്നത്തെ സൂപ്പർ താരങ്ങളാക്കിയതും അവർക്ക് പണവും പ്രശസ്തിയുമെല്ലാം നൽകിയതും ക്രിക്കറ്റാണ്. അതുകൊണ്ടുതന്നെ അതിനോട് കുറച്ചെങ്കിലും കൂറ് കാട്ടാൻ കളിക്കാർ തയാറാവണം.
അത് കാണിക്കാതെ ഞാനതിൽ കളിക്കില്ല, ഇതിൽ കളിക്കില്ല എന്ന് പറയുന്നവരെ എന്ത് കാരണം പറഞ്ഞാലും ഒഴിവാക്കണം. ടെസ്റ്റ് ക്രിക്കറ്റിനോട് അഭിനിവേശമുള്ളവരെ ടീമിലേക്ക് പരിഗണിക്കുകയും വേണം. പല കളിക്കാരും അവരുടെ ഇഷ്ടം പോലെ ഏത് ഫോർമാറ്റിൽ കളിക്കുന്നുവെന്ന് തെരഞ്ഞെടുക്കുന്നു. അത് അനുവദിക്കാൻ പറ്റില്ല. അതാണ് സെലക്ടർമാരുടെ തീരുമാനമെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നല്ല കാര്യമാണെന്നും ഗവാസ്കർ സ്പോർട്സ് ടോക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ചിലർക്ക് ടെസ്റ്റ് ക്രിക്കറ്റോ രഞ്ജി ട്രോഫിയോ കളിക്കാൻ താൽപര്യമുണ്ടാകില്ലന്ന് ഗവാസ്കർ പറഞ്ഞു. രോഹിത് പറഞ്ഞപോലെ അവർക്ക് അതിനോട് അഭിനിവേശമുണ്ടാകില്ല. രഞ്ജി ട്രോഫിയിൽ കളിക്കാൻ താൽപര്യമില്ലാത്തവരെ ഒരു കാരണവശാലും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാൻ കഴിയില്ലെന്നും ഗവാസ്കർ പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റ് കുറച്ച് നേരത്തെയാക്കിയാൽ കളിക്കാർക്ക് ടെസ്റ്റ് ക്രിക്കറ്റും ഐപിഎല്ലും കളിക്കാനുള്ള തയ്യാറെടുപ്പിനായി ഉപയോഗിക്കാനാകുമെന്നും കളിക്കാർ രഞ്ജി ട്രോഫിയിൽ നിന്ന് വിട്ടു നിൽക്കുന്നത് ഒഴിവാക്കാനാവുമെന്നും ഗവാസ്കർ പറഞ്ഞു. സാധാരഗതിയിൽ ഡിസംബർ-മാർച്ച് മാസങ്ങളിലാണ് ടെസ്റ്റ് പരമ്പരകൾ നടക്കുക. ഐപിഎൽ മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിലും. അതുകൊണ്ട് രഞ്ജി ട്രോഫി ഒക്ടോബറിൽ പൂർത്തിയാവുന്ന രീതിയിൽ ക്രമീകരിക്കാൻ ബിസിസിഐ ശ്രദ്ധിക്കണമെന്നും ഗവാസ്കർ വ്യക്തമാക്കി.
രഞ്ജി ട്രോഫി കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് ബിസിസിഐ താക്കീത് നൽകിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഇതിന് പിന്നാലെ പരിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്രേയസ് അയ്യർ രഞ്ജി ക്രിക്കറ്റിൽ നിന്ന് പിന്മാറി. ഐപിഎല്ലിന് ഒരുങ്ങുന്നതിനായി ശ്രേയസ് കള്ളം പറഞ്ഞതാണെന്ന് ആരോപണമുയർന്നു. ശ്രേയസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെന്നും താരത്തിന് നിലവിൽ പരിക്കുകൾ ഒന്നും ഇല്ലായെന്നുമാണ് ബിസിസിഐ മെഡിക്കൽ സംഘം വ്യക്തമാക്കിയത്.
ഇത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിനോടുള്ള താരങ്ങളുടെ ഈ വിമുഖത സജീവ ചർച്ചയാകുന്ന സമയത്താണ് ഇന്ത്യൻ നായകന്റെ പരോക്ഷ മുന്നറിയിപ്പ്. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ് വിജയത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് നയം വ്യക്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിലേക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വന്ന സർഫ്രാസ് ഖാനും ധ്രുവ് ജുറലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറാനായി. ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യൻ വാക്കുകൾ ചർച്ചയാകുന്നത്.
രഞ്ജി ട്രോഫിയിൽ നിന്ന് മുങ്ങിയ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരുടെ കരാർ ബിസിസിഐ റദ്ദാക്കിയേക്കും എന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ഇരുവരും ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരണം എങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്.
സ്പോർട്സ് ഡെസ്ക്