- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിലേക്ക് ഇനി യുവതാരങ്ങൾ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഇരട്ട ഡബിൾ സെഞ്ചുറിയിലൂടെ ബാറ്റിങ് നിരയുടെ നെടുംതൂണായി മാറി യുവതാരം യശസ്വി ജയ്സ്വാളും റാഞ്ചി ടെസ്റ്റിൽ കളിയിലെ താരമായി മാറിയ ധ്രുവ് ജുറെലുമടക്കം യുവനിര ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടിൽ എത്തുന്നതോടെ മുതിർന്ന ഒട്ടേറെ താരങ്ങൾ ഒഴിവാക്കപ്പെടുമെന്ന് ഉറപ്പായി. ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെ പൂതിയ താരോദയങ്ങളായിരിക്കുകയാണ് ജയ്സ്വാളും ധ്രുവ് ജുറെലും സർഫറാസ് ഖാനും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ റെക്കോർഡ് റൺവേട്ടയുമായി മുന്നിൽ നിൽക്കുന്ന യശസ്വിക്കോ കളിച്ച രണ്ടാം ടെസ്റ്റിൽ തന്നെ കളിയിലെ താരമായ ധ്രുവ് ജുറെലിനോ പക്ഷെ ഇതുവരെ ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്ടില്ല. നിലവിൽ യശസ്വിക്കും ധ്രുവ് ജുറെലിനും സർഫറാസ് ഖാനും ആകാശ് ദീപിനുമെല്ലാം ഓരോ ടെസ്റ്റ് മത്സരങ്ങൾക്കും 15 ലക്ഷം രൂപ വീതമാണ് മാച്ച് ഫീയായി ലഭിക്കുക. ഏകദിനത്തിന് ആറ് ലക്ഷവും ട്വന്റി 20ക്ക് മൂന്ന് ലക്ഷവുമാണ് ബിസിസിഐ മാച്ച് ഫീ ആയി നൽകുന്നത്.
ബിസിസഐയുടെ സെൻട്രൽ കോൺട്രാക്ട് ലഭിച്ച താരങ്ങൾക്ക് വർഷാവർഷം ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും മാച്ച് ഫീസിന് പുറമെ നിശ്ചിത തുക ബിസിസിഐ പ്രതിഫലമായി നൽകും. എന്നാൽ യശസ്വിയും ജുറെലും സർഫറാസും ആകാശ് ദീപുമൊന്നും ഇതുവരെ സെൻട്രൽ കോൺട്രാക്ടിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ബിസിസിഐയുടെ വാർഷിക കരാർ തുക ഇവർക്കാർക്കും ഈ വർഷം ലഭിക്കില്ല.
നാലു വിഭാഗങ്ങളിലായാണ് ബിസിസിഐ വർഷാവർഷം 25-30 കളിക്കാർക്ക് സെൻട്രൽ കോൺട്രാക്ട് നൽകുക. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കളിക്കാരെ തരംതിരിച്ചിരിക്കുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ ഓരോ സീസണിലും മാറ്റം വരും. ചിലർ ബിയിൽ നിന്ന് എയിലേക്ക് തിരിച്ചോ പോവും. ചിലർ കരാറിൽ നിന്ന് തന്നെ പുറത്താവും. യുവതാരങ്ങൾ ബിസിസിഐയുടെ കരാറിൽ ഉൾപ്പെടുന്നതോടെ നിലവിലുള്ള പല പ്രമുഖർക്കും അവസരം നഷ്ടപ്പെടുമെന്നാണ് സൂചന.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ ടീമിൽ കാര്യമായ പ്രകടനം കാഴ്ചവയ്ക്കുകയോ അവസരം ലഭിക്കുകയോ ചെയ്യാത്ത പല താരങ്ങളും ഒഴിവാക്കപ്പെട്ടേക്കും. ഉമേഷ് യാദവ്, ശിഖർ ധവാൻ, ദീപക് ഹൂഡ, ചേതേശ്വർ പൂജാര എന്നീ താരങ്ങളുടെ കരാർ പുതുക്കാൻ സാധ്യത കുറവാണ്.
ഇതിൽ മലയാളി താരം സഞ്ജു സാംസണ് ബിസിസിഐ സി ഗ്രേഡ് കരാറാണ് നൽകിയിട്ടുള്ളത്. ഈ വിഭാഗത്തിൽ ഉള്ള മറ്റ് താരങ്ങൾ ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദ്ദുൽ ഠാക്കൂർ, ഇഷാൻ കിഷൻ, യുസ്വേന്ദ്ര ചാഹൽ, ദീപക് ഹൂഡ, കുൽദീപ് യാദവ്, വാഷിങ്ട് സുന്ദർ, അർഷ്ദീപ് സിങ്, കെ എസ് ഭരത് എന്നിവരാണ്. ഈ വിഭാഗത്തിലുള്ളവർക്ക് ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും ഒരു വർഷം കരാർ പ്രകാരം ഒരു കോടി രൂപ ബിസിസിഐ പ്രതിഫലമായി നൽകും.
മൂന്ന് കോടി രൂപയാണ് ബി ഗ്രേഡ് കരാർ ലഭിക്കുന്ന താരങ്ങൾക്ക് ഓരോ വർഷവും ബിസിസിഐ നൽകുക. ചേതേശ്വർ പൂജാര, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, മുഹമ്മദ് സിറാജ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്.
എ ഗ്രേഡിലുള്ളവർക്ക് അഞ്ച് കോടിയാണ് വാർഷിക പ്രതിഫലമായി ലഭിക്കുക. ഹാർദ്ദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവരാണ് എ ഗ്രേഡ് കരാറുള്ളവർ.
മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്നവർക്ക് മാത്രമാണ് ഏഴ് കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാർ ലഭിക്കുക. നിലവിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർക്ക് മാത്രമാണ് എ പ്ലസ് കരാറുള്ളത്. ഭാവിയിൽ എ പ്ലസ് കരാർ ലഭിക്കാൻ സാധ്യതയുള്ള താരങ്ങളിലൊരാളാണ് മൂന്ന് ഫോർമാറ്റിലും തിളങ്ങുന്ന യശസ്വി ജയ്സ്വാൾ.
ടെസ്റ്റിൽ പ്രതിഫലം കുത്തനെകൂട്ടും
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളുടെ പ്രതിഫലം കൂട്ടാനുള്ള തീരുമാനത്തിലാണ് ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനു ശേഷം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണു ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. മാച്ച് ഫീസ് വർധിപ്പിക്കാനല്ല ബിസിസിഐ ഉദ്ദേശിക്കുന്നത്. പകരം കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്ക് വാർഷിക ബോണസായി ഉയർന്ന തുക നൽകാനാണു നീക്കം.
യുവ താരങ്ങളായ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ഐപിഎല്ലിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ഒഴിഞ്ഞു നിൽക്കുകയാണെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. സെൻട്രൽ കോൺട്രാക്ടിലുള്ള താരങ്ങൾ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണമെന്റുകൾ കളിക്കണമെന്നാണ് ബിസിസിഐയുടെ നിലപാട്. ഇതു സംബന്ധിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ മുന്നറിയിപ്പു നൽകിയിരുന്നു.
എന്നാൽ രഞ്ജി ട്രോഫി കളിക്കാൻ ഇഷാൻ കിഷൻ തയാറായില്ല. പുറംവേദനയാണെന്ന കാരണം പറഞ്ഞാണ് ശ്രേയസ് അയ്യർ രഞ്ജി ട്രോഫിയിൽ കളിക്കാതിരുന്നത്. താരത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി റിപ്പോർട്ട് നൽകിയതോടെ സംഭവം വിവാദമായി.
നിലവിലെ കരാർ പ്രകാരം, ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണു ലഭിക്കുക. ഏകദിന മത്സരത്തിൽ പ്രതിഫലം ആറു ലക്ഷവും ട്വന്റി20യിൽ മൂന്ന് ലക്ഷവുമാണ്. വാർഷിക കരാറിൽ താരങ്ങൾക്കു ലഭിക്കുന്ന തുകയ്ക്കു പുറമേയാണു മാച്ച് ഫീസും നൽകുന്നത്. ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്കു വാർഷിക ബോണസായിട്ടായിരിക്കും അധിക തുക നൽകുക. നടപടിയിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കൂടുതൽ യുവതാരങ്ങളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.