- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹാർദിക് പാണ്ഡ്യ ആഭ്യന്തര ക്രിക്കറ്റിലെ നിശ്ചിത ഓവർ മത്സരങ്ങൾ കളിക്കാറുണ്ടോ?'
മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതിന്റെ പേരിൽ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയതുപോലുള്ള നടപടികൾ, മറ്റ് പ്രമുഖ താരങ്ങളുടെ കാര്യത്തിലും ബാധകമല്ലെയെന്ന ചോദ്യം ഉന്നയിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഹാർദിക് പാണ്ഡ്യയെപ്പോലുള്ള താരങ്ങൾക്ക് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ താൽപര്യമില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ നിശ്ചിത ഓവർ മത്സരങ്ങളിൽ കളിക്കാമല്ലോയെന്നും മുൻ ഇന്ത്യൻ താരം എക്‌സ് പ്ലാറ്റ്‌ഫോമിൽ ചോദിച്ചു.
"ശ്രേയസ് അയ്യരും ഇഷാൻ കിഷനും മികവുള്ള താരങ്ങളാണ്. അവർ ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നു." ഇർഫാൻ പഠാൻ വ്യക്തമാക്കി. ബിസിസിഐയുടെ വാർഷിക കരാറിൽ ഗ്രേഡ് എയിലാണ് ഹാർദിക് പാണ്ഡ്യയുള്ളത്. അഞ്ച് കോടി രൂപയാണ് പാണ്ഡ്യയ്ക്കു ലഭിക്കുക. ശുഭ്മൻ ഗിൽ, ആർ. അശ്വിൻ, മുഹമ്മദ് ഷമി, കെ.എൽ. രാഹുൽ എന്നിവരും എ വിഭാഗത്തിലാണുള്ളത്.
ബിസിസിഐ നിർദ്ദേശം അവഗണിച്ചതോടെയാണ് രഞ്ജി ട്രോഫിയിൽ നിന്ന് മുങ്ങിയ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയത്. ഇതിനോട് സമ്മിശ്ര പ്രതികരണം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ നിന്ന് വരുമ്പോൾ ശ്രദ്ധേയമായ നിരീക്ഷണവുമായി ഇർഫാൻ പഠാൻ രംഗത്ത് വന്നത്.
നിയമം എന്തുകൊണ്ടാണ് എല്ലാ ക്രിക്കറ്റമാർക്കും ഒരുപോലെ അല്ലാത്തത് എന്നാണ് ഹാർദിക് പാണ്ഡ്യയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി പഠാന്റെ ട്വീറ്റ്. പരിക്കിന് ശേഷം ഐപിഎൽ 2024 സീസൺ മുൻനിർത്തി പരിശീലനം തുടങ്ങിയ ഹാർദിക് മുംബൈയിലെ പ്രാദേശിക ടൂർണമെന്റിൽ അടുത്തിടെ കളിച്ചിരുന്നു.
'ഇഷാൻ കിഷനും ശ്രേയസ് അയ്യരും കഴിവുള്ള താരങ്ങളാണ്. അവർ ശക്തമായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഹാർദിക് പാണ്ഡ്യയെ പോലെ റെഡ് ബോൾ ക്രിക്കറ്റ് കളിക്കാത്ത താരങ്ങൾ ദേശീയ ഡ്യൂട്ടി ഇല്ലാത്തപ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ നിശ്ചിത ഓവർ മത്സരങ്ങൾ കളിക്കാറുണ്ടോ? ഇത്തരത്തിൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലെങ്കിൽ ആഗ്രഹിക്കുന്ന മത്സരഫലം ഇന്ത്യൻ ടീമിന് ലഭിക്കില്ല' എന്നുമാണ് ശക്തമായ വിമർശനഭാഷയിൽ ഇർഫാൻ പഠാന്റെ ട്വീറ്റ്.
ഇഷാൻ കിഷനും ശ്രേയസ് അയ്യരും കരാറിൽ നിന്ന് പുറത്തായപ്പോൾ ഹാർദിക് പാണ്ഡ്യക്ക് കരാർ ബിസിസിഐ നീട്ടി നൽകിയിരുന്നു. പുരുഷ താരങ്ങളുടെ പുതുക്കിയ വാർഷിക കരാർ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ ഇഷാൻ കിഷനും ശ്രേയസ് അയ്യരും പുറത്താവുകയായിരുന്നു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ മധ്യേ മുതൽ ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഇഷാൻ കിഷനോട് ദേശീയ ടീമിലേക്ക് മടങ്ങിവരും മുമ്പ് രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണം എന്ന് ബിസിസിഐ നിർദേശിച്ചിരുന്നു.
എന്നാൽ ഇഷാൻ രഞ്ജിയിൽ ഝാർഖണ്ഡിനായി കളിക്കാൻ തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ലഭ്യമാണ് എന്ന് കിഷൻ ഇന്ത്യൻ മാനേജ്മെന്റിനെ അറിയിച്ചുമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് ചൂണ്ടിക്കാട്ടിയ ശ്രേയസ് അയ്യരാവട്ടെ മുംബൈക്കായി രഞ്ജിയിൽ അവസാന ലീഗ് മത്സരവും ക്വാർട്ടർഫൈനലും കളിക്കാനും മടിച്ചു. ശ്രേയസ് പരിക്ക് അഭിനയിച്ചാണ് വിട്ടുനിന്നത്.
ദേശീയ ടീമിന്റെ മത്സരങ്ങളിലോ പരിക്കിലോ അല്ലെങ്കിൽ താരങ്ങൾ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കണം എന്ന നിർദ്ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ താരങ്ങൾക്ക് നൽകിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളോട് യാതൊരു മയവുമുണ്ടാവില്ല നയത്തിൽ എന്ന വ്യക്തമായ സൂചന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും എതിരായ നടപടിയിലൂടെ ബിസിസിഐ നൽകുമ്പോൾ ഹാർദ്ദിക് പാണ്ഡ്യയെ കരാറിൽ നിലനിർത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് പാണ്ഡ്യയ്ക്കു പരുക്കേറ്റത്. കാലിനു പരുക്കേറ്റ താരം ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും കളിക്കാൻ തുടങ്ങിയിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിനു വേണ്ടി ബറോഡയിൽ പരിശീലനം നടത്തുകയാണ് പാണ്ഡ്യയിപ്പോൾ. സഹോദരൻ ക്രുനാൽ പാണ്ഡ്യ, ഇഷാൻ കിഷൻ എന്നിവരും ഹാർദിക്കിനൊപ്പം പരിശീലിക്കുന്നുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന പാണ്ഡ്യയെ കോടികളെറിഞ്ഞ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുകയായിരുന്നു. പിന്നാലെ ക്യാപ്റ്റൻ സ്ഥാനവും മുംബൈ പാണ്ഡ്യയ്ക്കു നൽകി. വർഷങ്ങളായി മുംബൈയെ നയിച്ചിരുന്ന രോഹിത് ശർമ പുതിയ സീസണിൽ പാണ്ഡ്യയ്ക്കു കീഴിൽ കളിക്കും.