ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റിൽ പേസറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രിത് ബുമ്ര ഇന്ത്യൻ ടീമിനൊപ്പം ചേരും. അതേ സമയം മധ്യനിര ബാറ്റർ കെ എൽ രാഹുൽ അഞ്ചാം ടെസ്റ്റിലും കളിക്കില്ല. കാൽതുടയ്ക്കേറ്റ പരിക്കിൽ നിന്ന് അദ്ദേഹം ഇപ്പോഴും മോചിതനായിട്ടില്ല. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ലണ്ടനിലേക്കയക്കും. ഇതോടെ മലയാളി താരം ദേവദത്ത് പടിക്കൽ ഇന്ത്യൻ ടീമിൽ അരങ്ങേറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ട്വന്റി 20 ലോകകപ്പ് മുൻനിർത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ബുമ്രയ്ക്ക് റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചിരുന്നു. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം. 13.64 ശരാശരിയിൽ 17 വിക്കറ്റാണ് താരം വീഴ്‌ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാൾ സീമർ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനിൽ ഇടംപിടിച്ചിരുന്നു.

അതേസമയം പരിക്ക് മാറാൻ കഴിഞ്ഞ വർഷം കെ എൽ രാഹുൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാലിപ്പോഴും താരത്തിന് വേദന അനുഭവപ്പെടുന്നുണ്ട്. ടീമിലെ പ്രധാന താരമെന്ന പരിഗണയുണ്ട് രാഹുലിന്. അതുകൊണ്ടുതന്നെ കൂടുതൽ ജോലി ഏൽപ്പിക്കാതിരിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.

സ്പിൻ ഔൾറൗണ്ടർ വാഷിങ്ടൺ സുന്ദറിനെ ടീമിൽ നിന്നൊഴിവാക്കി. തമിഴ്‌നാടിന് വേണ്ടി രഞ്ജി ട്രോഫി സെമി ഫൈനൽ കളിക്കാനാണ് അദ്ദേഹത്തെ വിട്ടുകൊടുത്തത്. മാർച്ച് രണ്ടിന് മുംബൈക്കെതിരെയാണ് മത്സരം. ആവശ്യമെങ്കിൽ രഞ്ജി പൂർത്തിയാക്കിയ ശേഷം സുന്ദർ ടീമിനൊപ്പം ചേരും. ധരംശാലയിൽ പേസർമാരെ പിന്തുണയ്ക്കുന്ന പിച്ചാണ് ഒരുക്കാൻ സാധ്യത. ബുമ്രയ്ക്കൊപ്പം ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവർ കളിച്ചേക്കും.

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പാടീദാർ, സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ, കെ എസ് ഭരത്, ദേവദത്ത് പടിക്കൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.

മാർച്ച് ഏഴിനാണ് ധരംശാലയിൽ പരമ്പരയിലെ അവസാന മത്സരം തുടങ്ങുക. റാഞ്ചിയിലെ നാലാം ടെസ്റ്റിന് ശേഷം ടീം ഇന്ത്യക്ക് ഇടവേളയാണ്. മാർച്ച് രണ്ടിന് ചണ്ഡീഗഢിൽ കൂടിച്ചേരണം എന്നാണ് താരങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മാർച്ച് മൂന്നിന് ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾ ധരംശാലയിലേക്ക് പറക്കും.

ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് 28 റൺസിന് വിജയിച്ചപ്പോൾ വിശാഖപട്ടണത്ത് 106 റൺസിനും രാജ്‌കോട്ടിൽ 434 റൺസിനും റാഞ്ചിയിൽ അഞ്ച് വിക്കറ്റിനും വിജയിച്ച് രോഹിത് ശർമ്മയും സംഘവും പരമ്പര നേടുകയായിരുന്നു. മൂന്ന് കളികളിൽ 17 വിക്കറ്റുമായി ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് ജസ്പ്രീത് ബുമ്ര. ഇംഗ്ലണ്ട് സ്പിന്നർ ടോം ഹാർട്ലി മാത്രമാണ് ബുമ്രക്ക് മുന്നിലുള്ളത്.