ബെംഗളൂരു: വനിത പ്രീമിയർ ലീഗിൽ സീസണിലെ തുടർച്ചയായ രണ്ടാം ജയത്തോടെ യുപി വാരിയേഴ്‌സ് പോയിന്റെ പട്ടികയിൽ മൂന്നാമത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മത്സരത്തിൽ ഗുജറാത്ത് ജയന്റ്‌സിനെ ആറ് വിക്കറ്റിന് യുപി തോൽപിച്ചു. 143 റൺസ് വിജയലക്ഷ്യം 26 പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുപി വാരിയേഴ്‌സ് നേടുകയായിരുന്നു.

33 പന്തിൽ പുറത്താകാതെ 60 റൺസ് നേടിയ മധ്യനിര ബാറ്റർ ഗ്രേസ് ഹാരിസിന്റെ മികവിലാണ് യുപി വാരിയേഴ്‌സിന്റെ ആധികാരിക ജയം. സ്‌കോർ: ഗുജറാത്ത് ജയന്റ്‌സ്- 142/5 (20), യുപി വാരിയേഴ്‌സ്- 143/4 (15.4).

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 142 റൺസെടുത്തത്. ഓപ്പണർമാരായ ലോറ വോൾവാർഡ് 26 പന്തിൽ 28നും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ബേത്ത് മൂണി 16 പന്തിൽ 16 റൺസിനും മടങ്ങി.

എങ്കിലും ഒന്നാം വിക്കറ്റിൽ 5.2 ഓവറിൽ 40 റൺസ് പിറന്നു. ഇതിന് ശേഷം ഹർലിൻ ഡിയോൾ 24 ബോളിൽ 18ന് മടങ്ങിയപ്പോൾ 17 പന്തിൽ 30 എടുത്ത ആഷ്‌ലീ ഗാർഡ്‌നറുടെ ഇന്നിങ്‌സാണ് ജയന്റ്‌സിന് കരുത്തായത്. ദയാലൻ ഹേമലത രണ്ടും കാതറിൻ ബ്രൈസ് അഞ്ചും റൺസുമായി പുറത്താവാതെ നിന്നു. യുപി വാരിയേഴ്‌സിനായി സോഫീ എക്കിൾസ്റ്റൺ മൂന്നും രാജേശ്വരി ഗെയ്ക്വാദ് ഒന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിൽ കിരൺ നവ്ഗീറിനെ 8 പന്തിൽ 12 റൺസെടുത്ത് നിൽക്കേയും ചമാരി അട്ടപ്പട്ടുവിനെ 11 പന്തിൽ 17 റൺസെടുത്തും നഷ്ടമായെങ്കിലും ക്യാപ്റ്റനും ഓപ്പണറുമായ അലീസ ഹീലി, മധ്യനിര ബാറ്റർ ഗ്രേസ് ഹാരിസ് എന്നിവരുടെ ബാറ്റിങ് യുപി വാരിയേഴ്‌സിന് തുണയായി. അലീസ 21 പന്തിൽ 33 റൺസുമായി ടീമിന് നിർണായക സംഭാവന നൽകി.

പിന്നാലെ ശ്വേത ശെരാവത്ത് 7 പന്തിൽ രണ്ട് റൺസുമായി മടങ്ങിയത് യുപിക്ക് പ്രഹരമായി. എന്നാൽ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ദീപ്തി ശർമ്മയെ കൂട്ടുപിടിച്ച് ഗ്രേസ് ഹാരിസ് യുപിയെ ജയിപ്പിച്ചു. 30 പന്തിൽ ഫിഫ്റ്റി തികച്ച ഗ്രേസ് ഹാരിസ് 33 പന്തിൽ 60* ഉം, ദീപ്തി ശർമ്മ 14 പന്തിൽ 17* ഉം റൺസുമായി പുറത്താവാതെ നിന്നു.