അഹമ്മദാബാദ്: ഇന്ത്യൻ യുവ ക്രിക്കറ്റ്താരം ഓടിച്ച സൂപ്പർ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു. ഐപിഎൽ താരലേലത്തിൽ 3.60 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ച യുവതാരം റോബിൻ മിൻസിനാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റത്.

റോബിൻ മിൻസ് ഓടിച്ച കാവസാക്കിയുടെ സൂപ്പർ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ റോബിൻ മിൻസിന്റെ ബൈക്കിന്റെ മുൻവശം പൂർണമായും തകർന്നുവെന്ന് പിതാവ് ഫ്രാൻസിസ് മിൻസ് പറഞ്ഞു. പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച റോബിൻ മിൻസ് നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ഫ്രാൻസിസ് മിൻസ് വ്യക്താക്കി.

ഝാർഖണ്ഡിൽ നിന്നുള്ള വിക്കറ്റ് കീപ്പർ കൂടിയായ യുവതാരം റോബിൻ മിൻസിനെ ഐപിഎൽ താരലേലത്തിൽ 3.60 കോടി രൂപക്ക് സ്വന്തമാക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഐപിഎൽ ടീമിലെത്തുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ താരം കൂടിയാണ് വമ്പനടികൾക്ക് പേരുകേട്ട റോബിൻ മിൻസ്. ഇടംകൈയൻ കെയ്‌റോൺ പൊള്ളാർഡ് എന്നാണ് മിൻസിന്റെ ബാറ്റിങ് കണ്ട് യുവതാരത്തെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ വിശേഷിപ്പിച്ചത്.

എം എസ് ധോണിയുടെ കടുത്ത ആരാധകൻ കൂടിയായ റോബിൻ മിൻസ് ഇടം കൈയൻ ബാറ്ററാണ്. ധോണിയുടെ പരിശീലകനായിരുന്ന ചഞ്ചൽ ഭട്ടചാര്യയാണ് റോബിൻ മിൻസിന്റെ കഴിവുകൾ കണ്ടെത്തി പരിശീലനം നൽകിയത്. ഝാർഖണ്ഡിലെ ഗുംല ജില്ലക്കാരനായ മിൻസിനെ മുംബൈ ഇന്ത്യൻസ് നേരത്തെ ലണ്ടനിൽ പരിശീലനത്തിന് അയച്ചതോടെയാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ ശ്രദ്ദേയനായത്.

ഝാർഖണ്ഡിനായി ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പോലും കളിച്ചിട്ടില്ലെങ്കിലും അണ്ടർ 19, അണ്ടർ 25 ടീമുകൾക്കായി മിൻസ് കളിച്ചിട്ടുണ്ട്. സൈന്യത്തിൽ നിന്ന് വിരമിച്ച റോബിൻ മിൻസിന്റെ പിതാവ് ഫ്രാൻസിസ് മിൻസ് റാഞ്ചിയിലെ ബിർസാ മുണ്ട വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. റാഞ്ചി ടെസ്റ്റിനുശേഷം ധരംശാലയിലേക്ക് പോകുമ്പോൾ ഇന്ത്യൻ ടീം അംഗവും ഗുജറാത്ത് ടൈറ്റൻസ് നായകനുമായ ശുഭ്മാൻ ഗിൽ ഫ്രാൻസിസ് മിൻസുമായി കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.