മുംബൈ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പി എസ് എൽ) ടൂർണമെന്റിനിടെ ആനന്ദ് അംബാനി - രാധിക മെർച്ചന്റ് വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ മുൻ വെസ്റ്റ് ഇൻഡീസ് നായകനും മുംബൈ ഇന്ത്യൻസ് ബാറ്റിങ് പരിശീലകനുമായ കീരോൺ പൊള്ളാർഡിന് രൂക്ഷവിമർശനം. കറാച്ചി കിങ്സ് എന്ന പി എസ് എൽ ടീമിന്റെ ഭാഗമായ പൊള്ളാർഡ് മാർച്ച് ഒന്നിനാണ് ഗുജറാത്തിലെ ജാംനഗറിലെത്തിയത്. അംബാനി കുടുംബത്തിലെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട പ്രമുഖ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് അദ്ദേഹം. വിവാഹത്തിന്റെ ഭാഗമാകാൻ വേണ്ടി മത്സരങ്ങൾ ഉപേക്ഷിച്ച പൊള്ളാർഡിനെതിരെ പാക്കിസ്ഥാൻ ആരാധകരുടെ രോഷം ഉയരുകയാണ്.

പോള്ളാർഡ് ജാംനഗറിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടറിന് ആരാധകരിൽ നിന്ന് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം പൊള്ളാർഡ് ബാബറിന്റെ ടീമിനെ തകർത്തെന്നും ഇത് തീർത്തും അപമാനകരമാണെന്നും ചിലർ പരിഹസിച്ചു.

കറാച്ചി കിങ്സ് ഈ താരത്തെ വിശ്വസിച്ച് എങ്ങനെയാണ് പി എസ് എൽ കളിക്കുന്നതെന്ന് ചിലർ ചോദിച്ചു. പി എസ് എൽ കളഞ്ഞിട്ട് ഇന്ത്യയിൽ വന്നു, പി എസ് എല്ലിന്റെ സ്ഥാനം എന്താണെന്ന് തെളിച്ചു, പി എസ് എല്ലിനെ ഓർത്ത് ചിരിക്കാം എന്നിങ്ങനെയും കമന്റുകൾ ഉയർന്നു.

മുകേഷ് അംബാനിയുടെ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള മുംബയ് ഇന്ത്യൻസ് ഐ പി എൽ ടീമിന്റെ ഭാഗമാണ് പൊള്ളാർഡ്. കൂടാതെ റിലയൻസിന്റെ തന്നെ ഉടമസ്ഥതയിലുള്ള എസ് എ20, ഐ എൽ ടി20 എന്നിവയുടെയും ഭാഗമാണ് പൊള്ളാർഡ്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ടീമുകളുടെ ഭാഗമായ മറ്റ് താരങ്ങളും വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. അതേസമയം, ഇന്ന് കറാച്ചി കിങ്സ് മുൾട്ടാൻ സുൽത്താനുമായി ഏറ്റുമുട്ടുന്ന മത്സരത്തിൽ പങ്കെടുക്കാൻ പൊള്ളാർഡ് തിരികെ പാക്കിസ്ഥാനിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരും ആഡംബര വിവാഹത്തിൽ പങ്കെടുക്കാൻ ഗുജറാത്തിലെ ജാംനഗറിലെത്തിയിരുന്നു. പിഎസ്എൽ 2024ലെ കറാച്ചി കിങ്‌സിന്റെ ടോപ് സ്‌കോററാണ് പൊള്ളാർഡ്. അഞ്ച് മത്സരങ്ങളിൽനിന്നായി 196 റൺസാണ് വിൻഡീസ് ഓൾറൗണ്ടർ കറാച്ചി കിങ്‌സിനു വേണ്ടി നേടിയത്.

ജാംനഗറിലെത്തിയ പൊള്ളാർഡിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരെ ഫെബ്രുവരി 29ന് നടന്ന മത്സരത്തിൽ പൊള്ളാർഡ് കളിച്ചിരുന്നു.