മുംബൈ: രഞ്ജി ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ തമിഴ്‌നാടിനെതിരെ മുംബൈ ആദ്യ ഇന്നിങ്‌സിൽ മികച്ച ലീഡിലേക്ക്. രണ്ടാം ദിവസം മുംബൈയുടെ മുൻനിര താരങ്ങൾ ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോൾ വാലറ്റത്ത് ഷാർദൂൽ ഠാക്കൂർ നേടിയ വെടിക്കെട്ട് സെഞ്ചറിയാണ് കരുത്തായത്. ഏകദിന ശൈലിയിൽ ബാറ്റു വീശിയ ഷാർദൂൽ ഠാക്കൂർ 105 പന്തിൽ 109 റൺസെടുത്തു പുറത്താവുകയായിരുന്നു. നാലു സിക്‌സും 13 ഫോറുകളും താരം ബൗണ്ടറി കടത്തി.

തമിഴ്‌നാടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 146 റൺസിന് മറുപടിയായി രണ്ടാം ദിനം 106-7 ലേക്ക് തകർന്നടിഞ്ഞ മുംബൈയെ വാലറ്റത്ത് ഷാർദ്ദുൽ നേടിയ സെഞ്ചുറിയാണ് മികച്ച ലീഡിലേക്ക് എത്തിച്ചത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ മുംബൈ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 353 റൺസ് എന്ന നിലയിലാണ്. നിലവിൽ മുംബൈയ്ക്ക് 207 റൺസിന്റെ ലീഡുണ്ട്.

സെഞ്ചുറി നേട്ടവുമായി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച തനുഷ് കൊട്യാനും (109 പന്തിൽ 74), തുഷാർ ദേശ്പാണ്ഡെയുമാണ് (35 പന്തിൽ 17) പുറത്താകാതെ നിൽക്കുന്നത്. ക്യാപ്റ്റൻ അജിൻക്യ രഹാനെയടക്കം മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി.

67 പന്തുകൾ നേരിട്ട രഹാനെ 19 റൺസെടുത്തു പുറത്തായി. ശ്രേയസ് അയ്യരും (എട്ട് പന്തിൽ മൂന്ന്), പൃഥ്വി ഷായും (ഒൻപതു പന്തിൽ അഞ്ച്) ബാറ്റിങ്ങിൽ പരാജയപ്പെട്ടു. അതേസമയം ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ അർധ സെഞ്ചറി നേടി. 131 പന്തുകളിൽ 55 റൺസാണു താരം സ്വന്തമാക്കിയത്.

35 റൺസെടുത്ത വിക്കറ്റ് കീപ്പർ ഹാർദ്ദിക് തമോറെ(35)ക്കൊപ്പം എട്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ ഷാർദ്ദുലാണ് മുംബൈക്ക് നിർണായക ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്. ഒമ്പതാം വിക്കറ്റിൽ തനുഷ് കൊടിയനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടിലും ഷാർദ്ദുൽ പങ്കാളിയായി.

നേരത്തെ പൃഥ്വി ഷായും ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും ഇന്ത്യൻ താരം ശ്രേയസ് അയ്യരും അടക്കമുള്ള മുൻനിര നിരാശപ്പെടുത്തിയപ്പോൾ 55 റൺസെടുത്ത ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ മാത്രമാണ് മുംബൈക്കായി പൊരുതിയത്. തമിഴ്‌നാടിനായി ക്യാപ്റ്റൻ സായ് കിഷോർ ആറ് വിക്കറ്റെടുത്തു.

തിഴ്‌നാടിനെ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയെങ്കിലും പൃഥ്വി ഷാ(5), ഭൂപെൻ ലവ്ലാനി(15), മോഹിത് അവാസ്തി(2), അജിങ്ക്യാ രഹാനെ(19), ശ്രേയസ് അയ്യർ(3) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ മുംബൈ സമ്മർദ്ദത്തിലായി. ടീം സ്‌കോർ 100 കടന്നതിന് പിന്നാലെ അർധസെഞ്ചുറിയുമായി പിടിച്ചു നിന്ന മുഷീർ ഖാനും വീണു. രഞ്ജി ട്രോഫി കളിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് പുറത്തായ ശ്രേയസ് ആറാം നമ്പറിലാണ് മുംബൈക്കായി ബാറ്റിംഗിനിറങ്ങിയത്.

എട്ട് പന്തിൽ മൂന്ന് റൺസെടുത്ത ശ്രേയസിനെ മലയാളി പേസർ സന്ദീപ് വാര്യർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രഞ്ജിയിൽ നിരാശജനമായ പ്രകടനം തുടരുന്ന അജിങ്ക്യാ രഹാനെയാകട്ടെ 67 പന്തിൽ 19 റൺസെുത്ത് നല്ല തുടക്കമിട്ടെങ്കിലും സായ് കിഷോറിന്റെ പന്തിൽ ബാബാ ഇന്ദ്രജിത്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

തമിഴ്‌നാടിനായി ക്യാപ്റ്റൻ സായ് കിഷോർ ആറു വിക്കറ്റെടുത്തപ്പോൾ സന്ദീപ് വാര്യരും കുൽദീപ് സെന്നും ഓരോ വിക്കറ്റെടുത്തു. ഇന്നലെ തമിഴ്‌നാട് ഒന്നാം ഇന്നിങ്‌സിൽ 146 റൺസിന് ഓൾ ഔട്ടായിരുന്നു. 44 റൺസെടുത്ത വിജയ് ശങ്കറും 43 റൺസെടുത്ത വാഷിങ്ടൺ സുന്ദറും മാത്രമാണ് തമിഴ്‌നാടിനായി പൊരുതിയത്. മുംബൈക്കായി തുഷാർ ദേശ്പാണ്ഡെ നാലു വിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്‌സിൽ തമിഴ്‌നാട് 146 റൺസിനു പുറത്തായിരുന്നു. വിജയ് ശങ്കറും (109 പന്തിൽ 44), വാഷിങ്ടൻ സുന്ദറും (138 പന്തിൽ 43) മാത്രമാണു തമിഴ്‌നാടിനായി തിളങ്ങിയത്. മുംബൈയ്ക്കു വേണ്ടി തുഷാർ ദേശ്പാണ്ഡെ മൂന്നും, ഷാർദൂൽ ഠാക്കൂർ, മുഷീർ ഖാൻ, തനുഷ് കൊട്യാൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി.