ചെന്നൈ: ഐപിഎല്ലിൽ കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടിയാണ് ഓപ്പണർ ഡെവോൺ കോൺവെയുടെ പരിക്ക്. എന്നാൽ കോൺവെയുടെ സ്ഥാനത്ത് ഓപ്പണറായി നായകൻ എം എസ് ധോണി വന്നാലോ? കരിയറിന്റെ തുടക്കത്തിൽ ശ്രീലങ്കയ്ക്ക് എതിരെ വൺഡൗണായി ഇറങ്ങി സെഞ്ചുറി നേടി ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ച ധോണി ഐപിഎല്ലിൽ പുതിയ റോൾ ഏറ്റെടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്‌സിൽ നായകൻ പുതിയ റോൾ ഏറ്റെടുക്കുമോ എന്ന ചോദ്യം ഉയരാൻ കാരണവും ധോണി തന്നെയാണ്. തന്റെ റോളിനെ കുറിച്ച് പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് ധോണി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ധോണി ഇക്കാര്യം അപ്ഡേറ്റ് പുറത്തുവിട്ടത്. പുതിയ സീസണിനും പുതിയ വേഷത്തിനും വേണ്ടി കാത്തിരിക്കാൻ വയ്യെന്നും ധോണി പറഞ്ഞു. പുതിയ വേഷം എന്താണെന്ന് അറിയാൻ കാത്തിരിക്കൂവെന്നും ധോണി പറയുന്നുണ്ട്. പുതിയ വേഷം എന്താണെന്നാണ് ആരാധകർ അന്വേഷിക്കുന്നത്.

അദ്ദേഹം നായകസ്ഥാനം ഒഴിയുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അത്തരത്തിൽ ആശങ്ക ആരാധകർ എക്സിൽ പങ്കുവെക്കുന്നുണ്ട്. എന്നാൽ മറ്റുചിലർ പറയുന്നത് ധോണി ഓപ്പണറായി കളിക്കുമെന്നാണ്. ഡെവോൺ കോൺവെയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ ധോണി ഓപ്പണറായെത്തുമെന്നാണ് ആരാധകരുടെ അവകാശവാദം. എന്തായാലും എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

എന്നാൽ എം എസ് ധോണി ഓപ്പണറാകാനുള്ള സാധ്യത കുറവാണ്. മധ്യനിരയിൽ, പ്രത്യേകിച്ച് ഫിനിഷറുടെ റോളിൽ വിശ്വസ്തനായ ബാറ്റർ ചെന്നൈയ്ക്ക് ആവശ്യമുണ്ട് എന്നത് തന്നെയാണ് കാര്യം. അതെ സമയം ഡെവോൺ കോൺവെയുടെ പരിക്കാണ് ചെന്നൈയ്ക്ക് ആശങ്ക. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റ കോൺവെക്ക് ശസ്ത്രക്രിയ വേണ്ടിവരും. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞത് എട്ടാഴ്ചയെങ്കിലും കോൺവെക്ക് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഐപിഎല്ലിൽ ആദ്യഘട്ട മത്സരങ്ങളിൽ കോൺവെക്ക് കളിക്കാനാവില്ലെന്ന് ഉറപ്പായി. മെയ് മാസത്തോടെ മാത്രമെ കോൺവെക്ക് മത്സര ക്രിക്കറ്റിൽ തിരിച്ചെത്താനാവു എന്നാണ് സൂചന.

കഴിഞ്ഞ വർഷത്തെ ഐപിഎൽ ഫൈനലിൽ അടക്കം ചെന്നൈക്കായി നിർണായക പ്രകടനം പുറത്തെടുത്ത താരമാണ് കോൺവെ. സമീപകാലത്തായി മികച്ച ഫോമിലായിരുന്നില്ലെങ്കിലും ചെന്നൈ കുപ്പായത്തില!!െത്തിയാൽ കോൺവെ ഫോമിലാവുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്.

കോൺവെയുടെ പകരക്കാരനെ ചെന്നൈ പ്രഖ്യപിക്കില്ലെന്നാണ് സൂചന. അതേസമയം കോൺവെയുടെ അഭാവത്തിൽ മറ്റൊരു ന്യൂസിലൻഡ് താരമായ രചിൻ രവീന്ദ്രയാകും റുതുരാജ് ഗെയ്ക്വാദിനൊപ്പം ചെന്നൈക്കായി ഓപ്പണറായി എത്തുക എന്നാണ് റിപ്പോർട്ട്. ഏകദിന ലോകകപ്പിൽ രചിൻ രവീന്ദ്ര ന്യൂസിലൻഡിനായി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ഐപിഎൽ താരലേലത്തില് 1.80 കോടി രൂപക്കാണ് ചെന്നൈ രചിൻ രവീന്ദ്രയെ ടീമിലെത്തിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. മാർച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ആദ്യ മത്സരത്തിൽ തന്നെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണിയും മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും നേർക്കുനേർ വരുന്നത് ആരാധകർക്ക് കാണാനാകും.

ഇത് ഒൻപതാം തവണയാണ് ചെന്നൈ ഐപിഎല്ലിൽ ഉദ്ഘാടന മത്സരം കളിക്കാൻ ഒരുങ്ങുന്നത്. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം മാർച്ച് 24നാണ്. ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് എതിരാളികൾ. ഉച്ച കഴിഞ്ഞ് 2.30നും വൈകിട്ട് 6.30നുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.