മുംബൈ: രഞ്ജി ട്രോഫി സെമി ഫൈനലിൽ തമിഴ്‌നാടിനെ ഇന്നിങ്‌സിനും 70 റൺസിനും തകർത്ത് മുംബൈ ഫൈനലിൽ. 232 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ തമിഴ്‌നാട് രണ്ടാം ഇന്നിങ്‌സിൽ 162 റൺസിന് ഓൾ ഔട്ടായി. 70 റൺസെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്‌നാടിന്റെ രണ്ടാം ഇന്നിങ്‌സിൽ പൊരുതിയത്. നാലു വിക്കറ്റ് വീഴ്‌ത്തിയ ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഷാർദ്ദുൽ ഠാക്കൂർ, തനുഷ് കൊടിയാൻ, മൊഹിത് അവാസ്തി എന്നിവർ ചേർന്നാണ് തമിഴ്‌നാടിനെ തകർത്തത്.

ഇത് 48-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. അതിൽ 41 തവണയും കിരീടം നേടി. ഫൈനലിൽ വിദർഭ-മധ്യപ്രദേശ് സെമിഫൈനൽ വിജയികളെയാണ് മുംബൈ നേരിടുക. മാർച്ച് 10 മുതൽ വാംഖഡെ സ്റ്റേഡിയത്തിലാണ് ഫൈനൽ. തമിഴ്‌നാടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 146 റൺസിന് മറുപടിയായി 106 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായശേഷം വാലറ്റക്കാരുടെ മികവിലൂടെയാണ് മുംബൈ തിരിച്ചുവന്നത്. സെഞ്ചറിയും രണ്ട് ഇന്നിങ്‌സിൽനിന്നായി നാലു വിക്കറ്റും സ്വന്തമാക്കിയ ഷാർദൂൽ ഠാക്കൂറാണ് കളിയിലെ താരം. സ്‌കോർ: തമിഴ്‌നാട് 146, 162. മുംബൈ 378.

തമിഴ്‌നാടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 146 റൺസിന് മറുപടി ബാറ്റിങ്ങിൽ 7ന് 106 എന്ന നിലയിൽ പതറിയ മുംബൈയെ ഷാർദൂൽ ഠാക്കൂർ രക്ഷിച്ചെടുക്കുകയായിരുന്നു. ഒൻപതാമനായിറങ്ങിയ ഷാർദൂൽ 109 റൺസെടുത്തു. വാലറ്റത്ത് തനുഷ് കൊട്ടിയാൻ ഷാർദൂലിന് മികച്ച പിന്തുണ നൽകി. രണ്ടാം ദിനം 9ന് 353 എന്ന നിലയിലാണ് അവർ ബാറ്റിങ് അവസാനിപ്പിച്ചത്. മൂന്നാം ദിനം 25 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിച്ച വിക്കറ്റും വീണു. അർഹമായ സെഞ്ചറിക്ക് 11 റൺസ് അകലെ കൊട്ടിയാന് ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു. 12 ബൗണ്ടറികൾ സഹിതം 89 റൺസ് നേടിയ താരം പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ച തമിഴ്‌നാടിന് സ്‌കോർ ബോർഡിൽ 10 റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാരെ നഷ്ടമായി. ബാബാ ഇന്ദ്രജിത്തും പ്രദോഷ് പോളും (25) ചേർന്ന് കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റാൻ ശ്രമിച്ചു. വിജയ് ശങ്കർ (24), രവിശ്രീനിവാസൻ സായ്കിഷോർ (21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ. മധ്യനിരയും വാലറ്റവും കൂട്ടത്തോടെ തകർച്ച നേരിട്ടപ്പോൾ തമിഴ്‌നാട് 162ന് പുറത്തായി.

നേരത്തെ ക്വാർട്ടറിൽ പത്താമതായി ഇറങ്ങിയ തനുഷ് കൊട്ടിയാനും പതിനൊന്നാമനായി ഇറങ്ങിയ തുഷാർ ദേശ്പാണ്ഡെയും സെഞ്ചറികൾ നേടി റെക്കോർഡിട്ടിരുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ചരിത്രത്തിൽ 48-ാം തവണയാണ് മുംബൈ ഫൈനലിലെത്തുന്നത്. 41 തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. വിദർഭ - മധ്യപ്രദേശ് സെമിഫൈനൽ വിജയികളെയാണ് മുംബൈ ഫൈനലിൽ നേരിടുക. മാർച്ച് 10 മുതൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.