- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധരംശാല ടെസ്റ്റ്: ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിൽ 2 പേസർമാർ, ഇന്ത്യക്ക് കൺഫ്യൂഷൻ
ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിന് വ്യാഴാഴ്ച ധരംശാലയിൽ തുടക്കമാകാനിരിക്കെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മൂന്ന് പേസർമാരെ ഉൾപ്പെടുത്തുമോ എന്ന് ഉറ്റുനോക്കി ആരാധകർ. പരമ്പരയിൽ ഇതുവരെ നടന്ന മത്സരങ്ങളെല്ലാം സ്പിന്നിനെ സഹായിക്കുന്ന സ്ലോ പിച്ചുകളായിരുന്നു. എന്നാൽ ധരംശാലയിലെ മൂടിക്കെട്ടിയ തണുത്ത അന്തരീക്ഷം പേസർമാരെ തുണക്കുമെന്ന വിലയിരുത്തലാണ് ഇന്ത്യൻ ടീമിനെ കൺഫ്യൂഷനിലാക്കുന്നത്.
പ്ലേയിങ് ഇലവനിൽ മൂന്ന് സ്പിന്നർമാർ വേണോ മൂന്ന് പേസർമാർ വേണോ എന്നതാണ് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇതിനു മുമ്പ് 2017ലാണ് ധരംശാല ടെസ്റ്റ് മത്സരത്തിന് വേദിയായത്. അന്ന് കുൽദീപ് യാദവാണ് അഞ്ച് വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയത്. ധരംശാലയിൽ ഇറങ്ങുമ്പോൾ ഈ വർഷത്തെ രഞ്ജി മത്സരങ്ങളിലെ കണക്കുകൾ ഇന്ത്യക്ക് കാണാതിരിക്കാനാവില്ല. ഈ സീസണിൽ നാല് രഞ്ജി മത്സരങ്ങൾക്കാണ് ധരംശാല വേദിയായത്. അതിൽ പേസർമാർ 814 ഓവറിൽ 122 വിക്കറ്റുകൾ എറിഞ്ഞിട്ടു. ശരാശരി 23.17. എന്നാൽ 122.2 ഓവർ എറഞ്ഞ സ്പിന്നർമാർക്ക് വീഴ്‌ത്താനായത് വെറും ഏഴ് വിക്കറ്റുകൾ മാത്രമാണ്. ശരാശരി 58.42.
മുൻ മത്സരങ്ങളിലേതുപോലെയായിരിക്കില്ല ധരംശാലയിലെ പിച്ചിൽ നിന്ന് പേസർമാർക്ക് വേഗവും ബൗൺസും ലഭിക്കും. മറ്റ് വേദികളിലെ പിച്ചുകളെ പോലെ വെയിലേറ്റ് വിണ്ടു കീറാനുള്ള സാധ്യതയും കുറവാണ്. ധരംശാലയുടെ ആകെയുള്ള ചരിത്രമെടുത്താലും പേസർമാരാണ് മികവ് കാട്ടിയിട്ടുള്ളത്. ഇതുവരെ ഇവിടെ കളിച്ച 49 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ സ്പിന്നർമാരുടെ ശരാശരി 41.02 ആണെങ്കിൽ പേസർമാർ 27.90 ശരാശരിയിലാണ് വിക്കറ്റെടുത്തത്.
എന്നാൽ 2017ൽ ഇന്ത്യയും ഇംഗ്ലണ്ടും ഇവിടെ അവസാനം ഏറ്റുമുട്ടിയപ്പോൾ ആകെ വീണ 30 വിക്കറ്റിൽ 18ഉം വീഴ്‌ത്തിയത് സ്പിന്നർമാരായിരുന്നു. ആദ്യ ഇന്നിങ്‌സിൽ അരങ്ങേറ്റക്കാരനായ കുൽദീപ് യാദവ് നാലു വിക്കറ്റെടുത്തപ്പോൾ ഓസീസിനായി ആദ്യ ഇന്നിങ്‌സിൽ നേഥൻ ലിയോൺ അഞ്ച് വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്‌സിൽ അശ്വിനും ജഡേജയും ചേർന്ന് ഇന്ത്യക്കായി ആറ് വിക്കറ്റ് പങ്കിട്ടു.
നാളെ തുടങ്ങുന്ന അഞ്ചാം ടെസ്റ്റിൽ മൂന്ന് പേസർമാരെ കളിപ്പിക്കാൻ തീരുമാനിച്ചാൽ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ആകാശ് ദീപും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെത്തും. മൂന്ന് സ്പിന്നർമാരെ കളിപ്പിക്കാൻ തീരുമാനിച്ചാൽ ആകാശ് ദീപ് പുറത്താവും. പകരം കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ കുൽദീപ് യാദവ് പ്ലേയിങ് ഇലവനിലെത്തും.
അതേ സമയം അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ കളിച്ച ഒലി റോബിൻസണെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയപ്പോൾ പേസർ മാർക് വുഡ് തിരിച്ചെത്തി. സ്പിന്നർമാരായി ഷുയൈബ് ബഷീറും ടോം ഹാർട്ലിയും പ്ലേയിങ് ഇലവനിൽ തുടരും.
മൂന്നാമത് ഒരു പേസറെ കൂടി ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ കളിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രണ്ട് സ്പിന്നർമാരെ നിലനിർത്താൻ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു. ഹിമാചൽപ്രദേശും ഡൽഹിയും തമ്മിൽ രഞ്ജി ട്രോഫി മത്സരം കളിച്ച പിച്ചിൽ തന്നെയാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റും കളിക്കുന്നത്. ഹിമാചൽ-ഡൽഹി മത്സരത്തിൽ വീണ 40 വിക്കറ്റിൽ 36ഉം സ്വന്തമാക്കിയത് പേസർമാരായിരുന്നു.
എന്നാൽ അവസാനവട്ട പിച്ച് പരിശോധനക്ക് ശേഷം ടീമിന്റെ സന്തുലനം നിലനിർത്താൻ രണ്ട് സ്പിന്നർമാരും രണ്ട് പേസർമാരുമെന്ന തീരുമാനത്തിൽ ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് എത്തി. റാഞ്ചി ടെസ്റ്റിൽ 70 ഓവറുകൾ എറിഞ്ഞ ഷുയൈബ് ബഷീറിന് കൈവിരലിൽ പരിക്കേറ്റിരുന്നു. ഇംഗ്ലണ്ടിന്റെ അവസാന പരിശീലന സെഷനിൽ ബഷീർ പങ്കെടുത്തിരുന്നുമില്ല.
എന്നാൽ വയറിന് അസുഖമായതിനാലാണ് ബഷീറും റോബിൻസണും അവസാന പരിശീലന സെഷനിൽ പങ്കെടുക്കാതിരുന്നതെന്ന് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ അടുത്ത മൂന്ന് ടെസ്റ്റിലും ജയിച്ച് ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ബെൻ ഫോക്‌സ്, ടോം ഹാർട്ട്‌ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ,ഷോയൈബ് ബഷീർ.