ധരംശാല: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച ധരംശാലയിൽ നടക്കാനിരിക്കെ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിന്റെ അനാവശ്യ പരാമർശത്തിന് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്റ്റ് മത്സരങ്ങളിൽ യശസ്വി ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ക്രെഡിറ്റ് ഇംഗ്ലിഷ് ടീമിനു കൂടി അവകാശപ്പെട്ടതാണെന്ന ബെൻ ഡക്കറ്റിന്റെ പ്രസ്താവനയ്ക്കാണ് രോഹിത് ശർമ മറുപടി നൽകിയത്.

ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലി ഇംഗ്ലിഷ് ടീമിന്റെ കളിക്കു സമാനമാണെന്നായിരുന്നു ഡക്കറ്റിന്റെ കണ്ടെത്തൽ. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനു മുൻപ് ഡക്കറ്റ് ഋഷഭ് പന്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ടാകില്ലെന്നാണ് രോഹിത് ശർമ മറുപടി നൽകിയത്.

"ഋഷഭ് പന്ത് എന്നൊരു താരം ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കളി ബെൻ ഡക്കറ്റ് കണ്ടിരിക്കാൻ സാധ്യതയില്ല." അഞ്ചാം ടെസ്റ്റിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ രോഹിത് ശർമ പ്രതികരിച്ചു.

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ടോപ് സ്‌കോററാണ് യശസ്വി ജയ്‌സ്വാൾ. നാല് മത്സരങ്ങളിൽനിന്ന് താരം നേടിയത് 655 റൺസ്. രാജ്‌കോട്ടിൽ യശസ്വിയുടെ ബൗണ്ടറികൾ കണ്ട് ത്രില്ലടിച്ച ഡക്കറ്റ്, താരത്തിന്റേത് ബാസ്‌ബോൾ ശൈലിയാണെന്നു പുകഴ്‌ത്തുകയായിരുന്നു.

"എതിർനിരയിലെ താരങ്ങൾ ഇങ്ങനെ കളിക്കുമ്പോൾ കുറച്ചു ക്രെഡിറ്റ് നമുക്കും എടുക്കാമെന്നു തോന്നുന്നു. മറ്റുള്ളവർ കളിക്കുന്നതു പോലെയല്ല ഈ ടീം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്." എന്നാണ് ബെൻ ഡക്കറ്റ് മുൻപ് പ്രതികരിച്ചത്.

ഡക്കറ്റിന്റെ വാക്കുകൾക്കു മറുപടിയുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസെയ്ൻ തന്നെ നേരത്തേ രംഗത്തെത്തിയിരുന്നു. യശസ്വി ആരെയും കണ്ടു പഠിച്ചതല്ലെന്നും, കഴിവെല്ലാം സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു നാസർ ഹുസെയ്‌ന്റെ മറുപടി.

ഒരു ടെസ്റ്റ് പരമ്പരയിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിൽ സുനിൽ ഗാവസ്‌കറെ (774) മറികടക്കാൻ യശസ്വി ജയ്‌സ്വാളിന് ഇനി 120 റൺസ് കൂടി വേണം. ധരംശാലയിൽ ജയ്‌സ്വാൾ ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരമ്പര നേരത്തേ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

അതേ സമയം കാറപകടത്തെ തുടർന്ന ഗുരുതര പരിക്കേറ്റ ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരികെ എത്താനുള്ള കഠിന പ്രയത്‌നത്തിലാണ്. 2022 ഡിസംബർ മുപ്പതിനുണ്ടായ അപകടത്തെ തുടർന്നാണ് പന്തിന് പരിക്കേൽക്കുന്നത്. ഒന്നര വർഷത്തോളം കളത്തിന് പുറത്താണ് പന്ത്. ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിന്റെ ക്യാപ്റ്റനായ പന്ത് ഇപ്പോൾ കളത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. നാഷണൽ ക്രിക്കറ്റ് അക്കാദമയിൽ പരിശീലന മാച്ച് കളിച്ചിരുന്നു പന്ത്. അദ്ദേഹം ഇത്തവണ ഐപിഎൽ കളിക്കുമെന്ന് ഡൽഹി കാപിറ്റൽസ് ഡയറക്റ്റർ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

നാളെ ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ധരംശാലയിൽ തുടക്കമാകുന്നത്. നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിന്ന് ജസ്പ്രിത് ബുമ്ര അവസാന ടെസ്റ്റിൽ തിരിച്ചെത്തും. ടി20 ലോകകപ്പ് മുൻനിർത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുമ്രയ്ക്ക് റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചത്. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം. 13.64 ശരാശരിയിൽ 17 വിക്കറ്റാണ് താരം വീഴ്‌ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാൾ സീമർ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനിൽ ഇടംപിടിച്ചിരുന്നു.