ധരംശാല: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച ശേഷം അവിശ്വസനീയമായാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്. ഒരു വിക്കറ്റിന് നൂറ് റൺസ് പിന്നിട്ട ശേഷം 118 റൺസ് ചേർക്കുന്നതിനിടെ സന്ദർശകർ കൂടാരം കയറുകയായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് നീങ്ങുമ്പോഴാണ് വൺഡൗണായി ഇറങ്ങിയ ഒലി പോപ്പിന്റെ വിക്കറ്റ് വീണത്.

ക്രീസ് വിട്ടിറങ്ങി സ്‌കോർ ചെയ്യാൻ ഒലി പോപ്പ് ശ്രമിക്കുമെന്ന യുവവിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന്റെ മുന്നറിയിപ്പായിരുന്നു കുൽദീപിന് രണ്ടാം വിക്കറ്റിനുള്ള വഴിയൊരുക്കിയത്. ഒലി പോപ് ബാറ്റിങ്ങിനിടെ ക്രീസിൽ നിന്ന് ഇറങ്ങി അടിക്കുമെന്നു പറഞ്ഞ ജുറെൽ, അടുത്ത പന്തിൽ തന്നെ താരത്തെ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കുൽദീപ് യാദവിനാണ് ഒലി പോപ്പിന്റെ വിക്കറ്റ്. വൺഡൗണായി ഇറങ്ങിയ ഒലി പോപ്പ് 24 പന്തുകളിൽനിന്ന് 11 റൺസാണു നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ 26-ാം ഓവറിലെ മൂന്നാം പന്തിന് മുമ്പ് വിക്കറ്റിന് പിന്നിൽ നിന്ന് ജൂറെൽ ഒരു പ്രവചനം നടത്തുകയായിരുന്നു.

തൊട്ടടുത്ത പന്ത് നേരിടാൻ ഓലീ പോപ് ക്രീസ് വിട്ടിറങ്ങും എന്നായിരുന്നു ഹിന്ദിയിൽ ധ്രുവിന്റെ വാക്കുകൾ. ഈ നിർദ്ദേശം അനുസരിച്ച് കുൽദീപ് ഗൂഗ്ലി എറിഞ്ഞപ്പോൾ സ്റ്റെപ്ഔട്ട് ചെയ്ത് കളിച്ച പോപിന് ബാറ്റിൽ പന്ത് മുട്ടിക്കാനായില്ല. ധ്രുവ് ജൂറെൽ അനായാസം ഓലീ പോപിനെ സ്റ്റംപ് ചെയ്തു. 24 പന്ത് നേരിട്ട ഓലീ പോപിന് 11 റൺസേ നേടാനായുള്ളൂ.

ബൗളർമാർക്ക് കൃത്യമായി നിർദ്ദേശം കൊടുത്ത് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി വിക്കറ്റുകൾ പിഴുതെറിയുന്നത് നമ്മൾ പലകുറി കണ്ടിട്ടുണ്ട്. ധോണിയുടെ വിശ്വസ്തനായ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇത്തരത്തിൽ പന്തെറിഞ്ഞ് നിരവധി വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. ആർ അശ്വിൻ വൈഡ് ലൈനിലും ടേൺ ചെയ്യിപ്പിച്ചും എറിയുന്ന പന്തുകളിൽ ധോണി ബാറ്റർമാരെ സ്റ്റംപ് ചെയ്യുക പതിവായിരുന്നു. ഇത്തരമൊരു കാഴ്ചയ്ക്കാണ് ധരംശാലയിൽ ഇന്ന് ആരാധകർ സാക്ഷിയായത്.

മത്സരത്തിൽ ഇംഗ്ലണ്ടിന് നഷ്ടമായ രണ്ടാം വിക്കറ്റായിരുന്നു ഇത്. നേരത്തെ ഓപ്പണർ ബെൻ ഡക്കെറ്റിനെ പുറത്താക്കിയതും കുൽദീപ് യാദവായിരുന്നു. 30 വാര സർക്കിളിൽ നിന്ന് പിന്നോട്ട് ഓടിയുള്ള ശുഭ്മാൻ ഗില്ലിന്റെ പറക്കും ക്യാച്ചിലായിരുന്നു ഡക്കെറ്റിന്റെ പുറത്താകൽ. 58 പന്തിൽ 27 റൺസാണ് ബെൻ ഡക്കെറ്റ് നേടിയത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 218 റൺസിന് പുറത്തായി. കുൽദീപ് യാദവ് ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റ് വീഴ്‌ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ആർ. അശ്വിൻ നാലു വിക്കറ്റുകൾ സ്വന്തമാക്കി.

സാക് ക്രൗലി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോണി ബെയർ‌സ്റ്റോ, ബെൻ സ്റ്റോക്‌സ് എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഇന്നിങ്‌സിൽ കുൽദീപ് യാദവ് വീഴ്‌ത്തിയത്.108 പന്തിൽ 79 റൺസെടുത്ത സാക് ക്രൗലിയാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ.