- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്സ്വാളിനും രോഹിത്തിനും അർധ സെഞ്ചറി, ഒന്നാംദിനം ഇന്ത്യ മികച്ച നിലയിൽ
ധരംശാല: ഇംഗ്ലണ്ടിനെതിരായ ധരംശാല ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ 30 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ചറിയുമായി ക്യാപ്റ്റൻ രോഹിത് ശർമയും (83 പന്തിൽ 52), ശുഭ്മൻ ഗില്ലുമാണ് (39 പന്തിൽ 26) ക്രീസിൽ. അർധ സെഞ്ചറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 58 പന്തുകളിൽനിന്ന് ജയ്സ്വാൾ 57 റൺസെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ 57.4 ഓവറിൽ 218 റൺസിൽ അവസാനിച്ചു. അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത കുൽദീപ് യാദവും നാലുവിക്കറ്റ് നേടി 100-ാം ടെസ്റ്റ് ഗംഭീരമാക്കിയ രവിചന്ദ്രൻ അശ്വിനുമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ എറിഞ്ഞൊതുക്കിയത്. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്. ഇംഗ്ലണ്ടിനായി ഓപ്പണർ സാക് ക്രൗളി 79 റൺസെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് കരുതലോടെയാണ് ആരംഭിച്ചത്. ഒരു ഘട്ടത്തിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് 118 റൺസ് ചേർക്കുന്നതിനിടെ ഒൻപത് വിക്കറ്റുകൾ നഷ്ടമായി. ധരംശാലയിലെ പേസർമാർക്ക് ആനുകൂല്യം ലഭിക്കുമെന്ന് വിലയിരുത്തിയ പിച്ചിൽ സ്പിന്നർമാരാണ് ആദ്യ ഇന്നിങ്സിൽ ഇന്ദ്രജാലം കാണിച്ചത്.
43.4 ഓവറിൽ നാലിന് 175 റൺസെന്ന നിലയിൽനിന്ന് ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. ഓപ്പണർ സാക് ക്രൗലി അർധ സെഞ്ചറി നേടി. 108 പന്തുകൾ നേരിട്ട ക്രൗലി 79 റൺസെടുത്തു പുറത്തായി. സ്കോർ 64 ൽ നിൽക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 58 പന്തിൽ 27 റൺസെടുത്ത ബെൻ ഡക്കറ്റിനെ കുൽദീപ് യാദവ് ശുഭ്മൻ ഗില്ലിന്റെ കൈകളിലെത്തിച്ചു. 42 പന്തിൽ 11 റൺസെടുത്ത ഒലി പോപ്പിനെ കുൽദീപിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ സ്റ്റംപ് ചെയ്തു മടക്കി. ലഞ്ചിനു പിരിയുമ്പോൾ രണ്ടിന് 100 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.
ഭക്ഷണത്തിനു ശേഷം രണ്ടാം സെഷൻ തുടങ്ങിയതിനു പിന്നാലെ സാക് ക്രൗലി കുൽദീപ് യാദവിന്റെ പന്തിൽ ബോൾഡായി. 108 പന്തുകൾ നേരിട്ട് 79 റൺസ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോററാണ് ക്രൗളി. നാലാമതെത്തിയ ജോണി ബെയർസ്റ്റോയെയും കുൽദീപ് തന്നെയാണ് മടക്കിയത്. ഇത്തവണയും ക്യാച്ച് ധ്രുവ് ജുറേലിന്. തന്റെ 100-ാം ടെസ്റ്റ് മത്സരത്തിൽ ബാറ്റേന്തിയ ബെയർസ്റ്റോ തകർപ്പനടികളോടെ തുടങ്ങിയെങ്കിലും വലിയ തുടർച്ചയുണ്ടായില്ല. 18 പന്തിൽ 29 റൺസെടുത്തു മടങ്ങി. ജോ റൂട്ടിനെ വിക്കറ്റിനു മുന്നിൽ കുരുക്കി രവീന്ദ്ര ജഡേജയും വേട്ടയ്ക്ക് തുടക്കമിട്ടു. 26 റൺസാണ് റൂട്ടിന്റെ സമ്പാദ്യം.
പിന്നാലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ പൂജ്യത്തിന് മടക്കി കുൽദീപ് വീണ്ടും തിരിച്ചെത്തി. എൽ.ബി.ഡബ്ല്യൂ. ആയിരുന്നു. കുൽദീപിന്റെ അഞ്ചാം വിക്കറ്റ്. ടീം സ്കോർ 183-ൽ നിൽക്കേ, ടോം ഹാർട്ടിലിയെയും (ആറ്) മാർക്ക് വുഡിനെയും (പൂജ്യം) രവിചന്ദ്രൻ അശ്വിൻ മടക്കി. സ്കോർ 218-ൽ നിൽക്കേ, ബെൻ ഫോക്സിനെയും (24) ജെയിംസ് ആൻഡേഴ്സനെയും (പൂജ്യം) അശ്വിൻ തന്നെ മടക്കി. ആൻഡേഴ്സൺ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഷുഹൈബ് ബഷീർ പുറത്താവാതെ 11 റൺസ് നേടി.
ഹിമാചൽപ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര നേരത്തേ 3-1ന് സ്വന്തമാക്കിയ ഇന്ത്യ ആധിപത്യം ക്കുകയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കുവേണ്ടി ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റം കുറിച്ചു. രജത് പാട്ടിദറിനു പകരക്കാരനായാണ് ദേവ്ദത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. ആകാശ് ദീപിന് പകരമായി ജസ്പ്രീത് ബുംറയെയും ഉൾപ്പെടുത്തി. ഇംഗ്ലണ്ട് നിരയിൽ ഒലീ റോബിൻസനു പകരം മാർക്ക് വുഡ് തിരിച്ചെത്തി എന്ന ഏക മാറ്റമാണുള്ളത്. രവിചന്ദ്രൻ അശ്വിന്റെ നൂറാം ടെസ്റ്റാണിതെന്ന പ്രത്യേകത കൂടിയുണ്ട് ഇന്ത്യക്ക്. ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയ്ക്കും ഇത് നൂറാം ടെസ്റ്റാണ്.