ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് ഡബിൾ സെഞ്ചുറിയടക്കം നേടി ഇന്ത്യൻ ബാറ്റിങ് നിരയുടെ വിശ്വസ്തനായി മാറിയ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിലാക്കി. ടെസ്റ്റിൽ അതിവേഗം 1000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററെന്ന നേട്ടമാണ് താരം കൈവരിച്ചത്.

ധരംശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനമാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഒമ്പത് മത്സരങ്ങളിൽനിന്നാണ് താരം 1000 റൺസിലെത്തിയത്. 11 മത്സരങ്ങളിൽനിന്ന് 1000 റൺസിലെത്തിയ മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്‌കർ, ചേതേശ്വർ പൂജാര എന്നിവരെയാണ് താരം മറികടന്നത്. ഇന്നിങ്‌സുകളുടെ കണക്കെടുത്താൽ രണ്ടാമതാണ്. 16 ഇന്നിങ്‌സുകളിൽനിന്നാണ് താരം 1000 റൺസിലെത്തുന്നത്.

എന്നാൽ, വിനോദ് കാംബ്ലി 14 ഇന്നിങ്‌സുകളിൽ 1000 റൺസ് നേടിയിരുന്നു. ഇന്ത്യക്കായി ടെസ്റ്റിൽ 1000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരവുമായി ജയ്‌സ്വാൾ. സചിൻ ടെണ്ടുൽക്കർ (19 വയസ്സും 217 ദിവസവും), കപിൽ ദേവ് (21 വയസ്സും 27 ദിവസവും), രവി ശാസ്ത്രി (21 ദിവസവും 197 ദിവസവും) എന്നിവരാണ് മുന്നിലുള്ളത്. ജയ്‌സ്വാളിന് 22 വയസ്സും 70 ദിവസവും.

ഒരു ടെസ്റ്റ് പരമ്പരയിൽ 692 റൺസെന്ന കോഹ്ലിയുടെ റെക്കോഡും ജയ്‌സ്വാൾ മറികടന്നു. പരമ്പരയിൽ ജയ്‌സ്വാൾ ഇതുവരെ 712 റൺസാണ് നേടിയത്. രണ്ടാം ഇന്നിങ്‌സിൽ 62 റൺസ് കൂടി നേടിയാൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ സുനിൽ ഗവാസ്‌കറിന്റെ റെക്കോഡിനൊപ്പമെത്താൻ ജയ്‌സ്വാളിനാകും. 1971ൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഗവാസ്‌കർ 774 റൺസ് നേടിയത്. ഒന്നാം ഇന്നിങ്‌സിൽ 58 പന്തുകളിൽനിന്ന് 57 റൺസെടുത്താണ് ജയ്‌സ്വാൾ പുറത്തായത്.

അതേ സമയം ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 24 വർഷം നീണ്ട കരിയറിൽ കുറിച്ച സിക്‌സർ റെക്കോർഡ് ഇംഗ്ലണ്ടിനെതിരായ ഒറ്റ പരമ്പരയിൽ തന്നെ യശസ്വി ജയ്‌സ്വാൾ മറികടന്നു. ടെസ്റ്റ് ക്രിക്കറ്റിൽ എതിരാളികൾക്കെതിരെ ഏറ്റവും കൂടുതൽ സിക്‌സുകൾ പറത്തുന്ന താരമെന്ന റെക്കോർഡാണ് യശസ്വി ഇന്ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് സ്പിന്നർ ഷുയൈബ് ബഷീറിനെതിരെ തുടർച്ചയായി മൂന്ന് സിക്‌സുകൾ പറത്തിയ യശസ്വി ഈ പരമ്പരയിലെ സിക്‌സർ നേട്ടം 26 ആക്കി ഉയർത്തി.

24 വർഷം നീണ്ട കരിയറിൽ സച്ചിൻ ടെൻഡുൽക്കർ ഓസ്‌ട്രേലിയക്കെതിരെ 25 സിക്‌സുകൾ നേടിയതിന്റെ റെക്കോർഡാണ് ഒറ്റ പരമ്പരയിൽ 26 സിക്‌സ് അടിച്ച് യശസ്വി മറികടന്നത്.ഇതിന് പുറമെ ഈ പരമ്പരയിൽ മാത്രം 712 റൺസടിച്ച യശസ്വി ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 1000 റൺസടിക്കുന്ന ഓപ്പണറെന്ന റെക്കോർഡും ഇന്ന് സ്വന്തം പേരിലാക്കി.

പന്തുകൊണ്ട് കുൽദീപ് യാദവും ആർ. അശ്വിനും ഇന്ദ്രജാലം കാണിച്ചപ്പോൾ, ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 218 റൺസിന് പുറത്തായി. കുൽദീപിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് സന്ദർശകരെ തകർത്തത്. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ആർ. അശ്വിൻ നാലു വിക്കറ്റുകൾ സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറിയുമായി നായകൻ രോഹിത് ശർമയും (83 പന്തിൽ 52), ശുഭ്മൻ ഗില്ലുമാണ് (39 പന്തിൽ 26) ക്രീസിൽ.