- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറിയുമായി രോഹിതും ഗില്ലും; ഇന്ത്യ മികച്ച സ്കോറിലേക്ക്
ധരംശാല: ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രണ്ടാംദിനത്തിന്റെ ആദ്യ സെഷനിൽ തകർപ്പൻ സെഞ്ചുറി നേട്ടത്തിലൂടെ ആരാധകർക്ക് ആഘോഷിക്കാൻ വകനൽകി നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും. 154 പന്തുകളിൽ നിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാം സെഞ്ചറി പൂർത്തിയാക്കിയത്. ഗിൽ 137 പന്തുകളിൽ മൂന്നക്കം പിന്നിട്ടു. ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിൽനിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, രണ്ടാംദിനം ലഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോൾ 60 ഓവറിൽ 264 റൺസെടുത്തു.
രോഹിത്തിന്റെയും ഗില്ലിന്റെ ബാറ്റിങ് കരുത്തിൽ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയുടെ ലീഡ് 44 റൺസ് പിന്നിട്ടു. രണ്ടാംദിവസം ഒറ്റ വിക്കറ്റും നഷ്ടപ്പെട്ടിട്ടില്ല. സെഞ്ചുറിയോടെ രോഹിത് ശർമയും (102) ശുഭ്മാൻ ഗില്ലും (101) ആണ് ക്രീസിൽ. നേരത്തെ ഓപ്പണർ യശസ്വി ജയ്‌സ്വാൾ 58 പന്തിൽ 57 റൺസെടുത്തു പുറത്തായി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 218 റൺസിന് പുറത്തായിരുന്നു. കുൽദീപ് യാദവ് ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റ് വീഴ്‌ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ആർ. അശ്വിൻ നാലു വിക്കറ്റുകൾ സ്വന്തമാക്കി. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിക്കുന്ന ഒരു വിക്കറ്റ്. ധരംശാലയിലെ പേസർമാർക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചിൽ സ്പിന്നർമാരാണ് ആദ്യ ഇന്നിങ്‌സിൽ ഇന്ദ്രജാലം കാണിച്ചത്.
15 ഓവറിൽ 72 റൺസ് വിട്ടുനൽകിയാണ് കുൽദീപ് അഞ്ചുവിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യത്തെ നാല് വിക്കറ്റും കുൽദീപിനായിരുന്നു. 11.4 ഓവർ എറിഞ്ഞ് 51 റൺസ് വിട്ടുനൽകിയാണ് അശ്വിൻ തന്റെ നൂറാം ടെസ്റ്റ് മത്സരം നാല് വിക്കറ്റ് നേട്ടത്തോടെ ഗംഭീരമാക്കിയത്. ജഡേജ 10 ഓവറിൽ 17 റൺസ് വിട്ടുനൽകി ഒരു വിക്കറ്റെടുത്തു.
ബാസ്‌ബോളിൽ പിഴച്ച് ഇംഗ്ലണ്ട്
പന്തിനെയും പിച്ചിനെയും മനസ്സിലാക്കാതെയുള്ള ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് വിനയായത്. ഈ പിച്ചിൽ ബാറ്റിങ് അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്ന് ഇന്ത്യ ബാറ്റിങ് തുടങ്ങിയപ്പോൾ അവർ തിരിച്ചറിഞ്ഞുകാണും. സാക് ക്രൗളിയും (79) ബെൻ ഡക്കറ്റും (27) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 64 റൺസിലെത്തിച്ചിരുന്നു.
ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേർന്ന് എറിഞ്ഞ ആദ്യ 14 ഓവറിൽ വലിയ പരിക്കില്ലാതെ പിടിച്ചുനിന്നു. 18-ാം ഓവറിൽ ബൗളിങ് തുടങ്ങിയ കുൽദീപ് യാദവ് ആറാം പന്തിൽത്തന്നെ വിക്കറ്റെടുത്തു. തീർത്തും അക്ഷമനായ ഡക്കറ്റ് കൂറ്റൻ ഷോട്ടടിച്ച് ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി. രണ്ടാം വിക്കറ്റിൽ ഒലി പോപ്പിനെ (11) കൂട്ടുപിടിച്ച് ക്രൗളി 100 റൺസിലെത്തിച്ചു. കുൽദീപിന്റെ പന്തിൽ ക്രീസ് വിട്ടുവന്ന് പ്രഹരിക്കാൻ നോക്കിയ പോപ്പിനെ ധ്രുവ് ജുറെൽ സ്റ്റമ്പ് ചെയ്തു. ക്രൗളി ക്ലീൻ ബൗൾഡായി.
നൂറാം ടെസ്റ്റിന് ഇറങ്ങിയ ജോണി ബെയർസ്റ്റോ 18 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 29 റൺസിലെത്തിയപ്പോൾ ജുറെലിന് ക്യാച്ച് നൽകി. ആദ്യ നാലുവിക്കറ്റും കുൽദീപിനായിരുന്നു. മൂന്നിന് 175-ൽ നിൽക്കേയാണ് ബെയർസ്റ്റോ പുറത്തായത്. തുടർന്ന് ജോ റൂട്ടിനെ ജഡേജ എൽ.ബി.യിലൂടെ മടക്കി. ബെൻ സ്റ്റോക്സ് (0) കുൽദീപിന്റെ പന്തിൽ എൽ.ബി. ടോം ഹാർട്‌ലി (6), മാർക് വുഡ് (0) എന്നിവർ അശ്വിന്റെ പന്തിൽ ക്യാച്ചായി. ഇതോടെ, എട്ടിന് 183 എന്ന നിലയിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ടിന് തിരിച്ചുവരാനായില്ല. ടീം ടോട്ടൽ 175-ൽ നിൽക്കേ തുടർച്ചയായി മൂന്നുവിക്കറ്റും 183-ൽ രണ്ടുവിക്കറ്റും വീണു. എട്ടുറൺസ് ചേർക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന് വിരാമമായി. ഷോയിബ് ബഷീർ 11 റൺസുമായി പുറത്താകാതെനിന്നു.
ബാസ്‌ബോളിന് ഇന്ത്യൻ മറുപടി
തികഞ്ഞ ആത്മവിശ്വാസത്തിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. നാലാം ഓവറിൽ മാർക് വുഡിനെതിരേ ഒരു ഫോറും ഒരു സിക്സും നേടി ആക്രമണം തുടങ്ങിയത് രോഹിത് ആയിരുന്നെങ്കിലും അത് ജയ്സ്വാൾ അനുകരിച്ചു.
ഒമ്പതാം ഓവറിൽ ഷോയിബ് ബഷീറിനെതിരേ മൂന്നു സിക്സ് നേടിയ ജയ്സ്വാൾ ക്രീസിൽനിന്നിറങ്ങി അമിത ആത്മവിശ്വാസത്തിൽ ബാറ്റുവീശിയപ്പോൾ വിലകൊടുക്കേണ്ടിവന്നു. അഞ്ചു ഫോറും മൂന്നു സിക്സും ഉൾപ്പെടെ 57 ലെത്തിയപ്പോൾ ബഷീറിന്റെ പന്തിൽ സ്റ്റമ്പ്ഡ് ആയി.
ഇതിനിടെ, ടെസ്റ്റിൽ 1000 റൺസ് തികച്ചു. ഇംഗ്ലണ്ടിനെതിരേ ഒരു പരമ്പരയിൽ കൂടുതൽ റൺസ് (713) എന്ന റെക്കോഡും സ്വന്തമാക്കി. പരമ്പരയിൽ ഏതൊരു ടീമിനെതിരേയും കൂടുതൽ റൺസ് എന്ന സുനിൽ ഗാവസ്‌കറുടെ റെക്കോഡിലേക്ക് (774) ചെറിയ ദൂരം മാത്രം. ഒപ്പം ഇന്നിങ്‌സ് അടിസ്ഥാനത്തിൽ, അതിവേഗം 1000 റൺസ് തികയ്ക്കുന്ന രണ്ടാം ഇന്ത്യക്കാരനായി. വിനോദ് കാംബ്ലി 14 ഇന്നിങ്‌സിൽ 1000 തികച്ചപ്പോൾ 16-ാം ഇന്നിങ്‌സിലാണ് ജയ്‌സ്വാൾ 1000-ത്തിലെത്തിയത്.