- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധരംശാല ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ലീഡിലേക്ക്
ധരംശാല: ഇംഗ്ലണ്ടിനെതിരായ ധരംശാല ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്. ധരംശാലയിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 218 റൺസിനെതിരെ രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റൺസെന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 255 റൺസിന്റെ ലീഡായിക്കഴിഞ്ഞു. കുൽദീപ് യാദവ് (27), ജസ്പ്രിത് ബുമ്ര (19) എന്നിവരാണ് ക്രീസിൽ.
രോഹിത് ശർമ (102), ശുഭ്മാൻ ഗിൽ (110) എന്നിവരുടെ സെഞ്ചുറികളും അരങ്ങേറ്റക്കാരനായ മലയാളി താരം ദേവ്ദത്ത് പടിക്കൽ (65), സർഫറാസ് ഖാൻ (56) എന്നിവരുടെ അർധ സെഞ്ചുറികളുമാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ഷൊയ്ബ് ബഷീർ നാല് വിക്കറ്റ് വീഴ്‌ത്തി. ടോം ഹാർട്ട്ലി രണ്ടും ബെൻ സ്റ്റോക്സ്, ജെയിംസ് ആൻഡേഴ്സൻ എന്നിവർ ഓരോന്നും വിക്കറ്റുകൾ നേടി.
ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിൽനിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ, സ്റ്റമ്പെടുത്തപ്പോൾ 120 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 444 റൺസെടുത്തു. 162 പന്തുകളിൽ 103 റൺസാണ് രോഹിത് ശർമയുടെ സമ്പാദ്യം. മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെയാണിത്. മൂന്ന് സിക്സും 13 ഫോറും ഉൽപ്പെടെ ശുഭ്മാൻ ഗിൽ 110 റൺസ് നേടി പുറത്തായി. രോഹിത്തിനെ ബെൻ സ്റ്റോക്സും ഗില്ലിനെ ജെയിംസ് ആൻഡേഴ്സനുമാണ് മടക്കിയത്.
ഒന്നിന് 135 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. യശസ്വി ജയ്‌സ്വാളിന്റെ (57) വിക്കറ്റ് ഇന്നലെ മടങ്ങിയിരുന്നു. ഇന്ന് ലഞ്ചിന് തൊട്ടുമ്പ് ഗില്ലും രോഹിത്തും സെഞ്ചുറി പൂർത്തിയാക്കി. 171 റൺസാണ് സഖ്യം ഇന്ത്യൻ സ്‌കോറിനോട് കൂട്ടിചേർത്തത്. 162 പന്തുകൾ നേരിട്ട രോഹിത് മൂന്ന് സിക്സും 13 ഫോറും നേടി. ഗില്ലിന്റെ അക്കൗണ്ടിൽ അഞ്ച് സിക്‌സും 12 ഫോറുമുണ്ടായിരുന്നു. രോഹിത്തിന്റെ 12-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഗില്ലിന്റെ നാലാമത്തേയും. എന്നാൽ ലഞ്ചിന് ശേഷം അടുത്തടുത്ത ഓവറുകളിൽ ഇരുവരും മടങ്ങി. രോഹിത്തിനെ സ്റ്റോക്‌സ് ബൗൾഡാക്കിയപ്പോൾ, ഗില്ലിന്റെ ഓഫ് സ്റ്റംപ് ആൻഡേഴ്‌സണും പിഴുതെടുത്തു.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ദേവ്ദത്ത് - സർഫറാസ് സഖ്യം ഇതുവരെ 97 റൺസ് കൂട്ടിചേർത്തു. ഇതിനിടെ സർഫറാസ് അർധ സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു. 59 പന്തിൽ ഒരു സിക്‌സും എട്ട് ഫോറും ഉൾപ്പെടുന്നതാണ് സർഫറാസിന്റെ ഇന്നിങ്‌സ്. എന്നാൽ ഷൊയ്ബിന്റെ പന്തിൽ സ്ലിപ്പിൽ ജോ റൂട്ടിന് ക്യാച്ച് നൽകി സർഫറാസ് മടങ്ങി. വൈകാതെ ദേവ്ദത്തും കൂടാരം കയറി. ഒരു സിക്സും 10 ഫോറും ഉൾപ്പെടുന്നതാണ് ദേവ്ദത്തിന്റെ ഇന്നിങ്സ്. തുടർന്ന് ക്രീസിലേക്ക് വന്ന രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറൽ (15), ആർ അശ്വിൻ (0) എന്നിവർക്കാർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. കുൽദീപ് - ബുമ്ര സഖ്യം അവസാനദിനം മറ്റു വിക്കറ്റുകൾ പോവാതെ കാത്തു.
ഹിമാചൽപ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിച്ച ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 218 റൺസിന് പുറത്തായിരുന്നു. ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവും രവിചന്ദ്രൻ അശ്വിനുമാണ് സന്ദർശകരുടെ കഥകഴിച്ചത്. കുൽദീപ് അഞ്ചും അശ്വിൻ നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകൾ നേടി. 15 ഓവറിൽ 72 റൺസ് വിട്ടുനൽകിയാണ് കുൽദീപ് അഞ്ചുവിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യത്തെ നാല് വിക്കറ്റും കുൽദീപിനായിരുന്നു. 11.4 ഓവർ എറിഞ്ഞ് 51 റൺസ് വിട്ടുനൽകിയാണ് അശ്വിൻ തന്റെ നൂറാം ടെസ്റ്റ് മത്സരം നാല് വിക്കറ്റ് നേട്ടത്തോടെ ഗംഭീരമാക്കിയത്. ജഡേജ 10 ഓവറിൽ 17 റൺസ് വിട്ടുനൽകി ഒരു വിക്കറ്റെടുത്തു. പന്തിനെയും പിച്ചിനെയും മനസ്സിലാക്കാതെയുള്ള ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് വിനയായത്.
അഞ്ചു ഫോറും മൂന്നു സിക്സും ഉൾപ്പെടെ 57 റൺസ് എടുത്ത യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. ഇതിനിടെ, ടെസ്റ്റിൽ 1000 റൺസ് തികച്ചു. ഇംഗ്ലണ്ടിനെതിരേ ഒരു പരമ്പരയിൽ കൂടുതൽ റൺസ് (713) എന്ന റെക്കോഡും സ്വന്തമാക്കി. പരമ്പരയിൽ ഏതൊരു ടീമിനെതിരേയും കൂടുതൽ റൺസ് എന്ന സുനിൽ ഗാവസ്‌കറുടെ റെക്കോഡിലേക്ക് (774) ചെറിയ ദൂരം മാത്രം. ഒപ്പം ഇന്നിങ്‌സ് അടിസ്ഥാനത്തിൽ, അതിവേഗം 1000 റൺസ് തികയ്ക്കുന്ന രണ്ടാം ഇന്ത്യക്കാരനായി. വിനോദ് കാംബ്ലി 14 ഇന്നിങ്‌സിൽ 1000 തികച്ചപ്പോൾ 16-ാം ഇന്നിങ്‌സിലാണ് ജയ്‌സ്വാൾ 1000-ത്തിലെത്തിയത്.