ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറ്റംകുറിച്ച മലയാളി താരം ദേവ്ദത്ത് പടിക്കലിന് അഭിമാന നേട്ടം. ആദ്യ ടെസ്റ്റിൽതന്നെ അർധസെഞ്ചുറി കുറിച്ച താരം അരങ്ങേറ്റം അവിസ്മരണീയമാക്കി. അതോടൊപ്പം അരങ്ങേറ്റ ടെസ്റ്റിൽ നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങാൻ കഴിഞ്ഞ പടിക്കൽ അപൂർവ നേട്ടവും സ്വന്തമാക്കി. ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വിരാട് കോലിയുമെല്ലാം അടക്കി ഭരിച്ചിരുന്ന നാലാം നമ്പറിൽ ഒരു ഇന്ത്യൻ യുവതാരം അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്നത് 37 വർഷത്തിനിടെ ഇതാദ്യമായാണ്.

1988ൽ ഇന്ത്യക്കായി അരങ്ങേറിയ ഡബ്ല്യു വി രാമനാണ് നാലാം നമ്പറിൽ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. അതിനുശേഷം ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ യുഗവും പിന്നീട് കോലി യുഗവുമായിരുന്നതിനാൽ നാലാം നമ്പർ ബാറ്റിങ് സ്ഥാനത്ത് അരങ്ങേറ്റം കുറിക്കുക എന്നത് ഒരു താരത്തെ സംബന്ധിച്ച് അപൂർവങ്ങളിൽ അപൂർവതയായിരുന്നു.

ഈ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ അരങ്ങേറിയ രജത് പാടീദാർ തന്റെ രണ്ടാം ടെസ്റ്റിലാണ് നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയത്. അരങ്ങേറ്റ ടെസ്റ്റിൽ പാടീദാർ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്.ശ്രേയസ് അയ്യരായിരുന്നു രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കായി നാലാം നമ്പറിലിറങ്ങിയത്. മൂന്നാം ടെസ്റ്റിൽ അരങ്ങേറിയ സർഫറാസ് ഖാനാകട്ടെ രവീന്ദ്ര ജഡേജക്കും ശേഷം ആറാം നമ്പറിലാണ് കളിച്ചത്.

ഹിമാചൽപ്രദേശിലെ ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാംദിനം 65 റൺസാണ് ദേവ്ദത്ത് പടിക്കൽ ഇന്ത്യക്കായി നേടിയത്. 87-ാം ഓവറിൽ ഷുഐബ് ബഷീറിന്റെ പന്ത് സിക്സർ പറത്തിയാണ് ദേവ്ദത്ത് അർധ സെഞ്ചുറി കണ്ടെത്തിയത്. 103 പന്തുകൾ നേരിട്ട ദേവ്ദത്ത് പടിക്കൽ, ഒരു സിക്സും പത്തു ഫോറും അടിച്ചെടുത്തു. 93-ാം ഓവറിൽ ഷുഐബ് ബഷീറിന്റെ പന്തിൽ മടങ്ങി.

രഞ്ജി ട്രോഫിയിലും ഇന്ത്യ എ ക്കായും നടത്തിയ മിന്നും പ്രകടനങ്ങളോടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയത്. ദേവ്ദത്ത് പടിക്കലിന് മുമ്പ് ഇന്ത്യക്കായി നാലാം നമ്പറിൽ അരങ്ങേറിയത് എട്ട് ബാറ്റർമാർ മാത്രമാണ്.സി കെ നായിഡു, വിജയ് ഹസാരെ, ഹേമു അധികാരി, രാംനാഥ് കെന്നി, അപൂർവ സെൻ ഗുപ്ത, മൻസൂർ അലി ഖാൻ പട്ടൗഡി, ഗുണ്ടപ്പ വിശ്വനാഥ്, ഡബ്ല്യു വി രാമൻ എന്നിവരാണവർ.

65 റൺസടിച്ച പടിക്കൽ അരങ്ങേറ്റ ടെസ്റ്റിൽ നാലാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസടിച്ച രണ്ടാമത്തെ ബാറ്ററുമായി. അരങ്ങേറ്റ ടെസ്റ്റിൽ നാലാം നമ്പറിൽ 137 റൺസടിച്ച ഗുണ്ടപ്പ വിശ്വനാഥ് ആണ് ഒന്നാമത്. ഡബ്ല്യു വി രാമനുശേഷം 1992ലാണ് സച്ചിൻ ടെൻഡുൽക്കർ ടെസ്റ്റിൽ ഇന്ത്യയുടെ നാലാം നമ്പറിൽ സ്ഥിരമായത്. പിന്നീട് 21 വർഷക്കാലം സച്ചിൻ കളിച്ച മത്സരങ്ങളില്ലൊം നാലാം നമ്പറിൽ മറ്റൊരു താരം കളിച്ചിട്ടില്ല.

സച്ചിനില്ലാത്ത മത്സരങ്ങളിൽ അപൂർവമായി സൗരവ് ഗാംഗുലിയും വിവി എസ് ലക്ഷ്മണും നാലാം നമ്പറിൽ കളിച്ചിട്ടുണ്ട്. സച്ചിൻ വിരമിച്ചശേഷം വിരാട് കോലിയായിരുന്നു നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തൻ. കോലിയില്ലാത്ത മത്സരങ്ങളിൽ മാത്രം അജിങ്ക്യാ രഹാനെ നാലാം നമ്പറിലെത്തിയിട്ടുണ്ട്.

പരിക്കേറ്റ രജത് പാട്ടിദറിന് പകരക്കാരനായാണ് ദേവ്ദത്ത് പടിക്കലിനെ ടീമിൽ ഉൾപ്പെടുത്തിയത്. ട്രെയിനിങ്ങിനിടെ കണങ്കാലിന് പരിക്കേറ്റതാണ് പട്ടിദറിന് വിലങ്ങുതടിയായത്. ഇതോടെ പരമ്പരയിലെ അഞ്ചാമത്തെ അരങ്ങേറ്റതാരമായി പടിക്കൽ ടീമിലെത്തുകയായിരുന്നു. സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, രജത് പാട്ടിദർ, ആകാശ് ദീപ് എന്നിവരാണ് പരമ്പരയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മറ്റുള്ളവർ.

മലപ്പുറം നിലമ്പൂർ സ്വദേശിയായ ബാബുവിന്റെയും എടപ്പാൾ സ്വദേശിയായ അമ്പിളിയുടെയും മകനാണ് ദേവ്ദത്ത് പടിക്കൽ. വ്യാഴാഴ്ച 100-ാം ടെസ്റ്റ് കളിച്ച അശ്വിന്റെ കൈയിൽനിന്നാണ് ഇരുപത്തിമൂന്നുകാരനായ താരം ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ചത്. 2021-ൽ ശ്രീലങ്കയ്ക്കെതിരേ ട്വന്റി 20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇടക്കാലത്ത് ശരീര ഭാരം കുറഞ്ഞതടക്കമുള്ള പ്രശ്നങ്ങൾ ദേവ്ദത്ത് പടിക്കലിന് നേരിടേണ്ടിവന്നിരുന്നു.