- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെയിംസ് ആൻഡേഴ്‌സന് ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ്
ധരംശാല: ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലിഷ് പേസർ ജെയിംസ് ആൻഡേഴ്‌സൻ. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ താരം കുൽദീപ് യാദവിനെ പുറത്താക്കിയാണ് ആൻഡേഴ്‌സൻ ചരിത്ര നേട്ടത്തിലെത്തിയത്. ലോക ക്രിക്കറ്റ് ചരിത്രത്തിൽ 700 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബോളറാണ് ആൻഡേഴ്‌സൻ. നേരത്തേ സ്പിന്നർമാരായ മുത്തയ്യ മുരളീധരനും ഷെയ്ൻ വോണും 700 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
708 ടെസ്റ്റ് വിക്കറ്റുകളുള്ള ഷെയ്ൻ വോണിനെ മറികടക്കാൻ ഇനി ആൻഡേഴ്‌സന് എട്ട് വിക്കറ്റുകൾ കൂടി നേടിയാൽ മതി. എണ്ണൂറ് വിക്കറ്റുകൾ നേടിയ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ. ചരിത്ര നേട്ടത്തിലേക്ക് 41കാരനായ ആൻഡേഴ്‌സൺ എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
2003ൽ സിംബാബ്വെയ്ക്കെതിരെ ലോർഡ്സിൽ നടന്ന ടെസ്റ്റ് മത്സരത്തിലൂടെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി കരിയറിന് തുടക്കമിട്ട ആൻഡേഴ്‌സൻ 41-ാം വയസ്സിൽ 700-ക്ലബ്ബിൽ അംഗമാകുന്ന ഒരേയൊരു പേസറായി മാറി. ആൻഡേഴ്‌സൺ 184 ടെസ്റ്റ് മത്സരങ്ങളിൽ നിന്നുമാണ് ചരിത്ര നേട്ടത്തിലെത്തുന്നത്.
അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്ക് 259 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ആണ് നേടിയത്. മറുപടി ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ബാറ്റിങ് തകർച്ച നേരിടുകയാണ്. ഇംഗ്ലണ്ട് നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എന്ന നിലയിലാണ്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്‌കോറായ 218 റൺസ് പിന്തുടർന്ന ഇന്ത്യ 124.1 ഓവറിൽ 477 റൺസിൽ പുറത്തായി. 473-8 എന്ന സ്‌കോറിൽ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് റൺസ് കൂടിയേ സ്‌കോർബോർഡിൽ ചേർക്കാനായുള്ളൂ. ഇംഗ്ലണ്ടിനായി സ്പിന്നർ ഷൊയൈബ് ബഷീർ അഞ്ച് വിക്കറ്റുകൾ പിഴുതു. ആൻഡേഴ്സണിന് പുറമെ ടോം ഹാർട്ലിയും രണ്ട് വിക്കറ്റ് പേരിലാക്കി.
മൂന്നാം ദിനം 473-8 എന്ന സ്‌കോറിൽ ക്രീസിലെത്തിയ ടീം ഇന്ത്യക്ക് അധിക നേരം പിടിച്ചുനിൽക്കാനായില്ല. ഇന്ന് 25 പന്തുകളെ ഇന്ത്യൻ ഇന്നിങ്സ് നീണ്ടുനിന്നുള്ളൂ. കുൽദീപ് യാദവും (27*), ജസ്പ്രീത് ബുമ്രയുമായിരുന്നു (19*) ക്രീസിൽ. ഇന്നത്തെ നാലാം ഓവറിലെ നാലാം പന്തിൽ കുൽദീപ് യാദവിനെ ജയിംസ് ആൻഡേഴ്സൺ പുറത്താക്കി.ഇതോടെ ജിമ്മിക്ക് 700 ടെസ്റ്റ് വിക്കറ്റുകളായി. കുൽദീപിന്റെ ബാറ്റിൽ എഡ്ജായ പന്ത് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പിടികൂടുകയായിരുന്നു. 69 പന്തിൽ 30 റൺസാണ് കുൽദീപ് യാദവ് നേടിയത്. തൊട്ടടുത്ത ഷൊയൈബ് ബഷീറിന്റെ ഓവറിൽ ബുമ്രയെ ഫോക്സ് സ്റ്റംപ് ചെയ്തതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. 64 പന്ത് നീണ്ട പ്രതിരോധത്തിൽ ബുമ്ര 20 റൺസെടുത്തു. ബുമ്രയുടെ വിക്കറ്റോടെ ഷൊയൈബ് ബഷീർ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുകയും ചെയ്തു. അക്കൗണ്ട് തുറക്കാതെ മുഹമ്മദ് സിറാജ് പുറത്താവാതെ നിന്നു.
ധരംശാല ടെസ്റ്റിൽ നായകനും ഓപ്പണറുമായ രോഹിത് ശർമ്മ (103), മൂന്നാമൻ ശുഭ്മാൻ ഗിൽ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്‌കോറൊരുക്കിയത്. യശസ്വി ജയ്സ്വാൾ (57), ദേവ്ദത്ത് പടിക്കൽ (65), സർഫറാസ് ഖാൻ (56) എന്നിവർ അർധസെഞ്ചുറികൾ നേടി. രവീന്ദ്ര ജഡേജ (15), ധ്രുവ് ജൂറെൽ (15), രവിചന്ദ്രൻ അശ്വിൻ (0) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്‌കോറുകൾ. നേരത്തെ ഇംഗ്ലണ്ട് 218 റൺസിൽ പുറത്തായിരുന്നു. 79 റൺസ് നേടിയ സാക്ക് ക്രോലിയാണ് ടോപ് സ്‌കോറർ.