- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടിന് നാണംകെട്ട് മടക്കം! ധരംശാല ഇന്ത്യൻ ജയം ഇന്നിങ്സിനും 64 റൺസിനും
ധരംശാല: ബാസ്‌ബോളുമായി വെല്ലുവിളിച്ച് എത്തിയ ഇംഗ്ലണ്ടിനെ നാണംകെടുത്തി ധരംശാല ടെസ്റ്റിൽ ഇന്നിങ്‌സിനും 64 റൺസിനും തറപറ്റിച്ച് രോഹിത് ശർമയും സംഘവും. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നടന്ന മത്സരത്തിൽ മൂന്നാം ദിനത്തിന്റെ രണ്ടാം സെഷനിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 195 റൺസിനു പുറത്തായി. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 259 റൺസിന്റെ ലീഡെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സിൽ അർധ സെഞ്ചുറി നേടിയ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയത്. 128 പന്തുകൾ നേരിട്ട റൂട്ട് 84 റൺസെടുത്തു പുറത്തായി. ആദ്യ ടെസ്റ്റിൽ ജയത്തോടെ തുടങ്ങിയ ഇംഗ്ലണ്ടിന് തുടർച്ചയായ നാല് ടെസ്റ്റുകളിൽ പരാജയം നേരിട്ടു. ധരംശാലയിലും ഇന്ത്യൻ ജയത്തോടെ പരമ്പര 4 - 1 എന്ന നിലയിൽ അവസാനിച്ചു. സ്‌കോർ ഇംഗ്ലണ്ട് 218,195, ഇന്ത്യ 477.
നൂറാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേടിയ ആർ അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്. പരമ്പരയിൽ ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാൻ സാധിച്ചിരുന്നത്. പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും പിന്നീടുള്ള നാല് ടെസ്റ്റുകളും ജയിക്കാൻ ഇന്ത്യക്കായി.
ആദ്യ ഇന്നിങ്സിനേക്കാൾ പരിതാപകരമായിരുന്നു സന്ദർശകരുടെ രണ്ടാം ഇന്നിങ്സ്. ഇന്ത്യയാകട്ടെ, ഒന്നാം ഇന്നിങ്സിൽ കെട്ടിപ്പടുത്ത സ്‌കോർ തന്നെ അധികമായിരുന്നു. പത്ത് വിക്കറ്റുകൾ കൈയിലുണ്ടായിട്ടും ഇംഗ്ലണ്ടിന് അത് ഭേദിക്കാനായില്ല. അന്തിമ ഫലത്തിന് മൂന്നുദിവസം പോലും തികച്ചുവേണ്ടിവന്നില്ല. രണ്ടുദിവസം ബാക്കിയിരിക്കേ ഇന്ത്യക്ക് ആധികാരിക ജയം. ഒൻപത് വിക്കറ്റുകൾ നേടി നൂറാം ടെസ്റ്റ് ഗംഭീരമാക്കിയ ആർ അശ്വിനാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഉയർത്തിയ 477 റൺസ് എന്ന സ്‌കോറിന് ഒപ്പമെത്താൻ പോലും രണ്ടാമതും ബാറ്റേന്തിയ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഇതോടെ ഇന്നിങ്സ് തോൽവി വഴങ്ങേണ്ടിവന്നു. 218 ആയിരുന്നു ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോർ. ഇന്നിങ്സിനും 64 റൺസിനുമാണ് ഇന്ത്യൻ ജയം. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി രണ്ടു റൺസെടുത്തപ്പോൾ തന്നെ അശ്വിൻ വിക്കറ്റുവേട്ട തുടങ്ങി. ബെൻ ഡക്കറ്റ് ബോൾഡായി. 16 പന്തുകൾ നേരിട്ട സാക് ക്രൗലിയും അശ്വിന്റെ മുന്നിൽ കുടുങ്ങി. സർഫറാസ് ഖാന്റെ ക്യാച്ചിലായിരുന്നു പുറത്താകൽ. 23 പന്തിൽ 19 റൺസെടുത്ത ഒലി പോപ്പിനെ അശ്വിൻ ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു.
ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ജോ റൂട്ട് സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടും അധികം നീണ്ടില്ല. 31 പന്തിൽ 39 റൺസെടുത്താണ് ബെയർസ്റ്റോ പുറത്തായത്. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനെയും ബെൻ ഫോക്‌സിനെയും അശ്വിൻ ബോൾഡാക്കി. 24 പന്തിൽ 20 റൺസെടുത്ത ടോം ഹാർട്‌ലിയുടെ വിക്കറ്റ് ബുമ്രയ്ക്കായിരുന്നു. തൊട്ടടുത്ത പന്തിൽ മാർക് വുഡിനെയും പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം രണ്ടാക്കി.
ഇംഗ്ലണ്ടിനുവേണ്ടി ഒരറ്റത്ത് അപരാജിത കുതിപ്പുമായി ജോ റൂട്ട് നിലയുറപ്പിച്ചിരുന്നു. പക്ഷേ, മറുപുറത്ത് ആളുകൾ മാറിമാറി വന്നുകൊണ്ടിരുന്നു. ഒടുക്കം അവസാനത്തെ ആളായി റൂട്ടും കളംവിട്ടതോടെ കളി തീർന്നു. 128 പന്തുകൾ നേരിട്ട് 84 റൺസ് നേടിയ റൂട്ടിന്റെ ഇന്നിങ്സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ നേട്ടമായി പറയാനുണ്ടായിരുന്നത്.
ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 477 റൺസെടുത്തു പുറത്തായിരുന്നു. 259 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആദ്യ ഇന്നിങ്‌സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 473 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ മത്സരത്തിന്റെ മൂന്നാം ദിവസം നാലു റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്കു ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായി.
ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി സെഞ്ചറി നേടി. രോഹിത് ശർമ (162 പന്തിൽ 103), ശുഭ്മൻ ഗിൽ (150 പന്തിൽ 110), സർഫറാസ് ഖാൻ (60 പന്തിൽ 56), ദേവ്ദത്ത് പടിക്കൽ (103 പന്തിൽ 65), രവീന്ദ്ര ജഡേജ (50 പന്തിൽ 15), ധ്രുവ് ജുറെൽ (24 പന്തിൽ 15), ആർ. അശ്വിൻ (പൂജ്യം) എന്നിവരാണ് വെള്ളിയാഴ്ച പുറത്തായ ഇന്ത്യൻ ബാറ്റർമാർ. 154 പന്തുകളിൽ നിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ 12ാം സെഞ്ചറി പൂർത്തിയാക്കിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 218 റൺസിന് പുറത്തായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. തുടക്കത്തിൽ കരുതിക്കളിച്ചെങ്കിലും പിന്നീട് ക്ഷമയില്ലാതെ ബാറ്റു വീശിയതിന്റെ ഫലം അനുഭവിക്കേണ്ടിവന്നു. ഒരു ഘട്ടത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് 218-ലെത്തിയപ്പോഴേക്കും എല്ലാവരും പുറത്തായി. ഓപ്പണർ സാക് ക്രൗളി മാത്രമാണ് ഒന്നാം ഇന്നിങ്സിൽ കാര്യമായി സ്‌കോർ ചെയ്തത്-79 റൺസ്.
100-ാം ടെസ്റ്റിന്റെ പകിട്ടിലെത്തിയ ബെയർസ്റ്റോ (29), ബെൻ ഡക്കറ്റ് (27), ജോ റൂട്ട് (26), വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് (24) എന്നിവർ മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന ഇംഗ്ലീഷ് ബാറ്റർമാർ. ഇന്ത്യക്കുവേണ്ടി കുൽദീപ് യാദവ് അഞ്ചുവിക്കറ്റ് നേടി. 15 ഓവറിൽ 72 റൺസ് വിട്ടുനൽകിയാണ് കുൽദീപിന്റെ നേട്ടം. 11.4 ഓവർ എറിഞ്ഞ് 51 റൺസ് വിട്ടുനൽകി അശ്വിൻ നാല് വിക്കറ്റും നേടി. അശ്വിന്റെയും നൂറാം ടെസ്റ്റായിരുന്നു ഇത്. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച വിക്കറ്റ്.
നേട്ടത്തിന്റെ നെറുകയിൽ ആൻഡേഴ്‌സൻ
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകളെന്ന നേട്ടം ഇംഗ്ലിഷ് പേസർ ജെയിംസ് ആൻഡേഴ്‌സൻ ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കി. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ താരം കുൽദീപ് യാദവിനെ പുറത്താക്കിയാണ് ആൻഡേഴ്‌സൻ ചരിത്ര നേട്ടത്തിലെത്തിയത്. 700 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബോളറാണ് ആൻഡേഴ്‌സൻ.