ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റിൽ ഏകദിനത്തിനും ട്വന്റി 20ക്കും പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങിലും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് രോഹിത് ശർമയും സംഘവും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4 - 1ന് സ്വന്തമാക്കിയതോടെയാണ്, ഓസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ തോറ്റതിനു ശേഷം, പരമ്പരയിലെ പിന്നീടുള്ള എല്ലാ കളികളും മികച്ച മാർജിനിൽ വിജയിച്ച് ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.

ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് നിലവിൽ 122 പോയിന്റുകളുണ്ട്. ഓസ്‌ട്രേലിയയ്ക്ക് 117 പോയിന്റും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 111 പോയിന്റുമുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് ടേബിളിലും ഇന്ത്യയാണു നിലവിലെ ഒന്നാം സ്ഥാനക്കാർ. ഏകദിന, ട്വന്റി 20 റാങ്കിങ്ങിലും രോഹിത് ശർമയും സംഘവുമാണ് നമ്പർ വൺ ടീം. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് 121 പോയിന്റും രണ്ടാമതുള്ള ഓസീസിന് 118 പോയിന്റുകളുമാണുള്ളത്.

ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് 266 പോയിന്റും രണ്ടാമതുള്ള ഇംഗ്ലണ്ടിന് 256 പോയിന്റുമുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ 2024 ജനുവരി വരെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ഇന്ത്യയായിരുന്നു ഒന്നാമത്. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പോവുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആധികാരിക ജയത്തോടെയാണ് ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യയും ഓസ്‌ട്രേലിയയും 117 റേറ്റിങ് പോയന്റുമായി തുല്യതയിലായിരുന്നെങ്കിലും ദശാംശ കണക്കിൽ ഓസീസ് ആയിരുന്നു ഒന്നാമത്.

എന്നാൽ ഇംഗ്ലണ്ടിനെതിരായ ധരംശാല ടെസ്റ്റിലെ ഇന്നിങ്‌സ് ജയത്തിന് പിന്നാലെ ഐസിസി പോയന്റ് ടേബിൾ അപ്‌ഡേറ്റ് അനുസരിച്ച് ഇന്ത്യക്ക് അഞ്ച് റേറ്റിങ് പോയന്റ് നേടി 122 പോയന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഓസ്‌ട്രേലിയ ഇപ്പോൾ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ജയിച്ചാലും രോഹിത്തിനെയും സംഘത്തിനെയും മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാനാവില്ലെന്നും ഇന്ത്യ ഉറപ്പിച്ചു കഴിഞ്ഞു.

നേരത്തെ ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ടെസ്റ്റിൽ കൂടി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതോടെ മൂന്ന് ഫോർമാറ്റിലെയും നമ്പർ വൺ ടീമായി. ഏകദിനത്തിൽ ഇന്ത്യ 121 പോയന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 118 പോയന്റുള്ള ഓസ്‌ട്രേലിയ തന്നെയാണ് രണ്ടാമത്.

ട്വന്റി 20 റാങ്കിംഗിൽ 266 പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 256 റേറ്റിങ് പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്ത് എത്തുന്നത്.

മൂന്ന് ഫോർമാറ്റിലും നമ്പർ വണ്ണായതിനൊപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ഒമ്പത് മത്സരങ്ങളിൽ ആറ് ജയവും രണ്ട് തോൽവിയും ഒരു സമനിലയും അടക്കം 74 പോയന്റും 68.51 വിജയശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലൻഡ് രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണ്