മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ മുംബൈ ഒന്നാം ഇന്നിങ്‌സിൽ 224 റൺസിന് പുറത്ത്. ബാറ്റിങ് തകർച്ച നേരിട്ട മുംബൈയെ വാലറ്റത്ത് രക്ഷകനായി വീണ്ടും അവതരിച്ച ഷർദ്ദുൽ ഠാക്കൂറാണ് ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. മദ്ധ്യനിര തകർന്നപ്പോൾ ഏഴാമനായെത്തിയാണ് ഷർദ്ദുൽ തകർപ്പൻ അർധ സെഞ്ചുറിയുമായി മുംബൈയുടെ മാനം കാത്തത്. ഫൈനലിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്. 69 പന്തുകൾ നേരിട്ട താരം 75 റൺസ് അടിച്ചെടുത്തു. 115 സ്‌ട്രൈക്ക് റേറ്റിൽ മൂന്ന് സിക്‌സുകളും എട്ട് ഫോറുകളും നേടി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ആദ്യ ഇന്നിങ്‌സിൽ 224 റൺസിൽ എല്ലാവരും പുറത്താവുകയായിരുന്നു. പൃഥ്വി ഷാ (46), ഭുപെൻ ലാൽവാനി (37) എന്നിവർ ചേർന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ, മൂന്നു വീതം വിക്കറ്റെടുത്ത ഹർഷ് ദുബെയും യാഷ് താക്കൂറും ചേർന്ന് മുംബൈയെ കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടു.

വിക്കറ്റ് നഷ്ടമില്ലാതെ 81ൽ നിന്ന് ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെന്ന നിലയിൽ അവരെത്തി. ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ (7), ഇന്ത്യൻ താരം ശ്രേയസ് അയ്യർ (7), യുവതാരങ്ങളായ മുഷീർ ഖാൻ(6), ഹാർദിക് തമോറെ (5) എന്നിവരെല്ലാം നിരാശപ്പെടുത്തി. പിന്നീടാണ് ഷർദ്ദുൽ ഠാക്കൂറിന്റെ ഒറ്റയാൾ പോരാട്ടത്തിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 37 പന്തിലാണ് അർധസെഞ്ചുറി പിറന്നത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും നിർണായകമായ പ്രകടനമാണ് ഇന്ത്യൻ താരം പുറത്തെടുത്തത്. ബോളർമാരെയെല്ലാം കണക്കിന് പ്രഹരിച്ചാണ് താരം വിദർഭയുടെ ക്യാമ്പിലേക്ക് പ്രത്യാക്രമണം നയിച്ചത്. വാലറ്റവും മികച്ച പിന്തുണയാണ് നൽകിയത്. സെമി ഫൈനലിലും ആദ്യ ഇന്നിങ്‌സ് തകർച്ചയിൽ നിന്ന് മുംബൈയെ കരകയറ്റിയത് ഷർദ്ദുൽ ഠാക്കൂറായിരുന്നു. അന്ന് സെഞ്ചുറിയും രണ്ട് വിക്കറ്റും നേടി താരം തിളങ്ങിയിരുന്നു.

ആരാധകരുടെ പ്രതീക്ഷയായിരുന്ന യുവതാരം മുഷീർ ഖാനെ(6)യും ഹർഷ് ദുബെ പുറത്താക്കി. ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയെകൂടി(7) വീഴ്‌ത്തിയ ഹർഷ് ദുബെ മുംബൈയുടെ നടുവൊടിച്ചു. രഞ്ജി കളിക്കാൻ വിസമ്മതിച്ചതിന് ബിസിസിഐ വാർഷിക കരാറിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യരെ(7) ഉമേഷ് യാദവ് മടക്കി. വിക്കറ്റ് കീപ്പർ ഹാർദ്ദിക് തമോറെയെ(5) താക്കറെ വീഴ്‌ത്തിയതോടെ വിക്കറ്റ് നഷ്ടമില്ലാതെ 81ൽ നിന്ന് മുംബൈ 111-6ലേക്ക് കൂപ്പുകുത്തി. ഏഴാം വിക്കറ്റിൽ ഒത്തു ചേർന്ന ഷാർദ്ദുൽ ഠാക്കൂറും ഷംസ് മുലാനിയും ചേർന്നാണ് മുംബൈയെ 150 കടത്തിയത്.