- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമാകും
മുംബൈ: ഐപിഎല്ലിന് പിന്നാലെ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. സ്റ്റാർ പേസർ മുഹമ്മദ് ഷമിക്ക് 2024 ട്വന്റി 20 ലോകകപ്പ് നഷ്ടമാകും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ലോകകപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്ലും ഷമിക്ക് നഷ്ടമാകുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ഇന്ത്യ വേദിയായ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു പേസർ മുഹമ്മദ് ഷമി. 7 ഇന്നിങ്സിൽ 24 വിക്കറ്റാണ് ഷമി വീഴ്‌ത്തിയത്. എന്നാൽ ലോകകപ്പിനിടെ കാൽക്കുഴയ്ക്ക് ഏറ്റ പരിക്ക് ഷമിയെ പിന്നീട് ക്രിക്കറ്റിൽ നിന്ന് മാറ്റിനിർത്തി. ഇതിനിടെ നിർണായക ശസ്ത്രക്രിയക്ക് താരം ലണ്ടനിൽ വിധേയനായി. മാർച്ച് അവസാനം ഐപിഎൽ ആരംഭിക്കാനിരിക്കേ പരിക്കിൽ നിന്ന് 33കാരനായ താരം ഇതുവരെ പൂർണ മുക്തനായിട്ടില്ല.
ഐപിഎൽ കഴിഞ്ഞയുടൻ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പും ഷമിക്ക് നഷ്ടമാകും. ലോകകപ്പിൽ ഒരിക്കൽക്കൂടി ഷമിയുടെ ബൗളിങ് ടീം ഇന്ത്യക്ക് വലിയ കരുത്താകും എന്ന് ആരാധകർ പ്രതീക്ഷിക്കവെയാണ് നിരാശ വാർത്ത പുറത്തുവന്നിരിക്കുന്നത്. 2024 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിലൂടെയാവും ഷമി ഇന്ത്യൻ ജേഴ്സിയിൽ മടങ്ങിയെത്തുക എന്നാണ് സൂചന.
'മുഹമ്മദ് ഷമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദേഹം ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിലൂടെ ഷമി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനാണ് നിലവിലെ സാധ്യത. പരിക്കിലുള്ള മറ്റൊരു താരമായ കെ എൽ രാഹുലിന് ഇഞ്ചക്ഷൻ അനിവാര്യമാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് രാഹുൽ നിലവിലുള്ളത്' എന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ട്വന്റി 20കളുമാണ് ഇന്ത്യൻ ടീമിന് കളിക്കാനുള്ളത്.
2023ലെ ഏകദിന ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കൻ പര്യടനവും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും മുഹമ്മദ് ഷമിക്ക് നഷ്ടമായിരുന്നു. ഷമിക്ക് ഈ സീസണിൽ കളിക്കാനാവാത്തത് ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിനും കനത്ത നഷ്ടമാണ്. 64 ടെസ്റ്റിൽ 229 വിക്കറ്റും 101 ഏകദിനത്തിൽ 195 വിക്കറ്റും 23 രാജ്യാന്തര ടി20കളിൽ 24 വിക്കറ്റും 110 ഐപിഎൽ മത്സരങ്ങളിൽ 127 വിക്കറ്റും മുഹമ്മദ് ഷമിയുടെ പേരിലുണ്ട്.
അതേ സമയം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സ്ഥാനം കെ എൽ രാഹുലിനാകുമെന്നാണ് സൂചന. എന്നാൽ പരിക്കേറ്റ് ഏറെ നാളായി വിട്ടുനിൽക്കുന്ന ഋഷഭ് പന്തിന്റെ പേരും പരിഗണനയിലുണ്ട്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ഒരുപിടി യുവതാരങ്ങളുടെ പേര് സെലക്റ്റർമാരുടെ മുന്നിലുണ്ട്. കെ എൽ രാഹുൽ, ഇഷാൻ കിഷാൻ, ജിതേഷ് ശർമ, ധ്രുവ് ജുറൽ എന്നിങ്ങനെ നീളുന്നു നിര. ഒന്നര വർഷത്തോളം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന ഋഷഭ് പന്തിന് പലരും സാധ്യത കൽപ്പിക്കുന്നില്ല. എന്നാലിപ്പോൾ പന്തിന്റെ പേരും ചർച്ചയ്ക്ക് വന്നിരിക്കുകയാണ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെയാണ് പന്തിനെ കുറിച്ച് സംസാരിക്കുന്നത്.
പന്തിന് ഇപ്പോഴും ഇന്റർനാഷണൽ മത്സരങ്ങൾ കളിക്കാനുള്ള ഫിറ്റ്നെസ് സെർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. എന്നാൽ ഡൽഹി കാപിറ്റൽസിന് വേണ്ടി ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുമെന്ന് ഡയറക്റ്റർ സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പറാവില്ലെന്നും ബാറ്ററായി പന്ത് ടീമിലുണ്ടാവുമെന്നാണ് ഗാംഗുലി പറഞ്ഞത്. ഇതിനിടെ പന്ത് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലന മത്സരങ്ങൾ കളിക്കുകയും ചെയ്തു. ലോകകപ്പ് ആവുമ്പോഴേക്ക് പന്തിന് ഫിറ്റ്്നെസ് വീണ്ടെടുക്കാനാവുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഇതിനെ കുറിച്ച് തന്നെയാണ് ജയ് ഷാ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ... "പന്തിന് അധികം വൈകാതെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കും. അദ്ദേഹത്തിന് ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിക്കാനാവുമെങ്കിൽ, അതൊരു വലിയ കാര്യമാണ്. ടീമിനെ സംബന്ധിച്ചിടത്തോളം മുതൽക്കൂട്ടാവും പന്ത്. കീപ്പർ നിൽക്കാനാവുമെങ്കിൽ അദ്ദേഹത്തിന് ടി20 ലോകകപ്പിനുമെത്താം. ഐപിഎല്ലിൽ അദ്ദേഹം എങ്ങനെ കളിക്കുന്നുവെന്ന് നമുക്ക് നോക്കാം." ജയ് ഷാ വ്യക്തമാക്കി.
അടുത്തിടെ കെ എൽ രാഹുൽ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള പോരാട്ടത്തിൽ ഒരുപടി മുന്നിലാണെന്ന വാർത്തകളുണ്ടായിരുന്നു. നിലവിൽ പരിക്കിന്റെ പിടിയിലാണെങ്കിലും ഐപിഎല്ലിന് മുമ്പ് രാഹുൽ ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പിൽ രാഹുലായിരുന്നു വിക്കറ്റ് കീപ്പർ. ലോകകപ്പിൽ ബാറ്റിംഗിലും കീപ്പിംഗിലും രാഹുൽ തിളങ്ങിയിരുന്നു. രാഹുലിന് പുറമെ മറ്റൊരാൾ കൂടി വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്‌ക്വാഡിലുണ്ടാകും.