- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ധോണി വിരമിച്ചാൽ സിഎസ്‌കെ നയിക്കുക രോഹിത് ശർമ്മ'
ന്യൂഡൽഹി: ഐപിഎല്ലിന്റെ പതിനേഴാം എഡിഷൻ മാർച്ച് 22ന് ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സിന്റെയും രോഹിത് ശർമ്മയുടെയും ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഒരു പ്രവചനം നടത്തിയിരിക്കുകയാണ് മുൻ സി എസ് കെ താരം അമ്പാട്ടി റായുഡു. എംഎസ് ധോണി ഐപിഎല്ലിൽ നിന്നും വിരമിച്ചാൽ രോഹിത് ശർമ്മ ചെന്നൈ ടീമിന്റെ ക്യാപ്റ്റനാവണമെന്ന ആഗ്രഹമാണ് റായിഡു പ്രകടിപ്പിച്ചിരിക്കുന്നത്. നായകനെന്ന നിലയിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ കിരീടം ചൂടിച്ച രോഹിത് ആണ് ധോണിയുടെ പിൻഗാമി ആകേണ്ടതെന്നാണ് അമ്പാട്ടി റായിഡു പറയുന്നത്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെ നായകസ്ഥാനം നഷ്ടമായ രോഹിത് ശർമ്മ ഭാവിയിൽ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയേക്കുമെന്നാണ് മുംബൈ ഇന്ത്യൻസ് വിട്ട് സിഎസ്‌കെയിലെത്തിയ മുൻ താരം അമ്പാട്ടി റായുഡുവിന്റെ പ്രവചനം. ഐപിഎൽ 2025 സീസണിന് മുന്നോടിയായി മെഗാതാരലേലം നടക്കുമെന്നതിനാൽ മുംബൈക്ക് മൂന്നോ നാലോ താരങ്ങളെ മാത്രമേ നിലനിർത്താനാകൂ എന്നതാണ് ഇതിന് കാരണം.
ഐപിഎൽ 2025 സീസണിന് മുമ്പ് മെഗാതാരലേലം ഉണ്ടാകുമെന്ന് ചെയർമാൻ അരുൺ ധുമാൽ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മെഗാ ലേലത്തിന് മുമ്പ് മൂന്നോ നാലോ താരങ്ങളെ നിലനിർത്താനേ ഫ്രാഞ്ചൈസികൾക്ക് അവസരമുണ്ടാകൂ. ഐപിഎൽ 2024 സീസണിന് മുന്നോടിയായി സ്റ്റാർ ബാറ്റർ രോഹിത് ശർമ്മയ്ക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കിയിരുന്നു. ടീമിന്റെ ഭാവി കൂടി കണക്കാക്കിയായിരുന്നു ഈ നീക്കം.
2024 സീസൺ മുംബൈ ഇന്ത്യൻസിൽ രോഹിത്തിന്റെ അവസാന എഡിഷനായിരിക്കും എന്ന് കരുതുന്നവരേറെ. ഇതേ കണക്കുകൂട്ടലാണ് സിഎസ്‌കെ മുൻ താരം അമ്പാട്ടി റായുഡുവിനുള്ളത്. 'രോഹിത് ശർമ്മയ്ക്ക് അഞ്ചാറ് സീസൺ കൂടെ ഐപിഎൽ കളിക്കാനാകും. രോഹിത്തിനെ സിഎസ്‌കെയിൽ കാണാൻ ആഗ്രഹമുണ്ട്. മുംബൈ ഇന്ത്യൻസിനായി ഏറെ മത്സരങ്ങൾ കളിക്കുകയും നേട്ടങ്ങൾ കൊയ്യുകയും അദേഹം ചെയ്തിട്ടുണ്ട്. അവ സിഎസ്‌കെയിലും രോഹിത് ശർമ്മ ആവർത്തിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു' എന്നും അമ്പാട്ടി റായുഡു പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിൽ നിന്നാണ് തങ്ങളുടെ മുൻ താരം കൂടിയായ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി മുംബൈ ഇന്ത്യൻസ് ഐപിഎൽ 2024 സീസണിന് മുന്നോടിയായി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിവരാൻ ക്യാപ്റ്റനാക്കണം എന്ന ഉപാധി പാണ്ഡ്യ മുന്നോട്ടുവച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പത്ത് സീസണുകളിലായി അഞ്ച് ഐപിഎൽ കിരീടം മുംബൈക്ക് സമ്മാനിച്ച രോഹിത് ശർമ്മയ്ക്ക് ഇതോടെ ക്യാപ്റ്റന്റെ കസേര ഒഴിയേണ്ടിവരികയായിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ ബാറ്റ്സ്മാനാണ് രോഹിത്. 243 മത്സരങ്ങളിൽ നിന്ന് 6211 റൺസാണ് രോഹിത്തിനുള്ളത്.
കഴിഞ്ഞ വർഷം സിഎസ്‌കെ ഗുജറാത്തിനെ വീഴ്‌ത്തി കിരീടം നേടിയപ്പോൾ റായിഡുവും ടീമിലുണ്ടായിരുന്നു. ഹർദിക് പാണ്ഡ്യക്ക് മുംബൈയെ നയിക്കുക ദുഷ്‌കരമാകുമെന്ന് റായുഡു പറയുന്നു. കാരണം ഗുജറാത്ത് ടൈറ്റൻസിന്റെയും മുംബൈയുടെ ടീം സെറ്റപ്പ് തന്നെ വളരെയധികം വ്യത്യാസമുണ്ട്. മുംബൈ ഇന്ത്യൻസിൽ ഒരു വർഷം കളിക്കാൻ പാണ്ഡ്യ തയ്യാറാവണമായിരുന്നു. അങ്ങനെയെങ്കിൽ ടീമിന്റെ ഹർദിക്കിന് നയിക്കാൻ സാധിക്കുമായിരുന്നു. നിലവിൽ ഇന്ത്യൻ ക്യാപ്റ്റനായ രോഹിത്തിനെ മുംബൈ മാറ്റിയത് വലിയ പ്രശ്നമാണെന്നും അമ്പാട്ടി റായുഡു പറഞ്ഞു. അതേസമയം ചെന്നൈ ടീമിൽ രോഹിത്തിനെ കാണാനുള്ള ആഗ്രഹമുണ്ടെന്നും റായുഡു പറഞ്ഞു.
അതേസമയം രോഹിത്തിനെ മുംബൈ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയത് നേരത്തെ വലിയ വിവാദമായിരുന്നു. ക്യാപ്റ്റൻസി രോഹിത്തിന്റെ ബാറ്റിംഗിനെ ബാധിക്കുന്നു എന്ന കോച്ച് മാർക്ക് ബൗച്ചറുടെ വാക്കുകളും വിവാദത്തെ ശക്തമാക്കി. ഇതിന് രോഹിത്തിന്റെ ഭാര്യ റിതിക കമന്റ് ചെയ്തതോടെ പ്രശ്നം വഷളാവുകയായിരുന്നു. മുംബൈ ക്യാമ്പിൽ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ രോഹിത്തിനെ മാറ്റിയതിൽ നിരാശരായിരുന്നു. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റ് നിരാശ പരോക്ഷമായി വ്യക്തമാക്കുന്ന തരത്തിലായിരുന്നു. രോഹിത് മാറിയാൽ സ്വാഭാവികമായ ക്യാപ്റ്റൻസി ലഭിക്കേണ്ടിയിരുന്നവരാണ് ബുംറയും സൂര്യകുമാർ യാദവും.