മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനു മാർച്ച് 22 തുടക്കമാകാനിരിക്കെ മുംബൈ ഇന്ത്യൻസ് ഡ്രസിങ് റൂമിൽ പ്രത്യേക പൂജ നടത്തി താരങ്ങളും പരിശീലകരും. പരിശീലനത്തിനിടെ മുംബൈ ഇന്ത്യൻസിന്റെ ടീം ക്യാംപിൽവച്ചാണ് പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ പൂജാ ചടങ്ങുകൾ നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ഡ്രസിങ് റൂമിൽവച്ച് ഹാർദിക് പാണ്ഡ്യ വിളക്കു കൊളുത്തിയപ്പോൾ, പരിശീലകൻ മാർക് ബൗച്ചർ തേങ്ങ ഉടച്ചു. 2024 സീസണിൽ ഹാർദിക് പാണ്ഡ്യയുടെ കീഴിലാണ് മുംബൈ ഇന്ത്യൻസ് കളിക്കുക. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും താരം ടീമിൽ തുടരും. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യയെ കോടികൾ നൽകിയാണ് മുംബൈ വീണ്ടും ടീമിലെത്തിച്ചത്.

മുംബൈ ഇന്ത്യൻസിന്റെ പ്രീ സീസൺ ക്യാംപിൽ ഇന്നലെ എത്തിയ ഹാർദ്ദിക് ഡ്രസ്സിങ് റൂമിൽ പ്രാർത്ഥനക്കായി പൂജാ മുറി ഒരുക്കിയ വീഡിയോ മുംബൈ തന്നെ ട്വീറ്റ് ചെയ്തു. രണ്ട് വർഷം മുമ്പ് മുംബൈ ഇന്ത്യൻസ് വിട്ട് ഗുജറാത്ത് ടൈറ്റൻസ് നായകനായി പോയ ഹാർദ്ദിക് രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് മുംബൈ ഡ്രസ്സിങ് റൂമിൽ വീണ്ടുമെത്തിയത്.

ഹാർദ്ദിക്കിനെ മുഖ്യ പരിശീകൻ മാർക്ക് ബൗച്ചറും സപ്പോർട്ട് സ്റ്റോഫും ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് ഡ്രസ്സിങ് റൂമിൽ ഒരുക്കിയ പൂജാ മുറിയിൽ ഹാർദ്ദിക് വിളക്ക് കത്തിക്കുകയായിരുന്നു. പിന്നാലെ പരിശീലകനായ മാർക്ക് ബൗച്ചർ നിലത്ത് തേങ്ങ ഉടക്കുകയും ചെയ്തു. തേങ്ങ ഉടച്ച ബൗച്ചറെ ഹാർദ്ദിക് ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം.

മുംബൈ ഇന്ത്യൻസിലാണ് ഹാർദിക് പാണ്ഡ്യ ഐപിഎൽ കരിയർ തുടങ്ങിയത്. ഗുജറാത്ത് ടൈറ്റൻസ് ടീം രൂപീകരിച്ചപ്പോൾ പാണ്ഡ്യ അങ്ങോട്ടു മാറുകയായിരുന്നു. ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ഐപിഎൽ ചാംപ്യന്മാരാക്കാൻ പാണ്ഡ്യയ്ക്കു സാധിച്ചു. കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിനോടു തോറ്റു.

മാർച്ച് 22 നാണ് ഐപിഎൽ മത്സരങ്ങൾക്കു തുടക്കമാകുന്നത്. ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈയുടെ ആദ്യ പോരാട്ടം.

ഐപിഎല്ലിൽ അഞ്ച് തവണ മുംബൈയെ ചാമ്പ്യന്മാരാക്കിയ രോഹിത് ശർമക്ക് പകരം ഹാർദ്ദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ച് ക്യാപ്റ്റനാക്കിയതിൽ മുംബൈ ആരാധകർ തൃപ്തരല്ല. ഐപിഎൽ മിനി താരലേലത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു രോഹിത്തിനെ മാറ്റി ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പിന്നാലെ മുംബൈ ഇന്ത്യൻസ് ആരാധകർ കൂട്ടത്തോടെ സമൂഹമാധ്യമങ്ങളിൽ നിന്ന് പിന്തുണ പിൻവലിച്ചിരുന്നു.

രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ആരാധകർ കടുത്ത പ്രതിഷേധത്തിലാണ്. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുമോയെന്നാണ് മുംബൈ ടീം മാനേജ്‌മെന്റിന്റെ ആശങ്ക. 22ന് തുടങ്ങുന്ന ഐപിഎല്ലിൽ 24ന് ഹാർദ്ദിക്കിന്റെ മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം. ഹാർദ്ദിക് പോയതോടെ ശുഭ്മാൻ ഗില്ലിനെ ഗുജറാത്ത് നായകനായി പ്രഖ്യാപിച്ചിരുന്നു.