- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി 20 ലോകകപ്പ് ടീമിൽ നിന്നും വിരാട് കോഹ്ലിയെ ഒഴിവാക്കിയേക്കും
മുംബൈ: ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ തന്നെ നയിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ബിസിസിഐ മറ്റൊരു നിർണായക തീരുമാനം കൂടി എടുത്തേക്കുമെന്ന് സൂചന. ലോകകപ്പ് ടീമിൽ സൂപ്പർ താരം വിരാട് കോലിക്ക് ഇടമുണ്ടാകില്ലെന്ന സൂചനകളാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കരീബിയൻ സാഹചര്യങ്ങളും വേഗത കുറഞ്ഞ പിച്ചും കോഹ്ലിയുടെ ബാറ്റിങ്ങിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് ബി.സി.സിഐ സെലക്ടർമാർ. പകരം യുവതാരങ്ങൾക്ക് ടീമിൽ കൂടുതൽ പ്രാധാന്യം നൽകാനാണ് നീക്കം.
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് കോഹ്ലി വിട്ടുനിന്നിരുന്നു. അടുത്ത ആഴ്ച തുടങ്ങുന്ന ഐപിഎല്ലിൽ വിരാട് കോലി കളിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. വിരാട് കോലി ഇതുവരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാംപിൽ ചേർന്നിട്ടില്ല. വിരാട് കോലി ഐപിഎല്ലിൽ കളിച്ചാലും ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനാണെങ്കിലും മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങുന്ന കോലിയുടെ സ്‌ട്രൈക്ക് റേറ്റ് ഇന്ത്യയുടെ സ്‌കോറിംഗിനെ ബാധിക്കുന്നുവെന്ന ആക്ഷേപം മുന്നേയുണ്ട്.
മെല്ലെത്തുടങ്ങി ഇന്നിങ്‌സിനൊടുവിൽ അടിച്ചു കളിക്കുന്നതാണ് കോലിയുടെ ശൈലി. എന്നാൽ വെസ്റ്റ് ഇൻഡീസിലെ സ്ലോ പിച്ചുകളിൽ കോലിയുടെ ഈ ശൈലി തിരിച്ചടിയാകുമെന്നാണ് സെലക്ടർമാർ കരുതുന്നത്. കോലിയെ ടീമിലെടുത്താൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരിക്കാനാവില്ല. യശസ്വി ജയ്‌സ്വാളും ക്യാപ്റ്റൻ രോഹിത് ശർമയും ഓപ്പണറാകുമെന്ന് കരുതുന്ന ടീമിൽ മൂന്നാം നമ്പറിൽ കോലി വേണോ ശുഭ്മാൻ ഗിൽ വേണോ എന്നതാണ് സെലക്ടർമാർക്ക് മുന്നിലുള്ള ചോദ്യം. എന്തായാലും കോലിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറെ ചുമതലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
2022ലെ ലോകകപ്പിനുശേഷം ഇന്ത്യക്കായി ട്വന്റി 20 ക്രിക്കറ്റിൽ കളിക്കാത്ത കോലിയെ ഈ വർഷം ആദ്യം അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന രണ്ട് ട്വന്റി 20 മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഐപിഎല്ലിൽ മിന്നിത്തിളങ്ങിയാലും കോലിയുടെ ബാറ്റിങ് പൊസിഷൻ ടീം സന്തുലനത്തെ തകിടം മറിക്കുമെന്നതും സെലക്ടർമാരെ അലട്ടുന്നുണ്ട്. ട്വന്റി 20 ക്രിക്കറ്റിൽ കോലിയെക്കാൾ സംഭാവന ചെയ്യാനാകുക സൂര്യകുമാർ യാദവ്, റിങ്കു സിങ്, ശിവം ദുബെ, തിലക് വർമ തുടങ്ങിയ താരങ്ങൾക്കാണെന്നും സെലക്ടർമാർ വിലയിരുത്തുന്നു.
മെയ് ആദ്യവാരം ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപിക്കും മുമ്പെ സെലക്ടർമാർ കോലിയുമായി സംസാരിച്ച് ധാരണയിലെത്തണമെന്നാണ് ബിസിസിഐ നൽകിയിരിക്കുന്ന നിർദേശമെന്നാണ് റിപ്പോർട്ടുകൾ. ട്വന്റി 20 ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ വിരാട് കോലി ഇത്തവണ ഐപിഎല്ലിൽ നിന്നും വിട്ടു നിൽക്കാനുള്ള സാധ്യതയാണുള്ളത്. ഫാഫ് ഡുപ്ലെസിയുടെ കീഴിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐ.പി.എൽ കളിക്കാനിറങ്ങുന്നത്. നിലവിലെ ചാമ്പ്യൻ ചെന്നൈ സൂപ്പർ കിങ്‌സും ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. മുൻ ഇന്ത്യൻ നായകരായ എം.എസ്. ധോണിയും കോഹ്ലിയും നേർക്കുനേർ വരുന്നെന്ന പ്രത്യേകതയുണ്ടെങ്കിലും മത്സരത്തിൽ നിന്ന് കോലി വിട്ടുനിന്നാൽ ആരാധകർക്ക് വലിയ നിരാശയാകും.