- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈജൂസിനെതിരെ ബിസിസിഐ നൽകിയ പാപ്പരത്വ ഹർജിയിൽ വിധി 20ന്
ബെംഗലൂരു: ഇന്ത്യൻ ക്രിക്കറ്റ് ദേശീയ ടീമിന്റെ ജേഴ്സി സ്പോൺസർഷിപ്പ് കരാറിൽ വീഴ്ച വരുത്തുകയും കുടിശികയായ 160 കോടി രൂപ നൽകാതിരിക്കുകയും ചെയ്ത എജ്യൂടെക് കമ്പനിയായ ബൈജൂസിനെതിരെ ബിസിസഐ നൽകിയ പാപ്പരത്വ ഹർജിയിൽ നിർണായക വിധി ഈ മാസം 20ന് ഉണ്ടായേക്കും. ദേശീയ കമ്പനി ലോ ട്രിബ്യൂണലാണ് ബിസിസിഐ ബൈജൂസിനെതിരെ നൽകിയ പാപ്പരത്വ ഹർജി പരിഗണിക്കുന്നത്.
2019വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോൺസർമാരായിരുന്നു ബൈജൂസ്. പിന്നീട് അതേവർഷം നവംബർ വരെ കരാർ നീട്ടി നൽകിയിരുന്നു. 140 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ശേഷിക്കുന്ന 160 കോടി രൂപ തവണകളായും നൽകണമെന്നായിരുന്നു സ്പോൺസർഷിപ്പ് കരാറിൽ പറഞ്ഞിരുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്പോൺസർഷിപ്പ് കരാറിൽ വീഴ്ച വരുത്തിയതിന് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിസിസിഐ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർമാരായിരുന്ന ബൈജൂസ് 160 കോടി രൂപ നൽകാനുണ്ടെന്ന് ബിസിസിഐ ഹർജിയിൽ പറഞ്ഞിരുന്നു.
സെപ്റ്റംബറിൽ ട്രിബ്യൂണലിന് മുമ്പാകെ ഹർജിയെത്തിയപ്പോൾ ബിസിസിഐയുമായി ചർച്ചകൾ നടത്തുകയാണെന്നും പരസ്പരധാരണയോടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ബൈജൂസ് ട്രിബ്യൂണലിനെ അറിയിച്ചത്. എന്നാൽ വിഷയത്തിൽ തീരുമാനമൊന്നും ആകാത്ത പശ്ചാത്തലത്തിലാണ് ട്രിബ്യൂണൽ 20ന് വിധി പറയാനൊരുങ്ങുന്നത്.
അതിനിടെ ഫെബ്രുവരിയിൽ ബൈജൂസ് ഡയറക്ടർ ബോർഡിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ 13ന് കർണാടക ഹൈക്കോടതിയും വാദം കേൾക്കുന്നുണ്ട്. കമ്പനിയിൽ 32 ശതമാനത്തോളം ഓഹരിയുള്ള ഡയറക്ടർമാർ ബൈജൂസിന്റെ നേതൃത്വത്തിലുള്ള മലയാളി നിക്ഷേപകൻ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ബൈജൂസ് കോടതിയെ സമീപിക്കുകയായിരുന്നു. ബിസിസിഐയുടെ പാപ്പരത്വ ഹർജിയും ഹൈക്കോടതിയിലെ വാദവും ബൈജൂസിന്റെ ഭാവി സംബന്ധിച്ച് ഏറെ നിർണായകമാണ്.