- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയ്ക്കായി കളിക്കാതെ ഐപിഎല്ലിൽ ഇറങ്ങും': പാണ്ഡ്യയ്ക്ക് വിമർശനം
മുംബൈ: ഏകദിന ലോകകപ്പിനിടെ കാലിനേറ്റ പരിക്ക് ഭേദമായിട്ടും ആഭ്യന്തര ക്രിക്കറ്റും ദേശീയ ടീമിനായും കളിക്കാതെ ഐപിഎല്ലിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ ഇന്ത്യൻസ് നായകനുമായ ഹർദിക് പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാർ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ പാണ്ഡ്യ ഐപിഎൽ 2024ന് മുന്നോടിയായി മുംബൈ ടീം ക്യാംപിനൊപ്പം ചേർന്നതിന് പിന്നാലെയാണ് പ്രവീൺ കുമാറിന്റെ വിമർശനം. ഐപിഎല്ലിന് മുമ്പ് പരിക്കേൽക്കുന്ന പതിവ് പാണ്ഡ്യക്കുണ്ട് എന്ന് പ്രവീൺ തുറന്നടിച്ചു.
'ഐപിഎല്ലിന് രണ്ട് മാസം മുമ്പ് ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റു. പാണ്ഡ്യ രാജ്യത്തിനായി കളിക്കില്ല, ആഭ്യന്തര ക്രിക്കറ്റിൽ സംസ്ഥാനത്തിനായി കളിക്കില്ല, എന്നിട്ടും നേരിട്ട് ഐപിഎല്ലിൽ കളിക്കാനിറങ്ങും. ഇങ്ങനെയല്ല കാര്യങ്ങൾ ചെയ്യേണ്ടത്. പണം സ്വരൂപിക്കുന്നത് നല്ലതാണ്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ നിങ്ങൾ രാജ്യത്തിനായും സംസ്ഥാനത്തിനായും കളിക്കാൻ തയ്യാറാവണം. ഇപ്പോൾ ആളുകൾ ഐപിഎല്ലിന് മാത്രമാണ് പ്രധാന്യം നൽകുന്നത്' എന്നും പ്രവീൺ കുമാർ വിമർശിച്ചു.
ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം ശരിയായിരുന്നോയെന്നു സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ പ്രവീൺ കുമാർ ചോദിക്കുന്നു. രോഹിത് ശർമയെ മാറ്റിനിർത്തിയാണ് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് ഹാർദിക് പാണ്ഡ്യയെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏൽപിച്ചത്. 'രോഹിത് ശർമ്മയ്ക്ക് രണ്ടുമൂന്ന് സീസണുകളിൽ കൂടി മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാവാനുള്ള ഭാവിയുണ്ടായിരുന്നു. എന്നാൽ അന്തിമ തീരുമാനം മാനേജ്‌മെന്റിന്റെ കൈകളിലായിപ്പോയി' എന്നാണ് പ്രവീൺ കുമാറിന്റെ വാക്കുകൾ.
"മുംബൈ ഇന്ത്യൻസിന്റേത് തിടുക്കപ്പെട്ടുള്ള തീരുമാനമായിരുന്നോ? പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതു ശരിയായ തീരുമാനമാണോ? ഐപിഎല്ലിനു രണ്ടു മാസം മുൻപുവരെ നിങ്ങൾ കളിച്ചിരുന്നില്ല. രണ്ടു മാസം മുൻപാണു നിങ്ങൾക്കു പരുക്കേറ്റത്. രാജ്യത്തിനായോ, ആഭ്യന്തര ക്രിക്കറ്റിൽ സ്വന്തം സംസ്ഥാനത്തെ ടീമിനു വേണ്ടിയോ കളിച്ചിട്ടില്ല. ഇപ്പോൾ നേരിട്ട് ഐപിഎൽ കളിക്കാനാണു നീക്കം." പ്രവീൺ കുമാർ പ്രതികരിച്ചു.
"നിങ്ങൾ പണമുണ്ടാക്കിക്കോളൂ, ആരാണു തടയുന്നത്. അതിൽ ഒരു കുഴപ്പവുമില്ല. പക്ഷേ രാജ്യത്തിനു വേണ്ടിയും സംസ്ഥാനത്തെ ടീമിനു വേണ്ടിയും കൂടി കളിക്കാൻ തയാറാകണം. ഇപ്പോൾ ആളുകൾ ഐപിഎല്ലിനു മാത്രമാണു പ്രാധാന്യം നൽകുന്നത്. പണം പ്രധാനപ്പെട്ടതാണ്. പക്ഷേ ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രം നോക്കി കളിക്കുന്നതു ശരിയല്ല." പ്രവീൺ കുമാർ വ്യക്തമാക്കി.
ഗുജറാത്ത് ടൈറ്റൻസിൽ ഗംഭീര പ്രകടനം നടത്തിയതോടെയാണ് ഹാർദിക് പാണ്ഡ്യയ്ക്ക് വീണ്ടും മുംബൈ ഇന്ത്യൻസിലേക്കു വഴി തുറന്നത്. ഗുജറാത്ത് ക്യാപ്റ്റനായിരുന്ന പാണ്ഡ്യ ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലെത്തിച്ചു. രണ്ടാം സീസണിൽ ടൈറ്റൻസ് ഫൈനൽ വരെയെത്തി. ഇതോടെ കോടികളെറിഞ്ഞ് മുംബൈ പാണ്ഡ്യയെ സ്വന്തമാക്കുകയായിരുന്നു. മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനവും ആവശ്യമാണെന്ന് പാണ്ഡ്യ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിനിടെയാണ് ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത്. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ താരത്തിന്റെ കാൽക്കുഴയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇതിന് ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന പാണ്ഡ്യ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയില്ല. എന്നാൽ ഐപിഎൽ 2024 സീസൺ മുൻനിർത്തി താരം പരിശീലനം ആരംഭിക്കുകയും കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ക്യാംപിനൊപ്പം ചേരുകയുമായിരുന്നു.