മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയെ 169 റൺസിന് കീഴടക്കി 42-ാം കിരീടത്തിൽ മുത്തമിട്ട് മുംബൈ. 538 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭ അവസാന ദിവസം ആദ്യ സെഷനിൽ അക്ഷയ് വാഡ്കറുടെ സെഞ്ചുറിയുടെയും ഹർഷ് ദുബെയുടെ അർധസെഞ്ചുറിയുടെയും കരുത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 333 റൺസിലെത്തിയെങ്കിലും ലഞ്ചിനു പിന്നാലെ വാഡ്കറും ദുബെയും മടങ്ങിയതോടെ 368 റൺസിന് പുറത്തായി. വിദർഭയുടെ അവസാന അഞ്ച് വിക്കറ്റുകൾ 35 റൺസെടുക്കുന്നതിനിടെയാണ് വിദർഭക്ക് നഷ്ടമായത്. നാലു വിക്കറ്റ് വീഴ്‌ത്തിയ തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ തുഷാർ ദേശ്പാണ്ഡെയും മുഷീർ ഖാനുമാണ് മുംബൈക്കായി ബൗളിംഗിൽ തിളങ്ങിയത്.

2015-2016 സീസണിൽ സൗരാഷ്ട്രയെ തോൽപ്പിച്ച് കിരീടം നേടിയശേഷം മുംബൈ ആദ്യമായാണ് രഞ്ജി കിരീടം നേടുന്നത്. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമും മുംബൈ ആണ്. എട്ട് തവണ കിരീടം നേടിയിട്ടുള്ള കർണാടക ആണ് രണ്ടാമത്. സ്‌കോർ മുംബൈ 224, 418, വിദർഭ 105, 368.

രണ്ടാം ഇന്നിങ്‌സിൽ സെഞ്ചറി നേടിയ മുഷീർ ഖാനാണു കളിയിലെ താരം. 326 പന്തുകൾ നേരിട്ട മുഷീർ 136 റൺസെടുത്തു പുറത്തായി. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനാണു മുഷീർ ഖാൻ. ടൂർണമെന്റിൽ 502 റൺസും 29 വിക്കറ്റുകളും സ്വന്തമാക്കിയ മുംബൈ താരം തനുഷ് കൊട്യാനാണ് പ്ലേയർ ഓഫ് ദ് സീരീസ്.

248-5 എന്ന സ്‌കോറിൽ അവസാന ദിവസം ക്രീസിലിറങ്ങിയ വിദർഭ ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമാവാതെ പിടിച്ചു നിന്നതോടെ അപ്രതീക്ഷിത വിജയം നേടുമെന്ന പ്രതീക്ഷ ഉണർത്തിയിരുന്നു. വാഡ്കറുടെ സെഞ്ചുറിയും(102) ദുബെയുടെ അർധസെഞ്ചുറിയും(65) ആണ് വിദർഭക്ക് പ്രതീക്ഷ നൽകിയത്. എന്നാൽ ലഞ്ചിന് തൊട്ട് പിന്നാലെ വാഡ്കറെ തനുഷ് കൊടിയാൻ വിക്കറ്റിന് മുന്നിൽ കുടുക്കി വിദർഭക്ക് ആദ്യ പ്രഹരമേൽപ്പിച്ചു.

തൊട്ട് പിന്നാലെ ദുബെയെ തുഷാർ ദേശ്പാണ്ഡെ ഷംസ് മുലാനിയുടെ കൈകളിലെത്തിച്ചതോടെ വിദർഭയുടെ പോരാട്ടം അവസാനിച്ചു. വിദർഭയുടെ അവസാന അഞ്ച് വിക്കറ്റുകൾ 35 റൺസെടുക്കുന്നതിനിടെയാണ് വിദർഭക്ക് നഷ്ടമായത്. നാലു വിക്കറ്റ് വീഴ്‌ത്തിയ തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ തുഷാർ ദേശ്പാണ്ഡെയും മുഷീർ ഖാനുമാണ് മുംബൈക്കായി ബൗളിംഗിൽ തിളങ്ങിയത്.

അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച മുംബൈ പേസർ ധവാൽ കുൽക്കർണി ഉമേഷ് യാദവിനെ ക്ലീൻ ബൗൾഡാക്കി വിരമിക്കൽ അവിസ്മരണീയമാക്കിയതോടെ ആഭ്യന്തര ക്രിക്കറ്റിൽ ഒരിക്കൽ കൂടി മുംബൈ വമ്പ് കാട്ടി. കൂറ്റൻ വിജയലകഷ്യം തേടിയിറങ്ങിയ വിദർഭയുടെ മലയാളി താരം കരുൺ നായരുടെയും (74) വിദർഭ ക്യാപ്റ്റൻ അക്ഷയ് വഡ്കാറിന്റെയും ചെറുത്തുനിൽപ്പാണ് നാലാംദിനത്തിൽ മുംബൈ ബോളർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

രണ്ടിന് 64 എന്ന നിലയിൽ വിദർഭ പതറിയപ്പോൾ നാലാമനായി ബാറ്റിങ്ങിനിറങ്ങിയ കരുൺ മുംബൈ ബോളർമാർക്കു മുൻപിൽ പ്രതിരോധം തീർത്തു. 287 മിനിറ്റ് ക്രീസിൽ തുടർന്ന് 220 പന്തുകൾ നേരിട്ട കരുൺ അക്ഷയ് വഡ്കാറിനൊപ്പം അഞ്ചാം വിക്കറ്റിൽ 90 റൺസ് നേടി. കരുൺ പുറത്താകുമ്പോൾ വിദർഭ സ്‌കോർ 223ൽ എത്തിയിരുന്നു.

നേരത്തേ ബാറ്റിങ്ങിൽ രണ്ടാം ഇന്നിങ്‌സിലെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ മുംബൈ കരുത്താർജിക്കുകയായിരുന്നു. മുഷീർ ഖാന്റെ സെഞ്ചറിക്കു പുറമേ, ശ്രേയസ് അയ്യർ (111 പന്തിൽ 95), അജിൻക്യ രഹാനെ (143 പന്തിൽ 73), ഷംസ് മുലാനി (85 പന്തിൽ 50) എന്നിവർ മുംബൈയ്ക്കായി അർധ സെഞ്ചറി തികച്ചു. ആദ്യ ഇന്നിങ്‌സിൽ മുംബൈ 119 റൺസിന്റെ ലീഡെടുത്തിരുന്നു.