മുംബൈ: രഞ്ജി ട്രോഫിയിൽ മുംബൈയെ വീണ്ടും കിരീട നേട്ടത്തിലെത്തിച്ച താരങ്ങൾക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. എട്ട് വർഷത്തെ ഇടവേളക്കുശേഷമാണ് രഞ്ജി ട്രോഫി കിരീടത്തിൽ മുംബൈ മുത്തമിട്ടത്. എട്ട് വർഷത്തെ ഇടവേളക്കുശേഷം കിരിടം നേടിയ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം നൽകുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അമോൽ കാലെ പറഞ്ഞു.

രഞ്ജി കിരിട ജേതാക്കൾക്ക് പ്രൈസ് മണിയായി ലഭിക്കുന്ന അഞ്ച് കോടി രൂപക്ക് പുറമെയാണിത്. മറ്റ് ജോലിയൊന്നുമില്ലാത്ത യുവതാരങ്ങളെ സഹായിക്കാനായാണ് ഇത്തവണ അഞ്ച് കോടി പ്രൈസ് മണിക്ക് പുറമെ അഞ്ച് കോടി രൂപ സമ്മാനമായി നൽകുന്നതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് യുവതാരങ്ങൾക്ക് താൽപര്യം കുറയുകയും ഐപിഎല്ലിൽ കളിക്കാനായി ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ ഒഴിവാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ നിർണായക തീരുമാനം. ഫൈനലിൽ വിദർഭയെ തോൽപ്പിച്ചാണ് മുംബൈ രഞ്ജി കിരീടം നേടിയത്.

2015-2016നുശേഷം ആദ്യമായാണ് മുംബൈ രഞ്ജി കിരീടത്തിൽ മുത്തമിടുന്നത്. രഞ്ജി ട്രോഫിയിൽ കിരീടം നേടുന്ന 26-മത്തെ മുംബൈ നായകനുമായി ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 169 റൺസിനാണ് മുംബൈ വിദർഭയെ തോൽപ്പിച്ചത്.

ആവേശം അവസാന ദിനത്തിലേക്ക് നീണ്ട ഫൈനൽ പോരാട്ടത്തിൽ ആദ്യ സെഷനിൽ വിക്കറ്റൊന്നും വീഴ്‌ത്താനാവാതിരിക്കുകയും 248-5 എന്ന സ്‌കോറിൽ ബാറ്റിംഗിനിറങ്ങിയ വിദർഭ ലഞ്ചിന് 333-5ലെത്തുകയും ചെയ്തതോടെ മുംബൈ അപകടം മണത്തെങ്കിലും ലഞ്ചിനുശേഷം സെഞ്ചുറിയുമായി ക്രീസിൽ നിന്ന വിദർഭ ക്യാപ്റ്റൻ അക്ഷയ് വാഡ്കറെയും അർധസെഞ്ചുറിയുമായി പൊരുതിയ ഹർഷ് ദുബെയും വീഴ്‌ത്തി മുംബൈ വിജയം പിടിച്ചെടുത്തു.

42ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി കിരീടം നേടുന്നത്. എട്ട് വർഷങ്ങൾക്ക് മുൻപ് 2015-16ലാണ് മുംബൈ ഇതിനു മുൻപ് രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ വിദർഭയക്ക് അജിങ്ക്യ രഹാനെയുടെ ടീമിനെ തോൽപ്പിക്കാനായില്ല. 2017-18, 2018-19 വർഷങ്ങളിൽ തുടർച്ചയായി കിരീടം നേടിയ ടീമാണ് വിദർഭ.

ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വദ്കറിന്റെ (199 പന്തിൽ 102) ഇന്നിങ്സാണ് വിദർഭയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. അതർവ തയ്ഡെ (32), ധ്രുവ് ഷോറെ (28), അമൻ മൊഖദെ (32), കരുൺ നായർ (74), യഷ് റാത്തോഡ് (ഏഴ്), ഹർഷ് ദുബെ (65), ആദിത്യ സർവതെ (മൂന്ന്), യഷ് താക്കൂർ (ആറ്), ഉമേഷ് യാദവ് (ആറ്) എന്നിവരാണ് പുറത്തായത്.

ആറാം വിക്കറ്റിൽ അക്ഷയ് വദ്കറും ഹർഷ് ദുബെയും ചേർന്ന് 130 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് വിദർഭയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. മുംബൈക്കായി തനുഷ് കോട്ടിയൻ നാലും മുഷീർ ഖാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടും വിക്കറ്റുകൾ നേടി. ധവാൽ കുൽക്കർണി, ഷംസ് മുലാനി എന്നിവർക്ക് ഓരോ വിക്കറ്റ്.

നേരത്തേ ടോസ് നേടി മുംബൈയെ ബാറ്റിങ്ങിനു പറഞ്ഞയച്ചതായിരുന്നു വിദർഭ. 224 റൺസിൽ മുംബൈയുടെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിക്കാൻ വിദർഭയ്ക്ക് കഴിഞ്ഞു. മൂന്ന് വീതം വിക്കറ്റുകളുമായി യഷ് താക്കൂറും ഹർഷ് ദുബെയുമാണ് മുംബൈ ഇന്നിങ്സിനെ 224-ൽ ഒതുക്കിയത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി. ശർദുൽ താക്കൂറിന്റെ 75 റൺസ് ഇന്നിങ്സാണ് മുംബൈയെ സ്‌കോർ 200 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദർഭയ്ക്ക് അത്രപോലും ശോഭിക്കാനായില്ല. 105 റൺസിനിടെ എല്ലാവരും മടങ്ങി. 27 റൺസെടുത്ത യഷ് റാത്തോഡാണ് ടോപ് സ്‌കോറർ. മൂന്നുവീതം വിക്കറ്റുകൾ വീഴ്‌ത്തിയ ധവാൽ കുൽക്കർണിയും ശംസ് മുലാനിയും തനുഷ് കോട്ട്യനും ചേർന്നാണ് മുംബൈക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്.

തുടർന്ന് 119 റൺസിന്റെ ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മുംബൈ ശക്തമായ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. മുഷീർ ഖാന്റെ റെക്കോഡ് തീർത്ത സെഞ്ചുറി പ്രകടനംവഴി (136 റൺസ്) മുംബൈ കൂറ്റൻ സ്‌കോർ നേടി. 10 വിക്കറ്റ് നഷ്ടത്തിൽ 418 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ (95), ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (73), ഷംസ് മുലാനി (50) എന്നിവരും മുംബൈക്കായി തിളങ്ങി. വിദർഭയ്ക്കുവേണ്ടി ഹർഷ് ദുബെ അഞ്ചും യഷ് താക്കൂർ മൂന്നനും വിക്കറ്റുകളെടുത്തു.