- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയെ നയിക്കാൻ രണ്ട് ക്യാപ്റ്റൻ? സാധ്യതയെന്ന് മുൻ താരം
ചെന്നൈ: ഐപിഎല്ലിൽ പൂരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻസി സംബന്ധിച്ച രസകരമായ നിരീക്ഷണങ്ങളുമായി മുൻ താരം അംബാട്ടി റായുഡു. ഇത്തവണ ധോണി ഒറ്റക്കായിരിക്കില്ല ചെന്നൈയെ നയിക്കുകയെന്നും ധോണിയെ സഹായിക്കാനായി മറ്റൊരു ക്യാപ്റ്റൻ കൂടി ടീമിൽ ഉണ്ടാകുമെന്നും കഴിഞ്ഞ ഐപിഎല്ലോടെ വിരമിക്കൽ പ്രഖ്യാപിച്ച റായുഡു പറയുന്നു. രണ്ടാംപാദ മത്സരങ്ങളിൽ പുതിയ ക്യാപ്റ്റനാകും ചെന്നൈയെ നയിക്കുകയെന്നും റായുഡു പറയുന്നു. കാൽമുട്ടിന് പരുക്കുള്ളതിനാൽ എല്ലാ മത്സരങ്ങളിലും ധോണി മുഴുവൻ സമയം ഗ്രൗണ്ടിൽ ഉണ്ടാകണമെന്നില്ല. ഇംപാക്ട് പ്ലെയറുടെ റോളിലും ധോണിയെ കണ്ടേക്കാമെന്ന് റായുഡു പറയുന്നു.
ഇത്തവണ ധോണിയുടെ അവസാന ഐപിഎൽ ആകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അങ്ങനെ ആണെങ്കിൽ ഈ സീസൺ ചെന്നൈയിൽ തലമുറ മാറ്റത്തിന്റെ സൂചനകളും കാണാം. അടുത്ത സീസണിലും ധോണി കളിക്കുമെന്ന് ഉറപ്പാണെങ്കിൽ മാത്രമെ ഇത്തവണ ധോണി മുഴുവൻ സമയ ക്യാപ്റ്റനാവാൻ സാധ്യതയുള്ളു. അല്ലാത്തപക്ഷം കൂടെ മറ്റൊരു താരത്തെ കൂടി ക്യാപ്റ്റനായി കൊണ്ടുവരാനുള്ള സാധ്യത കൂടുതലാണ്. ഇംപാക്ട് പ്ലേയർ നിയമം നിലവിലുള്ളതിനാൽ ധോണിക്ക് മത്സരത്തിനിടയിൽ വെച്ച് വേണമെങ്കിൽ തിരിച്ചു കയറി പകരം മറ്റൊരു കളിക്കാരനെ ഗ്രൗണ്ടിലിറക്കാം.
വ്യക്തിപരമായ അദ്ദേഹം ചെന്നൈ നായകനായി തുടരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കാൽമുട്ടിലെ പരിക്ക് അലട്ടിയാൽ ഒരുപക്ഷെ ഈ സീസണോടെ ധോണി ഐപിഎല്ലിനോട് വിടപറയാൻ സാധ്യതയുണ്ട്. പൂർണമായും ഫിറ്റ് അല്ലെങ്കിൽ പോലും ധോണി ഈ സീസണിലെ എല്ലാ മത്സരങ്ങളിലും കളിക്കുമെന്നാണ് ഞാൻ കരുതുന്നത്. 10 ശതമാനം ഫിറ്റാണെങ്കിൽ പോലും ധോണി കളിക്കാൻ സാധ്യതയുണ്ട്. കാരണം, പരിക്കുകൾക്ക് അദ്ദേഹത്തെ ഒരിക്കലും തളർത്താനാവില്ല.
എത്രയോ തവണ പരിക്കുകൾ അവഗണിച്ച് കളിച്ചിട്ടുണ്ട് അദ്ദേഹം. കഴിഞ്ഞ സീസണിൽ പോലും കാൽ മുട്ടിലെ പരിക്കു വകവെക്കാതെയാണ് അദ്ദേഹം കളിക്കാനിറങ്ങിയത്. അതുകൊണ്ടുതന്നെ മറ്റൊന്നും അദ്ദേഹത്തെ തടയില്ലെന്നും റായുഡു പറഞ്ഞു. രവീന്ദ്ര ജഡേജയെ മുമ്പ് ക്യാപ്റ്റനാക്കിയുള്ള പരീക്ഷണം പാളിയതിനാൽ ഇത്തവണ റുതുരാജ് ഗെയ്ക്വാദിനെയാകും ധോണിക്കൊപ്പം ക്യാപ്റ്റൻ സ്ഥാനത്തേക്ക് ചെന്നൈ പരിഗണിക്കുക എന്നാണ് സൂചന.
ഇംപാക്ട് പ്ലെയർ നിയമം നിലവിലുള്ളതിനാൽ ധോണിക്ക് മത്സരത്തിനിടയിൽ വച്ച് വേണമെങ്കിൽ തിരിച്ചുകയറി പകരം മറ്റൊരു കളിക്കാരനെ ഗ്രൗണ്ടിലിറക്കാം. ധോണി ബാറ്റിങ് പൊസിഷൻ മാറി കളത്തിലാറങ്ങാനും സാധ്യതയുണ്ട്. എന്നാൽ അത് ടോപ് ഓഡറിൽ ആവില്ല. ഒന്നോ രണ്ടോ സ്ഥാനം മാത്രം ഉയർത്താനാകും അദ്ദേഹം ശ്രദ്ധിക്കുകയെന്നും റായുഡു അഭിപ്രായപ്പെട്ടു. ഈ മാസം 22ന് ആരംഭിക്കുന്ന ഐപിഎൽ 17ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂരിനെ നേരിടും.