- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രോഹിത് ലഗാൻ സിനിമയിലെ ആമിർ ഖാനെപ്പോലെ': സർഫറാസ് ഖാൻ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര മിന്നും ജയത്തോടെ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയെ പുകഴ്‌ത്തി യുവതാരം സർഫറാസ് ഖാൻ. രോഹിത്തിന്റെ ക്യാപ്റ്റൻസി വളരെ മികച്ചതാണെന്നും അദ്ദേഹം എല്ലാവർക്കും നൽകുന്ന പിന്തുണ വളരെ വലുതാണെന്നും സർഫറാസ് ചൂണ്ടിക്കാണിച്ചു. രോഹിത്തിനെ കാണുമ്പോൾ ലഗാൻ സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രം, എങ്ങനെയാണ് ഒരു ടീമിനെ ഒരുമിച്ച് നിർത്തിയതെന്ന് ഓർമ വരുമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സർഫറാസ് പറഞ്ഞു.
"വെല്ലുവിളികൾക്കിടയിലും ടീമിനെ ഒരുമിച്ചു നിർത്തുന്നതിലും മുന്നോട്ടു കൊണ്ടുപോകുന്നതിലും രോഹിത്തിന് പ്രത്യേക കഴിവാണ്. രോഹിത്തിന്റെ വാക്കുകൾ പലപ്പോഴും പരുഷമായി തോന്നാം. എന്നാൽ അത് മുംബൈക്കാരുടെ സാധാരണ സംസാര ശൈലിയാണ്. അരങ്ങേറ്റ ടെസ്റ്റിൽ ജൂനിയർ താരമാണെന്ന് തോന്നിക്കുന്ന തരത്തിൽ യാതൊന്നും ഇന്ത്യൻ നായകന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല" സർഫറാസ് വ്യക്തമാക്കി.
ടെസ്റ്റ് അരങ്ങേറ്റത്തിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായെന്നും സർഫറാസ് വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് സർഫറാസ് ഇന്ത്യയ്ക്കായി അരങ്ങേറിയത്. അഞ്ച് ഇന്നിങ്‌സുകളിൽനിന്ന് മൂന്ന് അർധ സെഞ്ചറിയും താരം സ്വന്തമാക്കി. മികച്ച ഷോട്ടുകളിലൂടെ ആരാധക പ്രശംസയും സർഫറാസ് നേടി. അഞ്ചു മത്സര പരമ്പര ഇന്ത്യ 4 1നാണ് സ്വന്തമാക്കിയത്.
അതേ സമയം ഗ്രൗണ്ടിൽ സഹതാരങ്ങളെ കണ്ണുപൊട്ടുന്ന ചീത്ത പറയുന്ന ക്യാപ്റ്റൻ രോഹിത് ശർമയെ പിന്തുണച്ച് സഹതാരം കുൽദീപ് യാദവും രംഗത്തെത്തി. ക്യാച്ച് വിടുമ്പോഴും മോശം പന്ത് എറിയുമ്പോഴും ഫീൽഡിങ് പിഴവ് സംഭവിക്കുമ്പോഴുമെല്ലാം രോഹിത് തന്റെ വികാരം പുറത്തു കാണിക്കാറുണ്ട്. ഒപ്പം രോഹിത്തിന്റെ വായിൽ നിന്ന് ചീത്തവിളിയും പിഴവ് പറ്റിയ കളിക്കാരന് കേൾക്കാം. രോഹിത് സഹതാരങ്ങളെ അധിക്ഷേപിക്കുകയാണെന്ന് ഒരു വിഭാഗം ആരാധകർ ഇതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടുമുണ്ട്.
എന്നാൽ ഇത്തരം കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ് ഇന്ത്യൻ താരവും രോഹിത്തിന്റെ കൈയിൽ നിന്ന് ഏറ്റവും കൂടുതൽ ചീത്ത കേട്ടിട്ടുള്ള കളിക്കാരനുമായ കുൽദീപ് യാദവ്. ഗ്രൗണ്ടിൽ രോഹിത് പറഞ്ഞത് ചെയ്യണം എന്ന് നിർബന്ധമുള്ള ക്യാപ്റ്റനാണ്. കളിക്കാരെ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ എപ്പോഴും പുഷ് ചെയ്യുന്ന ക്യാപ്റ്റനാണ്. യുവതാരങ്ങൾക്ക് പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹം അവസരമൊരുക്കാറുണ്ട്. എന്നാൽ അദ്ദേഹം ഗ്രൗണ്ടിൽവെച്ച് ഞങ്ങളെ പറയുന്ന ചീത്തയൊന്നും ഞങ്ങൾ കാര്യമാക്കാറില്ല.
അതിന് കാരണം, ഗ്രൗണ്ടിന് പുറത്ത് ഞങ്ങൾ തമ്മിലുള്ള ഗാഢബന്ധമാണ്. അദ്ദേഹം എന്ത് പറഞ്ഞാലും അതൊക്കെ ഞങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതാണെന്ന് ഞങ്ങൾക്ക് അറിയാം. കാരണം, അദ്ദേഹം ഞങ്ങളെപ്പോലെയുള്ള യുവതാരങ്ങളെ മുന്നോട്ട് നയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ക്യാപ്റ്റനാണ്. എനിക്ക് തന്നെ എന്നിൽ വിശ്വാസമില്ലെങ്കിൽ പോലും രോഹിത് പറയും ഞാൻ നിന്നെ വിശ്വസിക്കുന്നു, ആശങ്കപ്പെടാതെ കളിക്കെന്ന്. ഒരു ബാറ്ററെന്ന നിലയിൽ ബൗളർ എന്ത് ചിന്തിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാം.
ഇപ്പോൾ അദ്ദേഹം എന്റെ ബൗളിംഗിനെക്കുറിച്ച് ഒന്നും പറയാറില്ല. കാരണം, ഞങ്ങൾ തമ്മിലുള്ള ബന്ധം ആ തലത്തിലെത്തി. ഇപ്പോഴദ്ദേഹം എന്റെ ബാറ്റിംഗിനെക്കുറിച്ചാണ് പറയാറുള്ളത്. ടെസ്റ്റ് പരമ്പരയുടെ ഇടവേളിൽ ബാറ്റിങ് എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് അദ്ദഹേം ഉപദേശിച്ചത്. അദ്ദേഹത്തെപ്പോലെ ഒരു ക്യാപ്റ്റനുള്ളത് ഭാഗ്യമാണെന്നും ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ കുൽദീപ് പറഞ്ഞു.