- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുതിരഞ്ഞെടുപ്പ്; ഐ.പി.എൽ രണ്ടാംപാദ മത്സരങ്ങൾ കടൽ കടക്കുമോ?
മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ട സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാംപാദ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. മത്സരങ്ങൾ നടത്തുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി ബി.സി.സി ഉദ്യോഗസ്ഥർ യു.എ.ഇയിലെത്തിയിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പ് തീയതികൾ ഐ.പി.എല്ലിന്റെ രണ്ടാം പകുതിയുമായി ക്ലാഷ് ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് തീരുമാനം. ചില ഫ്രാഞ്ചൈസികൾ കളിക്കാരോട് അവരുടെ പാസ്‌പോർട്ടുകൾ നൽകാൻ ആവശ്യപ്പെട്ടതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
2009-ൽ പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐപിഎൽ സീസൺ ദക്ഷിണാഫ്രിക്കയിലായിരുന്നു സംഘടിപ്പിച്ചത്. 2014-ലെ പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് ഐപിഎല്ലിന്റെ ആദ്യ പകുതി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മാർച്ച് 22-നാണ് ഐപിഎൽ 17-ാം സീസണിന് തുടക്കമാകുന്നത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ ഏപ്രിൽ ഏഴു വരെയുള്ള മത്സരക്രമം മാത്രമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ 19-ന് ആണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തുടക്കമാകുന്നത്.
ഏപ്രിൽ 19-ന് ആരംഭിച്ച് ജൂൺ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 19-ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രിൽ 26-ന് നടക്കും. മെയ് ഏഴിനാണ് മൂന്നാംഘട്ടം. മെയ് 13-ന് നാലാം ഘട്ടവും മെയ് 20-ന് അഞ്ചാം ഘട്ടവും നടക്കും. മെയ് 26-ന് ആണ് ആറാം ഘട്ടം. ജൂൺ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പ് പൂർത്തിയാകും. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം, എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
21 മത്സരങ്ങൾ ഉൾപ്പെടുന്ന ഐപിഎല്ലിന്റെ ആദ്യ പകുതിയുടെ ഷെഡ്യൂൾ കഴിഞ്ഞ മാസം ബി.സി.സിഐ പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിന്റെ ആദ്യ പകുതിയിലെ അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സ് ഏപ്രിൽ 7 ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് മാർച്ച് 22 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചസ് ബാംഗ്ലൂരിനെ നേരിടും. രണ്ടാം പകുതി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസ്സം വരുത്താതെ ഇന്ത്യൻ നഗരങ്ങളിൽ നടത്തുന്നതിനുള്ള സാധ്യതയും ഐപിഎൽ ഭരണസമിതി പരിഗണിക്കുന്നുണ്ട്.
ഐപിഎൽ രണ്ടാം പകുതിയിലെ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റുമെന്ന പ്രചാരണത്തിൽ പ്രതികരിക്കുകയാണ് ഐപിഎൽ ചെയൻ അരുൺ ധുമാൽ. മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. "ഞങ്ങൾ സർക്കാർ ഏജൻസികളുമായി സംസാരിക്കുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചാലുടൻ, ഇന്ത്യയിൽ നടത്താനുള്ള പദ്ധതികൾ ഞങ്ങൾ കണ്ടെത്തും. മത്സരങ്ങൾ ഇന്ത്യയിൽ മാത്രമെ നടത്തൂ. മറ്റെവിടെയും പോവാൻ സമ്മതിക്കില്ല." ധുമാൽ വ്യക്തമാക്കി.