കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണ് തുടക്കമാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പർതാരം വിരാട് കോഹ്ലി ലണ്ടനിൽനിന്ന് ഇന്ത്യയിൽ മടങ്ങിയെത്തി. മുംബൈ വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വരുന്ന താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു. കോഹ്ലി ഐ.പി.എല്ലിലും കളിക്കില്ലെന്ന് അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് താരം മടങ്ങിയെത്തിയത്.

വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഇന്ത്യൻ ടീമിൽനിന്ന് അവധിയെടുത്ത് താരം കുടുംബത്തോടൊപ്പം ലണ്ടനിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം കളിച്ചിരുന്നില്ല. ഇതിനിടെ തനിക്കും അനുഷ്‌കക്കും രണ്ടാമത്തെ കുഞ്ഞ് പിറന്ന വിവരം കോഹ്ലി തന്നെ വെളിപ്പെടുത്തിയത്. ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടംലഭിച്ചേക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ ഐപിഎല്ലിൽ നിന്നും താരം വിട്ടുനിൽക്കുമെന്നായിരുന്നു പ്രചാരണം.

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സാണ് എതിരാളികൾ. മുൻ ഇന്ത്യൻ നായകരുടെ നേർക്കുനേർ പോരാട്ടത്തിന് കൂടിയാണ് ചെന്നൈ വേദിയാകുന്നത്. കുറത്ത ടീം ഷർട്ട് ധരിച്ച് വിമാനത്താവളത്തിന് പുറത്തുവരുന്ന കോഹ്ലിയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

താരം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കുന്നതും വിഡിയോയിൽ കാണാനാകും. ഉടൻ തന്നെ താരം ടീമിനൊപ്പം ചേരും. ഈ ഐ.പി.എൽ കോഹ്ലിയെ സംബന്ധിച്ചെടുത്തോളം ഏറെ നിർണായകമാണ്. യുവതാരങ്ങൾ കുട്ടിക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നതിനാൽ ട്വന്റി20യിൽ സജീവമല്ലാത്ത കോഹ്ലിയെ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബി.സി.സിഐ) അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ചർച്ച ചെയ്തതായാണ് വിവരം.

ഐ.പി.എല്ലിലെ പ്രകടനങ്ങൾകൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ആലോചന. ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ഇന്ത്യക്കായി ട്വന്റി20 കളിച്ചത്. മത്സരത്തിൽ 29, 0 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോർ. രോഹിത് ശർമ ട്വന്റി20 ടീമിലുണ്ടാകുമെന്ന് ബി.സി.സിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയതാണ്. മൂന്നു തവണ ഫൈനൽ കളിച്ചിട്ടും ബംഗ്ലൂരിന് ഐ.പി.എൽ കിരീടം സ്വപ്നമായി തുടരുകയാണ്.

കോഹ്ലി, ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്‌സ് വെൽ എന്നിവർ തന്നെയാണ് ബാറ്റിങ്ങിലെ പ്രതീക്ഷകൾ. രജത് പാട്ടീദാറും എത്തുന്നത് ബാറ്റിങ്ങിന് കൂടുതൽ കരുത്ത് പകരും. പേസർമാരായ മുഹമ്മദ് സിറാജ്, അൽസാരി ജോസഫ്, യാഷ് ദയാൽ, ലോകീ ഫെർഗൂസൻ എന്നിവരുണ്ടെങ്കിലും ഇവരുടെ ഡെത്ത് ഓവർ പ്രകടനമാണ് ടീമിന് തലവേദനയാകുന്നത്. അനുഭവപരിചയമുള്ള ഒരു സ്പിൻ ബൗളറുടെ അഭാവവും ടീമിനെ വലക്കുന്നുണ്ട്.

അതേ സമയം രഞ്ജി ട്രോഫിയിൽ മുംബൈ - വിദർഭ ഫൈനലിനിടെ ശ്രേയസ് അയ്യർക്ക് പരിക്കേറ്റെന്ന വാർത്തകൾക്കിടെ താരം ഐപിഎൽ മത്സരത്തിൽ പങ്കെടുക്കുമെന്ന വാർത്ത ആരാധകർക്ക് ആശ്വാസമായി. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ രണ്ടാം ഇന്നിങ്‌സിൽ 95 റൺസിന് പുറത്താവുമ്പോൾ താരത്തിന് പുറംവേദനയുണ്ടായിരുന്നു. ഇതിനിടെ രണ്ട് തവണ താരം ഫിസിയോയുടെ സഹായം തേടുകയും ചെയ്തു. തുടർന്ന് അവസാന ഘട്ടത്തിൽ താരം കളിച്ചിരുന്നില്ല. വരാനിരിക്കുന്ന ഐപിഎല്ലിൽ തുടക്കത്തിലെ ചില മത്സരങ്ങൾ ശ്രേയസിന് നഷ്ടമാകുമെന്ന് വാർത്തകളുണ്ടായിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലന ക്യാംപിൽ പങ്കെടുക്കാൻ കൊൽക്കത്തയിലെത്തിയിരിക്കുകയാണ് ശ്രേയസ്. കൊൽക്കത്തയ്ക്ക് ആശ്വാസം നൽകുന്ന വാർത്തായാണിത്. താരത്തിന്റെ പരിക്ക് പൂർണമായും ഭേദപ്പെട്ടുവെന്നാണ് വിവരം. ഇക്കാര്യം കഴിഞ്ഞ ദിവസം മുംബൈ ടീം മാനേജര് ഭൂഷൺ പാട്ടീൽ സൂചിപ്പിച്ചിരുന്നു. ഒരു പേടിയും പേടിക്കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മാനേജരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു... "ആശങ്കയ്ക്കുള്ള വകയൊന്നിമില്ല. ശ്രേയസ് സുഖമായിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഐപിഎൽ തയ്യാറെടുപ്പിനായി അദ്ദേഹം കൊൽക്കത്തയിലേക്ക് പോകും." അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കപ്പെട്ട താരമാണ് ശ്രേയസ്. ആഭ്യന്തര മത്സരങ്ങൾ കളിച്ചില്ലെന്ന കാരണം മുൻനിർത്തിയാണ് ശ്രേയസിനെ കരാറിൽ നിന്നൊഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ശ്രേയസ് കളിച്ചിരുന്നു. പിന്നാലെ പുറംവേദനയെ തുടർന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തി. ദിവസങ്ങൾക്ക് ശേഷം താരത്തിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. എന്നാൽ രഞ്ജി മത്സരങ്ങളിൽ നിന്ന് ശ്രേയസ് വിട്ടുനിന്നു. പരിക്ക് പൂർണമായും മാറിയില്ലെന്ന് ശ്രേയസ് അറിയിക്കുകയായിരുന്നു. പിന്നാലെ ബിസിസിഐ താരത്തിന്റെ കരാർ റദ്ദാക്കി. ഇതോടെ രഞ്ജി മത്സരങ്ങൾ കളിക്കാൻ ശ്രേയസ് നിർബന്ധിതനായി. സെമി ഫൈനലിൽ തമിഴ്‌നാടിനെതിരെ രണ്ട് ഇന്നിങ്സിലും ശ്രേയസ് കളിച്ചിരുന്നു.