ലഖ്‌നൗ: കഴിഞ്ഞവർഷം നവംബറിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിനുള്ള പിച്ചിൽ കൃത്രിമത്വം നടത്തുന്നത് കണ്ടുവെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും അറിവോടെയാണ് പിച്ചിൽ കൃത്രിമത്വം നടന്നതെന്നാണ് കൈഫിന്റെ ആരോപണം. സ്പിന്നർമാരെ നേരിടാൻ ദൗർബല്യമുള്ള ഓസിസ് ബാറ്റർമാരെ സ്പിൻ പിച്ചൊരുക്കി തളയ്ക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്നാണ് ആരോപണം.

ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുക്കുകയും ഇന്ത്യയെ കുറഞ്ഞ സ്‌കോറിൽ തളക്കുകയും ചെയ്തിരുന്നു. പിന്നീട് ട്രാവിസ് ഹെഡിന്റെ സെഞ്ചുറി കരുത്തിൽ ഓസിസ് അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു. ഫൈനൽ വരെ തോൽവിയറിയാതെ വന്ന ഇന്ത്യ കലാശപ്പോരാട്ടത്തിൽ ഓസിസിന് മുന്നിൽ കിരീടം കൈവിടുകയായിരുന്നു. ഫൈനലിന് ഒരുക്കിയ പിച്ചിനെതിരെ
കടുത്ത വിമർശനം അന്ന് ഉയർന്നിരുന്നു

ലോകകപ്പ് ഫൈനലിനുള്ള പിച്ച് തയാറാക്കിയത് രോഹിത്തിന്റെയും ദ്രാവിഡിന്റെയും വ്യക്തമായ നിർദേശത്തോടെ തന്നെയായിരുന്നുവെന്ന് മുഹമ്മദ് കൈഫ് ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ കൈഫ് പറഞ്ഞു. ഫൈനലിന് മുമ്പ് ഞാനവിടെ മൂന്ന് ദിവസം ഉണ്ടായിരുന്നു. ഫൈനലിന് മുമ്പ് ഈ മൂന്ന് ദിവസവും രോഹിത്തും ദ്രാവിഡും പിച്ച് പരിശോധിക്കാൻ എത്തിയിരുന്നു. ഓരോ ദിവസവും പിച്ചിന് സമീപം അവർ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു.

പിച്ചിന്റെ നിറം മാറുന്നത് ഞാൻ കണ്ടതാണ്. സ്പിന്നർമാരെ സഹായിക്കുന്ന വരണ്ട പിച്ച് ആക്കാൻ വേണ്ടി പിച്ച് നനച്ചിരുന്നില്ല. പിച്ചിൽ പുല്ലുമില്ലായിരുന്നു. ഓസ്‌ട്രേലിയക്ക് സ്ലോ പിച്ച് നൽകാനാണ് ഇന്ത്യ ലക്ഷ്യമിട്ടത്. അതാണ് യാഥാർത്ഥ്യം. ആരാധകർക്ക് അതിപ്പോഴും വിശ്വസിക്കാൻ മടിയുണ്ടെങ്കിൽ പോലും അതാണ് വസ്തുതയെന്നും കൈഫ് പറഞ്ഞു.

ഓസ്‌ട്രേലിയൻ നിരയിൽ പാറ്റ് കമിൻസും മിച്ചൽ സ്റ്റാർക്കുമുണ്ടെന്നതിനാലാണ് ഇന്ത്യ സ്ലോ പിച്ച് തയാറാക്കിയത്.അതാണ് നമുക്ക് പറ്റിയ തെറ്റ്. പലരും പറയാറുണ്ട്, ക്യൂറേറ്റർ ആണ് പിച്ച് തയാറാക്കിയത്, ഞങ്ങൾ അതിൽ ഇടപെടാറില്ലെന്ന്. അത് മണ്ടത്തരമാണ്. കാരണം, പിച്ചിന് സമീപത്തുകൂടി നടക്കുമ്പോൾ നിങ്ങൾ രണ്ടുവരി ക്യൂറേറ്ററോട് പറഞ്ഞാൽ മതി. വെള്ളം നനക്കരുതെന്നും പുല്ല് വേണ്ടെന്നും. അത് സംഭവിക്കാറുമുണ്ട്. അതാണ് സത്യം. സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യമാണ് അത്. അതെടുത്തതിൽ തെറ്റൊന്നുമില്ലെങ്കിലും ഇതൽപ്പം കടന്നുപോയെന്നും കൈഫ് പറഞ്ഞു.

ലോകകപ്പ് ഫൈനലിൽ ടോസ് നേടിയാൽ അധികം പേരും ബൗളിങ് തെരഞ്ഞെടുക്കാറില്ല. എന്നാൽ ചെന്നൈയിലെ തോൽവിയിൽ നിന്ന് ഓസീസ് പഠിച്ചു. അതുകൊണ്ടുതന്നെ കമിൻസ് ബൗളിങ് തെരഞ്ഞെടുത്തു. പിച്ചിൽ പണിത് നമ്മൾ പണി മേടിക്കുകയും ചെയ്തു-കൈഫ് പറഞ്ഞു.