ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് കിരീടം നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിനെ അഭിനന്ദിച്ചുള്ള കുറിപ്പിനൊപ്പം പതിനാറ് വർഷമായി ഐപിഎൽ കിരീടം നേടാനാകാത്ത പുരുഷ ടീമിന് ആശംസകൾ നേർന്ന് ടീമിന്റെ മുൻ ഉടമ കൂടിയായ വിജയ് മല്യ. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് നിയമനടപികൾ നേരിട്ട വിജയ് മല്യ ഇന്ത്യ വിട്ട് ബ്രിട്ടണിൽ അഭയം തേടിയിരുന്നു. കേസിലെ തുടർ നടപടികൾക്കായി വിജയ് മല്യയെ വിട്ടുകിട്ടാനുള്ള നിയമനടപടികൾ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ആർസിബി വനിതാ ടീമിന്റെ കിരീട നേട്ടത്തിൽ ആശംസയുമായി മല്യ എത്തിയത്.

വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബി വനിതാ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇനി ഇത്തവണ പുരുഷ ടീം കൂടി കിരീടം നേടി ഡബിൾ തികച്ചാൽ അത് ഗംഭീരമായിരിക്കും. ഏറെക്കാലമായുള്ള കടമാണത്, അവർക്കും എല്ലാവിധ ആശംസകളുമെന്നായിരുന്നു വിജയ് മല്യയുടെ വാക്കുകൾ. 16 വർഷമായി ഐപിഎൽ കിരീടം നേടാനാത്ത പുരുഷ ടീമിനെക്കുറിച്ചാണ് മല്യ ട്വീറ്റിൽ പരാമർശിച്ചത്. 22ന് തുടങ്ങുന്ന പുരുഷ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ആണ് ആർസിബിയുടെ ആദ്യ മത്സരം.

വനിതാ ടീം കീരീടം നേടിയതോട പുരുഷ ടീമും കടുത്ത സമ്മർദ്ദത്തിലാകും ഐപിഎല്ലിനിറങ്ങുക. കിരീടത്തിൽ കുറഞ്ഞതൊന്നും വിരാട് കോലിയുടെ സംഘത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നില്ല. 2009, 2011, 2016 സീസണുകളിൽ ഫൈനലിലെത്തിയെങ്കിലും ആർസിബിക്ക് കിരീടപ്പോരാട്ടത്തിൽ കാലിടറിയിരുന്നു. 2020, 2021 സീസണുകളിൽ പ്ലേ ഓഫിലെത്തിയെങ്കിലും ആർസിബിക്ക് ഫൈനലിലെത്താനായില്ല. ആർസിബി ടീം ഉടമയായിരുന്ന വിജയ് മല്യ 2016ലാണ് ടീമിന്റെ ഉടമസ്ഥാവകാശം പൂർണമായും യുണൈറ്റഡ് സ്പിരിറ്റ്‌സിന് കൈമാറിയത്. ഇന്ന് ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ആറാമത്തെ ടീമാണ് ആർസിബി.

ആർസിബി വനിതാ ടീം കിരീടം നേടിയതോടെ പുരുഷ ടീമിനെ സംബന്ധിച്ച് കാര്യങ്ങൾ കടുപ്പമായിരിക്കുകയാണെന്ന് പറയാം. ഇത്തവണ എല്ലാവരും ആർസിബി പുരുഷ ടീമിന്റെ കിരീടത്തിനായി ഉറ്റുനോക്കുകയാണ്. എന്നാൽ കപ്പിലേക്കെത്തുക ആർസിബിക്ക് എളുപ്പമായിരിക്കില്ലെന്ന് ഉറപ്പിച്ച് പറയാം. ഫഫ് ഡുപ്ലെസിസിന് കീഴിൽ കളിക്കുന്ന ആർസിബി പുരുഷ ടീമിനൊപ്പം ശക്തമായ താരനിരയുണ്ട്.

എന്നാൽ പതിവുപോലെ ഇത്തവണയും ആർസിബിയുടെ ബൗളിങ് നിര ദുർബലമാണെന്ന് പറയാം. എടുത്തു പറയാൻ സാധിക്കുന്ന വിശ്വസ്തരായ ബൗളർമാർ ആർസിബിക്കൊപ്പമില്ല. ഇത് ടീമിനെ പിന്നോട്ടടിക്കാനുള്ള സാധ്യതയാണ് കൂടുതൽ. വിരാട് കോലി ഏറെ നാൾ നയിച്ചിട്ടും ആർസിബിക്ക് കിരീടത്തിലേക്കെത്താൻ സാധിച്ചിട്ടില്ല. ഒടുവിൽ അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞ് വഴിമാറിക്കൊടുത്തിരുന്നു. ഇത്തവണ ഡുപ്ലെസിസിന് അവസാന അവസരമാണ്.

കപ്പിലേക്കെത്താൻ സാധിക്കാതെ പോയാൽ വലിയ ഉടച്ചുവാർക്കൽ ആർസിബി ടീമിലുണ്ടാവും. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാൻ പോവുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണിൽ ആർസിബി പുരുഷ ടീമിന് കപ്പിലേക്കെത്താൻ സാധിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോമിലേക്കെത്തിയാൽ ആർസിബി കിരീടം നേടാൻ സാധ്യതയുണ്ട്. എന്നാൽ അത് സംഭവിക്കണമെങ്കിൽ നന്നായി കഷ്ടപ്പെടേണ്ടി വരും.

ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ ഐപിഎൽ ഫൈനലിൽ ഡൽഹിയെ എട്ട് വിക്കറ്റിന് വീഴ്‌ത്തിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്നലെ ഐപിഎല്ലിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഡൽഹി 18.3 ഓവറിൽ 113 റൺസിന് ഓൾ ഔട്ടായപ്പോൾ ബാംഗ്ലൂർ 19.3 ഓവറിൽ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റുചെയ്ത ഡൽഹി 113 റൺസിനാണ് ഓൾഔട്ടായത്. വിക്കറ്റ് പോവാതെ 64 റൺസെന്ന നിലയിൽ നിന്നാണ് ഡൽഹി 113ലേക്ക് ഒതുങ്ങിയത്. മറുപടിക്കിറങ്ങിയ ആർസിബി 3 പന്തുകളും 8 വിക്കറ്റും ബാക്കിനിർത്തിയാണ് ജയിച്ചത്. ഡൽഹിക്കായി ഷഫാലി വർമ 44 റൺസാണ് നേടിയത്. 27 പന്തിൽ 2 ഫോറും 3 സിക്സും ഉൾപ്പപെടെയാണ് ഷഫാലി 44 റൺസ് നേടിയത്.

മെഗ് ലാനിങ് 23 റൺസാണ് നേടിയത്. ജെമീമ റോഡ്രിഗസും, അലിസ കാപ്സിയും ഡെക്കിന് പുറത്തായത് ഡൽഹിയെ പിന്നോട്ടടിച്ചു. മരിസെയ്ൻ കാപ്പ് 8 റൺസാണ് അടിച്ചെടുത്തത്. ജെസ് ജൊനാസൻ 3 റൺസും രാധാ യാദവ് 12 റൺസുമെടുത്തു. മിന്നു മണി 5 റൺസാണ് അടിച്ചെടുത്തത്. ആർസിബിക്കായി എല്ലിസ പെറി (35), സ്മൃതി മന്ദാന (31), സോഫി ഡിവൈൻ (32) എന്നിവർ തിളങ്ങി.