- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മൃതി മന്ദാനയുടെ തോളിൽ കൈയിട്ട് അജ്ഞാത സുന്ദരൻ ആരാണെന്ന് ആരാധകർ
ന്യൂഡൽഹി: രണ്ടാം വനിതാ പ്രീമിയർ ലീഗ് പോരാട്ടത്തിൽ കന്നി കിരീടം സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആരാധകർ. കഴിഞ്ഞ പതിനാറ് വർഷമായി പുരുഷ ടീമിന് കഴിയാത്ത നേട്ടം തങ്ങളുടെ രണ്ടാം സീസണിൽ തന്നെ നേടയത് ആഘോഷിക്കുകയാണ് ആർസിബി ഫാൻസ്. സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചാണ് സ്മൃതി മന്ദാനയും സംഘവും ടീമിന് കന്നി കിരീടം സമ്മാനിച്ചത്. കിരീട നേട്ടത്തിന് ശേഷമുള്ള ടീം അംഗങ്ങളുടെ ആഘോഷങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.
എന്നാൽ ആർസിബിയുടെ കിരീടവുമായി നിൽക്കുന്ന ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ആ സുന്ദരൻ ആരാണെന്ന ചോദ്യം ഉയർത്തുകയാണ് ആരാധകർ. സ്മൃതിയുടെ ബോയ് ഫ്രണ്ടാണോ, സഹോദരനാണോ സുഹൃത്താണോ എന്നിങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്. മുൻ ആർസിബി താരം കൂടിയായ യുസ്വേന്ദ്ര ചാഹലും സ്മൃതിയും യുവാവും കൂടി നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
എന്നാൽ ആരാണ് ആ ചെറുപ്പക്കാരനെന്ന അന്വേഷണം ആരാധകരെ കൊണ്ടെത്തിച്ചത് ബോളിവുഡിലാണ്. ബോളിവുഡ് ഗായിക പലാക് മുഛലിന്റെ സഹോദരൻ പലാഷ് മുഛലാണ് സ്മൃതിയുടെ കൂടെ നിൽക്കുന്ന സുന്ദരൻ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇതുവരെ ഇരുവരും സ്ഥിരീകരണം നൽകിയിട്ടില്ല. നേരത്തെയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പലാഷിന്റെ പിറന്നാൾ ആഘോഷത്തിന് സ്മൃതി എത്തിയ വീഡിയോ ഇതുപോലെ മുമ്പ് വൈറലായിരുന്നു.
ഗായകനും സംഗീത സംവിധായകനുമായ പലാഷ് സീ ഫൈവിൽ സംപ്രേഷണം ചെയ്ത അർത്ഥ് എന്ന വെബ് സീരിസും സംവിധാനം ചെയ്തിട്ടുണ്ട്. ആർസിബി കിരിടം നേടിയതിന് പിന്നാലെ ഹൃദയത്തിന്റെ ഇമോജിക്കൊപ്പം ഈ സാല കപ്പ് നമുദു എന്ന് പലാഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് ആരാധകരുള്ള താരമാണ് സ്മൃതി മന്ദാന. മനോഹരമായ ബാറ്റിങ്ങും സുന്ദരമായ പുഞ്ചിരിയുമാണ് സ്മൃതിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ഒരുകാലത്ത് ഇന്ത്യൻ യുവാക്കളുടെ ഫേസ്‌ബുക്ക് സ്റ്റോറികളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലുമെല്ലാം നിറഞ്ഞുനിന്നത് സ്മൃതിയായിരുന്നു.
കോവിഡ് കാലത്ത് മത്സരങ്ങൾ നടക്കാതിരുന്നപ്പോൾ സ്മൃതി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. അന്ന് സ്മൃതിയോട് പ്രണയത്തെ കുറിച്ചും ഭാവി ഭർത്താവിനെ കുറിച്ചുമെല്ലാമാണ് അധികപേരും ചോദിച്ചത്. 'നിങ്ങളുടെ ജീവിതപങ്കാളിയാകാനുള്ള മാനദണ്ഡം എന്താണ്' എന്ന ചോദ്യത്തിന് അയാൾ തന്നെ സ്നേഹിക്കണം എന്നായിരുന്നു താരത്തിന്റെ ഉത്തരം.
സ്മൃതിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പലാഷ് കുറിച്ചത് '4' എന്നാണ്. ഇതിന് താഴെ ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് നാല് വർഷമായി എന്നതാണ് പലാഷ് ഈ പോസ്റ്റ്കൊണ്ട് ഉദ്ദേശിച്ചതെന്നും ആരാധകർ പറയുന്നു. അന്ന് ആ ചിത്രത്തിന് താഴെ കമന്റ് ചെയ്ത നടൻ രാജ്പാൽ യാദവ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നു.
സ്മൃതിപലാഷ് എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഒരുമിച്ചുപോയ യാത്രയിൽ നിന്നെടുത്ത ചിത്രങ്ങളുമെല്ലാം ഇതിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയുടെ ആരാധകരാണ് ഈ അക്കൗണ്ടിന് പിന്നിൽ.
പ്രൊഫഷണൽ ഗായകനും സംഗീത സംവിധായകനുമാണ് പലാഷ്. സീഫൈവിൽ സംപ്രേഷണം ചെയ്ത അർഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാൽ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാൽകെ പുരസ്‌കാരവും പലാഷ് നേടി. ബോളിവുഡിലെ മുൻനിര ഗായികയായ പലക് നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്.