- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർസിബി വനിതാ കിരീടം നേടിയതിന് പിന്നാലെ കോലിപ്പടയെ ട്രോളി രാജസ്ഥാൻ
ജയ്പൂർ: വനിതാ പ്രീമിയർ ലീഗ് കിരീടം സ്മൃതി മന്ദാനയും സംഘവും നേടിയതിന്റെ ആഘോഷത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകർ. അതേ സമയം വനിതാ ടീം കിരീടം നേടിയതിൽ വിരാട് കോലിയെയും സംഘത്തെയും ട്രോളി സോഷ്യൽ മീഡിയ പോര് തുടങ്ങിവെച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. 16 വർഷമായി ഐപിഎല്ലിൽ കിരീടമില്ലാതിരുന്ന ആർസിബിക്കായി വനിതകൾ കിരീടം നേടിയതിനെ അഭിനന്ദിക്കുന്നതിനൊപ്പം പുരുഷ ടീമിനെ കളിയാക്കിയാണ് രാജസ്ഥാൻ ട്വീറ്റ് ചെയ്തത്.
ആർസിബിയുടെ വലിയ കാത്തിരിപ്പിന് വിരാമമിട്ട പെൺ നിരക്ക് അഭിനന്ദന പ്രവാഹമാണ്. ഐപിഎല്ലിലെ മിക്ക ടീമുകളും തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിലൂടെ ആർസിബി വനിതാ ടീമിന് അഭിനന്ദനം നേർന്നു. എന്നാൽ ഇതിൽ രാജസ്ഥാൻ റോയൽസിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ആർസിബി പുരുഷ ടീമിനെ ട്രോളിക്കൊണ്ടാണ് രാജസ്ഥാൻ വനിതാ ടീമിനെ അഭിനന്ദിച്ചത്. ഇതാണ് വൈറലായിരിക്കുന്നത്.
Congrats, @RCBTweets ???????? pic.twitter.com/j0cAaNe12R
— Rajasthan Royals (@rajasthanroyals) March 17, 2024
ഗ്യാസ് കുറ്റിയെടുക്കാൻ പുരുഷൻ ശ്രമിക്കുമ്പോൾ സാധിക്കുന്നില്ല. എന്നാൽ ഒരു സ്ത്രീ ഗ്യാസ് കുറ്റി അനായാസം എടുത്തുകൊണ്ടുപോകുന്ന ചിത്രം പങ്കുവച്ചാണ് രാജസ്ഥാൻ ആർസിബി വനിതാ ടീമിനെ പ്രശംസിച്ചത്. ഇതാണ് ആരാധകർ ഏറ്റെടുത്തത്. രാജസ്ഥാൻ അഡ്‌മിനെക്കൊണ്ടേ ഇത്തരം ട്രോളുകൾ നടത്താനാവുകയുള്ളൂവെന്നാണ് ആരാധകർ പറയുന്നത്. ഇത് സഞ്ജു പറഞ്ഞുകൊടുക്കുന്നത് ആണോയെന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം.
അഭിനന്ദനങ്ങൾ ആർസിബി എന്ന് കുറിച്ച രാജസ്ഥാൻ ടിവി ഹാസ്യപരമ്പരയായ തരക് മെഹ്ത്താ ക് ഉൾട്ടാ ചഷ്മയിലെ ഗ്യാസ് സിലണ്ടർ ഉയർത്തുന്ന രംഗമാണ് ട്രോളായി പങ്കുവെച്ചത്. പുരുഷ കഥാപാത്രം ഗ്യാസ് സിലിണ്ടർ പൊക്കാൻ കഴിയാതെ നിൽക്കുമ്പോൾ സ്ത്രീ കഥാപാത്രം വന്ന് അനായാസം ഗ്യാസ് സിലിണ്ടറെടുത്ത് ഒക്കത്തുവെച്ച് നടന്നുപോകുന്ന രംഗം പങ്കുവച്ചാണ് രാജസ്ഥാൻ റോയൽസ് ആർസിബി വനിതകളെ അഭിനന്ദിച്ചത്.
എന്നാൽ രാജസ്ഥാന്റെ തമാശ ആർസിബി ആരാധകർക്ക് അത്ര പിടിച്ചിട്ടില്ല. ഈ ട്വീറ്റ് ബുക്മാർക്ക് ചെയ്ത് വെച്ചോളാൻ ആർസിബി അഡ്‌മിനോട് ആവശ്യപ്പെട്ട ആരാധകർ ഇതിനുള്ള മറുപടി വൈകാതെ തരുമെന്നും കുറിച്ചു. മറ്റു ചിലരാകട്ടെ കുറച്ചു കൂടി രൂക്ഷമായാണ് പ്രതീകരിച്ചത്. എന്തായാലും ഒത്തുകളിയുടെ പേരിൽ അവരെ വിലക്കിയിട്ടൊന്നുമില്ലല്ലോ എന്നാണ് ചിലർ മറുപടി നൽകിയത്.
എന്തായാലും രാജസ്ഥാൻ റോയൽസിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. അതേ സമയം ചെന്നൈ സൂപ്പർ കിങ്സ് ആർസിബി വനിതാ ടീം കപ്പുമായി ആഘോഷം നടത്തുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മിക്ക ടീമുകളും, പ്രമുഖരും ആർസിബി വനിതാ ടീമിന്റെ നേട്ടത്തെ അഭിനന്ദിച്ചിട്ടുണ്ട്. ഫൈനലിൽ ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ആർസിബി വിജയം നേടിയെടുത്തത്.
ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഡൽഹി 18.3 ഓവറിൽ 113 റൺസിന് ഓൾ ഔട്ടായപ്പോൾ ബാംഗ്ലൂർ 19.3 ഓവറിൽ ലക്ഷ്യത്തിലെത്തി. 2009, 2011, 2016 സീസണുകളിൽ ഫൈനലിലെത്തിയെങ്കിലും ആർസിബിക്ക് കിരീടപ്പോരാട്ടത്തിൽ കാലിടറിയിരുന്നു. 2020, 2021 സീസണുകളിൽ പ്ലേ ഓഫിലെത്തിയെങ്കിലും ആർസിബിക്ക് ഫൈനലിലെത്താനായില്ല. 22ന് തുടങ്ങുന്ന ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ആണ് ആർ സി ബിയുടെ ആദ്യ മത്സരം.
ഇത്തവണ ഐപിഎല്ലിൽ കപ്പടിക്കാനായില്ലെങ്കിൽ ആർസിബിയുടെ പുരുഷ ടീമിന് വലിയ ട്രോളുകൾ നേരിടേണ്ടി വന്നേക്കും. 16 സീസൺ കളിച്ചിട്ടും പുരുഷ ടീമിന് കിരീട ഭാഗ്യമുണ്ടായില്ല. ഇത്തവണയെങ്കിലും ഭാഗ്യം ടീമിനെ കടാക്ഷിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.