- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിത് ശർമയെ എന്തിന് മാറ്റിയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ മാർക്ക് ബൗച്ചർ
മുംബൈ: മുംബൈ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രോഹിത് ശർമയെ എന്തിന് മാറ്റിയെന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ മുംബൈ പരിശീലകൻ മാർക്ക് ബൗച്ചർ. മുംബൈ ക്യാപ്റ്റായശേഷം ആദ്യമായി വാർത്താ സമ്മേളനത്തിനെത്തിയ ഹാർദ്ദിക് പാണ്ഡ്യക്കൊപ്പം എത്തിയതായിരുന്നു മാർക്ക് ബൗച്ചർ. രോഹിത് ശർമയെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റാൻ ടീം മാനേജ്‌മെന്റ് പറഞ്ഞ ഒരു കാരണം എന്താണെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഉത്തരം പറയാനായി ബൗച്ചർ മൈക്ക് കൈയിലെടുത്തെങ്കിലും ഒന്നും പറയാതെ തലയാട്ടുകയായിരുന്നു. ഉത്തരമാണ് വേണ്ടതെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോഴും ബൗച്ചർ തലയാട്ടൽ തുടർന്നു. സമീപത്ത് ഹാർദ്ദിക് പാണ്ഡ്യ ചെറു ചിരിയോടെ ഇരിക്കുന്നുണ്ടായിരുന്നു.
മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്ത് 63 ദിവസമായിട്ടും മുൻ നായകൻ രോഹിത് ശർമയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്ന ഹാർദ്ദിക് പാണ്ഡ്യയുടെ തുറന്നു പറച്ചിലും ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തശേഷം രോഹിത്തിനോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറയാം. രോഹിത് തിരക്കിലും യാത്രയിലുമായതിനാൽ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മുംബൈ ഇന്ത്യൻസ് ക്യാംപിലെത്തിയശേഷം സംസാരിക്കുമെന്നും ആയിരുന്നു ഹാർദ്ദിക്കിന്റെ പ്രതികരണം.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കുന്നതിൽ അസ്വാഭാവികയൊന്നുമില്ലെന്നും ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു. സഹായിക്കാൻ രോഹിത് എപ്പോഴും കൂടെയുണ്ടാവുമെന്നും സഹായം ആവശ്യമുണ്ടെങ്കിൽ രോഹിത്തിനോട് ചോദിക്കുമെന്നും മുംബൈ നായകനായശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനത്ത് എന്നെ സഹായിക്കാൻ രോഹിത് എല്ലായപ്പോഴും ഉണ്ടാവുമെന്നുറപ്പാണ്. സഹായം ആവശ്യമുണ്ടെങ്കിൽ ഞാനദ്ദേഹത്തോട് ചോദിക്കും. അദ്ദേഹം ഇന്ത്യൻ ടീം ക്യാപ്റ്റനാണ്. അതും ക്യാപ്റ്റനെന്ന നിലയിൽ എനിക്കും ടീമിനും അത് ഗുണമെ ചെയ്യു. അദ്ദേഹത്തിന് കീഴിൽ നേടിയതെല്ലാം നിലനിർത്താനും തുടരാനുമാണ് ക്യാപ്റ്റനെന്ന നിലയിൽ ഞാനും ശ്രമിക്കുന്നത്.
എനിക്ക് കീഴിൽ അദ്ദേഹം കളിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല,അത് ടീമിനകത്ത് യാതൊരു വ്യത്യാസവും വരുത്തില്ല. സത്യം പറഞ്ഞാൽ അത് പുതിയൊരു അനുഭവമായിരിക്കും. കാരണം, എന്റെ കരിയറിൽ എല്ലായ്‌പ്പോഴും ഞാൻ അദ്ദേഹത്തിന് കീഴിലാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്ന എന്റെ ചുമലിൽ പിടിക്കാൻ അദ്ദേഹത്തിന്റെ ഒരു കൈ എപ്പോഴുമുണ്ടാകുമെന്ന് എനിക്കറിയാം-ഹാർദ്ദിക് പറഞ്ഞു.
രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിലുയർന്ന ആരാധകരുടെ പ്രതിഷേധത്തെക്കുറിച്ചും ഹാർദ്ദിക് മറുപടി നൽകി. ആരാധകരുടെ ഭാഗത്തു നിന്ന് പ്രതിഷേധമുണ്ടായത് ശരിയാണ്. ആരാധകരെ ഞങ്ങൾ ബഹുമാനിക്കുന്നു. അതേസമയം, ഇത് സ്‌പോർട്‌സാണ്. ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ച് മാത്രമെ ചിന്തിക്കുന്നുള്ളു. ആരാധകരോട് എനിക്ക് വലിയ കടപ്പാടുണ്ട്. അവർക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. അവരുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. അതേസമയം, ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് ടീമിന്റെ ശ്രദ്ധയെന്നും ഹാർദ്ദിക് പറഞ്ഞു.
കഴിഞ്ഞ വർഷം അസാധാരണ നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദ്ദിക് പാണ്ഡ്യയെ ടീമിൽ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യൻസ് പിന്നീട് രോഹിത്തിന് പകരം നായകനായി പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ആണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.